മലമ്പുഴ:മലമ്പുഴ അണക്കെട്ടില്‍ നിന്നും മാസങ്ങളായി അനധികൃത മത്സ്യബന്ധനം നടത്തുന്നതായി ആരോപണമുയരുമ്പോഴും നടപടികള്‍ പ്രഹസനമാകുന്നു. ഇത്തരത്തില്‍ പിടിക്കുന്ന മത്സ്യങ്ങളാകട്ടെ വിറ്റഴിക്കുന്നത് സ്വകാര്യ വ്യക്തികള്‍ നടത്തുന്ന മത്സ്യ വിപണനശാലകളിലൂടെയും.
ദിവസവും രാത്രി 10 മണിക്കു ശേഷം ആനക്കല്ലിലുള്ള റിസര്‍വോയറിന്റെ പലഭാഗങ്ങളിലുമായി അനധികൃത മത്സ്യബന്ധനം നടക്കുമ്പോഴും നടപടിയെടുക്കേണ്ടവര്‍ കണ്ണടയ്ക്കുകയാണ്. മലമ്പുഴ റിസര്‍വോയറില്‍ നിന്നും ഫിഷറീസ് വകുപ്പിന്റെ തന്നെ മത്സ്യതൊഴിലാളികള്‍ പിടിക്കുന്ന മത്സ്യങ്ങള്‍ മലമ്പുഴയിലെ തന്നെ ഫിഷറീസിന്റെ മത്സ്യ വിപനണനശാല വഴിയാണ് വിറ്റഴിക്കേണ്ടതെന്നിരിക്കെ മത്സ്യത്തൊഴിലാളികളില്പ്പെട്ട ചിലരാണ് ഇതിന് ഒത്താശചെയ്യുന്നത്.
റിസര്‍വോയറില്‍ നിന്നും അനധികൃതമായി രാത്രി പിടിച്ചെടുക്കുന്ന മത്സ്യങ്ങളാണ് സ്വകാര്യ വ്യക്തികളുടെ സ്റ്റാളുകളിലേക്കെത്തിക്കുന്നത്. ഫിഷറീസിന്റെ സ്റ്റാളുകളില്‍ ഈടാക്കുന്ന വിലയുടെ മൂന്നിരട്ടിയിലധികം വില സ്വകാര്യ സ്റ്റാളുകളില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നുമുണ്ട്. മലമ്പുഴ മുതല്‍ കല്ലടിക്കോട്, മണ്ണാര്‍ക്കാട്, മലപ്പുറം വരെയുള്ള സ്വകാര്യ മത്സ്യ സ്റ്റാളുകളിലേക്കാണ് അനധികൃത മത്സ്യങ്ങള്‍ കടത്തുന്നത്.
അതേസമയം ഫിഷറീസിന്റെ മത്സ്യ വിപണശാലയില്‍ കരിമീന്‍, കട്ട്ല തുടങ്ങിയ വളര്‍ത്തുമീനുകളൊന്നും ആവശ്യക്കാര്‍ക്ക് മിക്കപ്പോഴും നല്‍കാറില്ലെന്നും ആക്ഷേപമുണ്ട്. പുഴമീനുകളായ പൊടിമീനുകളാണ് സര്‍ക്കാര്‍ വിപണശാലയിലൂടെ നാട്ടുകാരടക്കമുള്ളവര്‍ക്ക് ലഭിക്കുന്നത്. അനധികൃത മത്സ്യബന്ധനത്തിന് ഒത്താശ ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ നിരവധി തവണ ഫിഷറീസ് വകുപ്പ് താക്കീത് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരക്കാര്‍ക്കെതിരെ വകുപ്പില്‍ നിന്നും കര്‍ശന നടപടി സ്വീകരിക്കാത്തതാണ് അനധികൃത മത്സ്യബന്ധനം നിര്‍ബാധം തുടരാന്‍ കാരണം.
ഇതിനുപുറമെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ന്യായവിലക്ക് വില്‍പ്പന നടത്തുന്ന വിവിധയിനം മത്സ്യങ്ങളുടെ വില 50 രൂപ മുതല്‍ 65 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ മത്സ്യങ്ങളായ പരാല്, ചീക്, ആരാല പൊടിമീനുകള്ക്ക വില വര്‍ദ്ധിപ്പിച്ചതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു.
രാവിലെ അഞ്ച് മുതല്‍ എട്ടുവരെ ടോക്കണ്‍ നല്‍കുകയും എട്ടുമണിക്ക് ശേഷമാണ് ഫിഷറീസില്‍ മത്സ്യം വിതരണം നടത്തുന്നത്. ഇതില്‍ സ്ഥിരമായെത്തുന്നവരാണ് അഞ്ചും പത്തും ടോക്കണുകള്‍ എടുത്ത് മത്സ്യം വാങ്ങി ഇരട്ടി വിലയ്ക്ക് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ജനങ്ങള്‍ക്ക് ന്യായവിലക്ക് മത്സ്യം നല്‍കേണ്ട ഫിഷറീസ് വകുപ്പ് നേരിട്ട് നടത്തുന്ന വില്‍പ്പന കേന്ദ്രങ്ങളില്‍ ബൈലോ അനുസരിച്ചുള്ള വിലവര്‍ദ്ധനവാണ് നടപ്പാക്കേണ്ടതെന്നിരിക്കെ മുന്‍കൂര്‍ അറിയിപ്പില്ലാതെ മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഇരട്ടിയിലധികം വില ഈടാക്കുന്ന സാമൂഹിക പ്രതിബന്ധതിയില്ലാത്ത ഫിഷറീസിന്റെ നടപടി തികച്ചും അപലപനീയമാണ്.
ഇതിനായി പ്രദേശവാസികള്‍ ഒപ്പിട്ട ഹര്‍ജി മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, ഫിഷറീസ് മന്ത്രി, എന്നിവര്‍ക്കൊക്കെ നല്‍കിയിട്ടും നടപടികള്‍ കടലാസിലൊതുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: