വയലാര്‍ പുരസ്ക്കാരം നേടിയ ടി.ഡി.രാമകൃഷ്ണന്റെ നോവല്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി മലയാള നോവല്‍ പരീക്ഷണ രംഗത്തെ വ്യത്യസ്ത രചനയാണ്. രാമകൃഷ്ണന്റെ ആദ്യനോവല്‍ ആല്‍ഫയായിരുന്നു.
ഭാവുകത്വ പുതുമയുടെ സര്ഗബലംകൊണ്ടു നോവലിന്റെയും അതിന്റെ രൂപത്തേയും അഴിച്ചു പണിത രാമകൃഷ്ണന്റെ കൃതി ഫ്രാന്‍സിസ് ഇട്ടിക്കോര നിരവധി പുരസ്ക്കാരങ്ങള്‍ക്കൊപ്പം മലയാളത്തില്‍ വായനയുടെ പൂരംകൊണ്ടാടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ചരിത്രവും ഭാവനയും സമകാലീന യാഥാര്‍ഥ്യവും കൂട്ടിക്കുഴച്ചെഴുതിയ ഫ്രാന്‍സിസ് ഇട്ടിക്കോര അത്തരം പ്രമേയ പരിസരം കൊണ്ടു വരുന്നതിനുള്ള ഇവിടെത്തെ എഴുത്തുകാരുടെ ചഞ്ചലിപ്പ് എടുത്തു കളഞ്ഞ രചനയാണ്.
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയും ഫ്രാന്‍സിസ് ഇട്ടിക്കോരയെപ്പോലെ തന്നെ ചരിത്രത്തിന്റെയും ഭാവനയുടേയും രക്തവും മജ്ജയും കൊണ്ടെഴുതിയ നോവലാണ്. ശ്രീലങ്കയുടെ പശ്ചാത്തലത്തില്‍ തമിഴന്റെ ജീവിതവും പോരാട്ടവും ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ നോവലിന്റെ രചന. ചരിത്രവും ഭാവനയും ഏതെന്നു തിരിച്ചറിയാനാവാതെ യാഥാര്‍ഥ്യമായും ഭാവനപോലെയും വായനക്കാര്‍ക്ക് വേര്‍തിരിച്ചെടുക്കാം.
പക്ഷേ ഇതില്‍ പറയുന്ന സംഭവങ്ങളെല്ലാം വിദൂരമായ കാലത്തു സംഭവിച്ചതല്ലാത്തതിനാല് ഇന്നു നടക്കുന്നതോ ഇന്നലെ നടന്നതോ ആയി വിശ്വസിക്കാനാവും. ചരിത്രത്തിന്റെ ഭാരമില്ലാതെ ഭാവനയുടെ സ്വാഭാവിക ഒഴുക്കോടെ വായിച്ചെടുക്കാനാവുന്ന രചന. ഇത് ചിന്തകളെ ദീര്ഘദൂരംകൊണ്ടു പോകുന്നു. ഒരു ജനതയുടെ വിശ്വാസങ്ങളും ജീവിതത്തിന്റെ നിലനില്‍പ്പുമാണ് ഇതില്‍. പ്രധാനമായും മൂന്നു സ്ത്രീ കഥാപാത്രങ്ങളിലൂടെ വികസിക്കുന്നതാണ് ഇതിന്റെ പ്രമേയം. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിനുശേഷമുള്ള സംഭവങ്ങളാണ് ഇതിലെ ഉള്ളടക്കം.
ഫ്രാന്‍സിസ് ഇട്ടിക്കോര വിദൂരമായ ചരിത്രത്തെ തഴുകിക്കൊണ്ട് നീങ്ങുന്ന ഭാവനയുടെ കൂടിച്ചേരലാണ്. പല നൂറ്റാണ്ടുകളുടെ ചരിത്രവും സമകാലീനാവസ്ഥയും കൂടിച്ചേര്‍ന്നുണ്ടായ മറ്റൊരു ചരിത്രം. അത് എഴുത്തുകാരന്റെ പേനയൊരുക്കുന്ന ചരിത്രമാണ്. ഈ കൃതിയിലെ പഴയ ചരിത്രത്തെക്കാള്‍ പുതിയതും സമകാലീനവുമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയിലെ ചരിത്രം എന്നത് വായനക്കാരെ കൂടുതല്‍ ആ കാലത്തേക്കു നയിക്കാന്‍ പെട്ടെന്നാവും.
ഭാഷയുടെ പരിമിതികളെ വായ്ത്താരികൊണ്ടു ലംഘിച്ച് സ്വാഭാവികമാക്കാനും അതുവഴി കേന്ദ്രീകൃതമായ കാര്യങ്ങള്‍ വ്യക്തമാക്കപ്പെടാനും സാധ്യമാകുന്നുണ്ട്. വിവിധ മിത്തുകള്കൊണ്ടാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ മെനഞ്ഞെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: