കളമശ്ശേരി: സ്വന്തമായി ഒരു വഴി പോലുമില്ലാതെ കളമശ്ശേരി റെയില്‍വേ സ്റ്റേഷന്. അഞ്ച് പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന റെയില്‍വേ സ്റേഷനിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനോ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഡെമു സര്‍വീസുകള്‍ നിര്‍ത്തിയതോടെ യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു.
കളമശേരി റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗം ദേശീയ പാതയും കിഴക്ക് ഭാഗം എന്‍എഡി റോഡുമാണ് ഉള്ളത്. എന്നാല്‍ ദേശീയപാതയിലെ മെട്രോ തൂണ് 228 ന് സമീപമുള്ള വഴി റെയില്വേയിലേക്കാണെന്ന് ഇതുവഴി കടന്ന് പോകുന്നവര്‍ക്ക് അറിയില്ല. മാത്രമല്ല ഇവിടെ ആദ്യം ഉണ്ടായിരുന്ന സൂചനാ ബോര്‍ഡും കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി എടുത്തു മാറ്റി. ഗോഡൗണുകളും കുറ്റിക്കാടുകളും മാത്രമുള്ള ഇവിടേക്ക് പകല്‍പോലും വരാന്‍ സ്ത്രീകളും കുട്ടികളും പേടിക്കുകയാണ്. റെയില്‍വേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പ് പ്രീമിയര്‍ സ്റ്റോപ്പാണ്. മെട്രോ സ്റ്റേഷനും ഇവിടെത്തന്നെയാണ്. അര കിലോമീറ്റര്‍ നടന്നാലെ അവിടെയെത്താനാകൂ. ഇവിടെ നിന്ന് നടന്ന് പോകാന്‍ സൗകര്യപ്രദമായ വഴി ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചരക്ക് ഗതാഗതം വഴി വരുമാനം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് കളമശ്ശേരി. മാസം മൂന്ന് കോടി രൂപ വരെയാണ് വരുമാനം. എന്നാല്‍ ദേശീയ പാതയില്‍ നിന്ന് കയറി വരാന്‍ സ്വന്തമായി വഴി പോലും ഇല്ല. നിലവില്‍ ഫാക്ട് ഗോഡൗണ്‍ വഴിയാണ് ഈ ഭാഗത്തേക്ക് വാഹനങ്ങളും യാത്രക്കാരും വരുന്നത്. വഴിവിളക്കുകകള് ഇല്ലാത്തതും ട്രെയിന്‍ യാത്രക്കാര്‍ക്ക് ദുരിതമാണ്. അതേ സമയം യാത്രക്കാരുടെ ആവശ്യങ്ങളും പരാതികളും ഉന്നത ഓഫീസുകളിലേക്ക് അറിയിക്കാറുണ്ടെന്ന് റെയില്‍വേയുടെ സ്റ്റേഷന് സൂപ്രണ്ട് എം. ബാലചന്ദ്രന് പറഞ്ഞു. മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി റെയില്‍വേ ബോര്‍ഡുകള്‍ എടുത്ത് മാറ്റിയെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പുന:സ്ഥാപിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: