പാലാ: മദ്യലഹരിയില്‍ അഴിഞ്ഞാടിയ വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പാലാ അരുണാപുരത്തെ ചെറുതോടിന്റെ കരയിലായിരുന്നു സംഭവം. ചേര്‍പ്പുങ്കല്‍, കുറവിലങ്ങാട് ഭാഗത്തെ സ്‌കൂളുകളിലെ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളാണ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായത്. തോടിന്റെ തീരത്തിരുന്ന് മദ്യപിച്ച് ബഹളം വയ്‌ക്കുകയായിരുന്നു ഇവര്‍. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ഏറ്റുനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടികള്‍. ചിലര്‍ തോട്ടില്‍ കുളിക്കാനുള്ള ശ്രമത്തിലുമായിരുന്നു. പാലാ എസ്‌ഐ അഭലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരെ പോലീസ് വാഹനത്തില്‍ സ്റ്റേഷനിലെത്തിച്ചു. ലഹരിയിറങ്ങാനുള്ള പാനീയങ്ങള്‍ നല്‍കിയ ശേഷം പേരും വിലാസവും കുറിച്ച് വാങ്ങി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. സ്‌കൂള്‍ ബാഗുകളും മറ്റുമായാണ് എത്തി പാലായിലുള്ള മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങി പങ്കിട്ട് കുടിക്കുകയായിരുന്നത്രേ. രക്ഷിതാക്കളെയും കുട്ടികളെയും താക്കീത് ചെയ്തശേഷം പിന്നീട് വിട്ടയച്ചു.
















