പൊന്‍കുന്നം: ഡിവൈഎഫ്‌ഐക്കാര്‍ അകാരണമായി മര്‍ദ്ദിച്ചെന്ന് ആരോപണം. പൊന്‍കുന്നം അക്ഷയാ സെന്ററിന് സമീപത്ത് വച്ച് ഇരുപതാംമൈല്‍ സ്വദേശിയായ അരീക്കല്‍ താഴെ വീട്ടില്‍ സുരേഷ് കെ.എസ്(49) നെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ രാവിലെ സുരേഷിന്റെ കാറും ഓട്ടോയും തമ്മില്‍ ഉരസിയിരുന്നു. അതിനെത്തുടര്‍ന്ന് ഉച്ചക്ക് സ്ഥലബ്രോക്കാറായ സുരേഷിനെ സ്ഥലം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. നടുറോഡില്‍ നടന്ന ആക്രമണം അറിഞ്ഞെത്തിയ പോലീസുകാരെയും മര്‍ദ്ദിച്ചെന്ന് ആരോപണമുണ്ട്. കല്ലുകൊണ്ടുള്ള ഇടിയില്‍ തലയ്‌ക്ക് പരിക്കേറ്റ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ പൊന്‍കുന്നം പോലീസ് കേസെടുത്തു.
















