തൃപ്പൂണിത്തുറ: നഗരസഭ ഷോപ്പിങ് കോംപ്ലക്സിന്റെ രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന മുറിക്കു തീപിടിച്ചു. മൂന്നു ബൈക്കു കത്തി നശിച്ചു. ഒരു കാര്‍ ഭാഗീകമായി കത്തിനശിച്ചു. മണിക്കൂറുകളോളം നഗരത്തില്‍ രൂക്ഷഗന്ധവും കണ്ണെരിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടു.
നഗരസഭയുടെ ഷോപ്പിങ് കോംപ്ലസിലെ സി ബ്ലോക്കിലെ കട പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45ന് രൂക്ഷമായ ഗന്ധമുണ്ടായെങ്കിലും എവിടെന്നാണെന്ന് വ്യക്തമായിരുന്നില്ല. കറുത്ത പുക ഉയരാന്‍ തുടങ്ങിയതോടെ ജനം പരിഭ്രാന്തരായി. മുറിയുടെ ഷട്ടര്‍ താഴിട്ടു പൂട്ടിയതും അതിനുള്ളില്‍ ക്ലോറിന്‍, ഫോഗിന് മരുന്നുകള്‍, ഫോഗിങ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ മാലിന്യ നിര്‍മാര്‍ജനത്തിന് നല്‍കാനുള്ള പ്ലാസ്റ്റിക് ബക്കറ്റുകള്‍ എന്നിവ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീ പിടിച്ചത്. ഓടി കൂടിയ ജനങ്ങള്‍ കത്തിക്കൊണ്ടിരുന്ന വാഹനങ്ങള്‍ വലിച്ചുമാറ്റി തീ അണച്ചു. ഷട്ടര്‍ അടഞ്ഞു കിടന്നതിനാല്‍ തീ അണയ്ക്കാനുള്ള ശ്രമം വിഫലമായി. ഇതിനിടയില്‍ ഷോപ്പിങ് കോംപ്ലസിലെ വാടകക്കാര്‍ എല്ലാം ഷട്ടര്‍ താഴ്ത്തി ഓടി രക്ഷപ്പെട്ടു.
ഷട്ടര്‍ അടഞ്ഞു കിടന്ന രാസവസ്തുക്കള്‍ സൂക്ഷിച്ച മുറിക്കുള്ളില്‍ നിന്നും ഒരു വര്‍ഷത്തിലധികമായി രൂക്ഷഗന്ധവും രാസവസ്തുക്കള്‍ ഒലിച്ചിറങ്ങുന്നുവെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭ അലംഭാവം കാണിക്കുകയാണുണ്ടായതെന്നും കെട്ടിടത്തിലെ കച്ചവടക്കാര്‍ പറയുന്നു. പഴക്കം ചെന്ന ക്ലോറിനും മറ്റു രാസവസ്തുക്കളും കൂടി ഉരുകി പുകഞ്ഞു തീ പിടച്ചതാണെന്നാണ് നിഗമനം.
തൃപ്പൂണിത്തുറയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് അടഞ്ഞു കിടന്ന ഷട്ടര്‍ വെള്ളം ചീറ്റിച്ചു തണുപ്പിച്ചതിനു ശേഷം പൊളിച്ചു നീക്കി. ഒരു മണിക്കൂറോളം കഠിനശ്രമം നടത്തിയാണ് നാലു ടാങ്ക് വെള്ളവും ഫോമും ഉപയോഗിച്ചാണ് തീ കൊടുത്തിയത്. തീ അണച്ചെങ്കിലും ഇപ്പോഴും നഗരത്തില്‍ കിലോമീറ്ററോളം രൂക്ഷഗന്ധവും കണ്ണെരിച്ചലും അനുഭവപ്പെട്ടു. പലരും വൈദ്യസഹായവും തേടി. തൃപ്പൂണിത്തുറ, തൃക്കാക്കര, ഗാന്ധിനഗര്‍, ബിപിസിഎല്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ യൂണിറ്റുകളാണ് തീ അണച്ചത്. ഹില്‍പാലസ് എസ്ഐമാരായ എസ്. സനലും വി.ബി. അനസിന്റെ നേതൃത്വത്തിലുള്ള പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. കെട്ടിടത്തിലെ സുരക്ഷാസംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്നു നാട്ടുകാര്‍ പറഞ്ഞു. നഗരസഭാധ്യക്ഷ ചന്ദ്രികാദേവി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: