തിരുവനന്തപുരം: രാഷ്‌ട്രപതിയുടെ കേരള സന്ദര്‍ശനവേളയില്‍ കായംകുളം ഹെലിപാഡില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു. പ്രതിപക്ഷ നേതാവിനെയും ആലപ്പുഴ എംപിയെയും ഉള്‍പ്പെടുത്തിയുള്ള ഒറ്റലൈന്‍ അപ്പിനുള്ള നിര്‍ദ്ദേശമാണ് സംസ്ഥാനസര്‍ക്കാര്‍ രാഷ്‌ട്രപതിയുടെ മിലിട്ടറി സെക്രട്ടറി മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രാഷ്‌ട്രപതിയുടെ മിലിട്ടറി സെക്രട്ടറി അംഗീകാരം നല്‍കിയത് രണ്ടു ലൈന്‍ അപ്പുകളായി സ്വീകരണത്തിന് അണിനിരക്കാനാണ്. ആദ്യത്തെ ലൈന്‍ അപ്പിന് ആറ് അടി വിട്ടായിരിക്കണം രണ്ടാമത്തെ ലൈനപ്പെന്ന് നിര്‍ദ്ദേശിച്ചിരുന്നു. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, മറ്റു രാഷ്‌ട്രതലവന്‍മാര്‍ തുടങ്ങിയ വിശിഷ്ടവ്യക്തികളുടെ സന്ദര്‍ശനവേളയില്‍ വാഹനവ്യൂഹം, സുരക്ഷ, സ്വീകരണം അടക്കമുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് വിധേയമായാണ് സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കുന്നതെന്നും അറിയിച്ചു.
















