കൊച്ചി: നിലംനികത്തലിനെതിരെ പരാതി പറയാനെത്തിയ പൊതു പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥരോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. കേരള ഹൈക്കോടതി പോലീസ് ലെയ്സന്‍ ഓഫീസറും ഇന്‍ഫോപാര്‍ക്ക് മുന്‍ സിഐയുമായ സാജന് സേവ്യര്‍, ഇന്‍ഫോപാര്‍ക്ക് മുന്‍ എസ്ഐയും ഇപ്പോള്‍ കണ്ണമാലി എസ്ഐയുമായ ത്രിദീപ് ചന്ദ്രന് എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. നവംബറില്‍ എറണാകുളത്ത് നടത്തുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന് ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദ്ദേശിച്ചു.
സംഭവത്തെക്കുറിച്ച് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. കാക്കനാട് ചിറ്റേത്തുകര മേക്കോത്ത് വീട്ടില്‍ ഷെരീഫിന്റെ പരാതിയിലാണ് നടപടി. 2016 ജനുവരി 30 നായിരുന്നു സംഭവം. ചിറ്റേത്തു കരയില്‍ നിലം നികത്തുന്നുണ്ടെന്നറിഞ്ഞ് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെത്തിയ ഷെരീഫിനെ സിഐയും എസ് ഐയും ചേര്‍ന്ന് വധശ്രമ കേസില്‍ പ്രതിയാക്കി. ഹൈക്കോടതിയില്‍ ഷെരീഫ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തെങ്കിലും പോലീസ് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം നിരസിച്ചു. ഷെരീഫിന്റെ അമ്മ നബീസ എറണാകുളം ഡപ്യൂട്ടി കമ്മീഷണര്‍ ഡോ.അരുള്‍ ബി. ക്യഷ്ണയ്ക്ക് നല്കിയ പരാതിയിലെ അന്വേഷണത്തിലാണ് കള്ളക്കേസാണെന്ന് തെളിഞ്ഞത്.
ഇതു സംബന്ധിച്ച് നടന്ന മൂന്ന് അന്വേഷണങ്ങളിലും നിരപരാധിയാണെന്ന് തെളിഞ്ഞെന്ന് ഷെരീഫ് കമ്മീഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം നല്കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഫോപാര്‍ക്ക് മജിസ്ട്രേറ്റ് കോടതി കേസ് അവസാനിപ്പിച്ചു. ചിറ്റേത്തുകര സ്വദേശികളായ രണ്ടുപേരുമായി ചേര്‍ന്ന് സി ഐയും എസ്ഐയും നടത്തിയ ഗൂഢാലോചനയാണ് കള്ളക്കേസെന്ന് ഷെരീഫ് പരാതിയില്‍ പറയുന്നു.
സംഭവസമയത്ത് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ഷെരീഫിന്റെ മാരുതി കാര്‍ പിടിച്ചിട്ടത് സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും കമ്മീഷന് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: