പേട്ട: അശരണരായ രാഖിക്കും രാജേഷിനും സഹായഹസ്തവുമായി ബിജെപി. ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് നിയമ ചട്ടങ്ങള്‍ക്കുളളില്‍ വീട് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ് പറഞ്ഞു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് വയ്യാമൂലയിലെ ഇടിഞ്ഞുതകര്‍ന്ന രാഖിയുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
നാല് ഇരുമ്പ് പൈപ്പുകളില്‍ താങ്ങി നില്ക്കുന്ന ഷീറ്റ് പാകിയ മേല്‍ക്കൂരയ്‌ക്കുളളില്‍ ഇടിഞ്ഞുതകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍. ഇതിനിടയില്‍ ചിതറികിടക്കുന്ന വീട്ടുപകരണങ്ങള്‍, തുണിക്കെട്ടുകള്‍. പതിമൂന്ന് വര്‍ഷം മുമ്പ് അമ്മ സരസ്വതിയും ഏഴുമാസംമുമ്പ് അച്ഛന്‍ മുരുകനും ഇവര്‍ക്ക് നഷ്ടമായി. വൃക്കരോഗം ബാധിച്ച് ചികിത്സിക്കാന്‍ വകയില്ലാതെയാണ് അച്ഛന്‍ മരിച്ചത്. സഹോദരന്‍ രാജേഷും വൃക്കരോഗ ബാധിതനാണ്. എതാനും മാസങ്ങളായി സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് സഹോദരന്റെ ജീവന്‍ നിലനില്ക്കുന്നതെന്ന് രാഖി പറഞ്ഞു. ആറ് വര്‍ഷം മുമ്പ് വീട് തകര്‍ന്നതോടെ ധനസഹായത്തിനായി അപേക്ഷിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഒരുവര്‍ഷം മുമ്പ് കേന്ദ്രഭവനനിര്‍മാണപദ്ധതിയുടെ ഭാഗമായി നഗരസഭയ്‌ക്ക് അപേക്ഷ നല്കി. നഗരസഭ പുറത്തിറക്കിയ അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ പേരുവന്നെങ്കിലും പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നുവെന്നും രാഖി പറഞ്ഞു.
പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രം കോടിക്കണക്കിന് രൂപ നല്കുന്നുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാതെ ഇടതുസര്‍ക്കാര്‍ അന്യസംസ്ഥാനങ്ങള്‍ക്ക് വേണ്ടി മുതലക്കണ്ണുനീരൊഴുക്കുകയാണെന്ന് സുരേഷ് പറഞ്ഞു. ബിജെപി സംസ്ഥാനസമിതിയംഗം ശ്രീവരാഹം വിജയന്‍, തിരുവനന്തപുരം മണ്ഡലംപ്രസിഡന്റ് കെ. രാജശേഖരന്‍ എന്നിവരും ഉണ്ടായിരുന്നു.
















