കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര 12ന് ജില്ലയില്‍ എത്തിച്ചേരുമ്പോള്‍ പാതയോരങ്ങളും സമ്മേളന നഗരികളും വൃത്തിയാക്കാന്‍ പ്രത്യേക പ്രവര്‍ത്തക സംഘത്തെ നിശ്ചയിച്ചതായി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അറിയിച്ചു. ജില്ലാ കമ്മറ്റി അംഗം വി. ശിവദാസിന്റെ നേതൃത്വത്തിലുള്ള 250 യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ശുചീകരണം നടത്തുന്നത്.
പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ച രണ്ടുലക്ഷത്തോളം കുടിവെള്ള പാക്കറ്റുകള്‍ യാത്രയ്‌ക്ക് ഉപയോഗിക്കേണ്ടിവരും. ഈ പ്ലാസ്റ്റിക് കൂടുകള്‍, വിവിധ പോയിന്റുകളില്‍ വിതരണം ചെയ്യുന്ന ലഘുഭക്ഷണങ്ങളുടെ പാക്കറ്റുകള്‍ ഇവയെല്ലാം യാത്ര കടന്നുപോകുന്ന ഉടന്‍തന്നെ വൃത്തിയാക്കും. ജാഥയുടെ ഏറ്റവും പിന്നിലായി മാലിന്യ ശേഖരണ വാഹനവും നൂറോളം വാളന്റിയര്‍മാരും ഉണ്ടാകും. ബക്കറ്റുകളില്‍ ശേഖരിക്കുന്ന മാലിന്യം വാഹനത്തിലാക്കി സംസ്‌ക്കരണ ശാലയിലെത്തിച്ച് നശിപ്പിക്കും. സ്വീകരണ സമ്മേളനങ്ങള്‍ നടക്കുന്ന കടുത്തുരുത്തി, നാഗമ്പടം നെഹൃസ്റ്റേഡിയം, പദയാത്ര ആരംഭിക്കുന്ന ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലെ മാലിന്യനീക്കത്തിന് പ്രത്യേക സംഘങ്ങളെയാണ് നിശ്ചയിച്ചിട്ടുള്ളത്.
സമ്മേളന സ്ഥലങ്ങള്‍, പദയാത്ര തുടങ്ങുന്ന സ്ഥലം, യാത്ര കടന്നുപോകുന്ന ഓരോ അരകിലോമീറ്റര്‍ കഴിഞ്ഞുള്ള പോയിന്റുകള്‍ എന്നിവിടങ്ങളിലെല്ലാം കുടിവെള്ള വിതരണം ഉണ്ടാകും.
















