പള്ളുരുത്തി (കൊച്ചി): ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കൗമാര കാല്പ്പന്തുരളുമ്പോള്, കാല്പന്ത് കളിയിലൂടെ ഭാരതീയ ദര്‍ശനങ്ങള്‍ക്കും, ആശയങ്ങള്‍ക്കും ലോകത്ത് സ്ഥിര പ്രതിഷ്ഠനേടിക്കൊടുത്ത മഹാനുഭാവനെ ഭാരതീയര്‍ സ്മരിക്കുന്നു. ഫുട്ബോള്‍ കളിയില്‍ മഹാത്മജി അഗ്രഗണ്യനായിരുന്നെന്ന് ഫിഫയും തുറന്ന് സമ്മതിക്കുന്നു. സാമൂഹ്യ സമത്വവും തുല്യനീതിയും നേടിയെടുക്കുന്നതിനായി അഹിംസയുടെ പാത സ്വീകരിക്കണമെന്ന ദര്‍ശനമാണ് ദക്ഷിണാഫിക്കയില്‍ മൂന്നിടങ്ങളിലായി രൂപം നല്കിയ ഫുട്ബോള്‍ ക്ലബുകളില്‍ ഗാന്ധി സ്വീകരിച്ചത്.
ഡര്ബന്, പ്രിറ്റോറിയ, ജോഹന്നസ്ബര്‍ഗ് എന്നിവിടങ്ങളില്‍ ഗാന്ധി രൂപീകരിച്ച ക്ലബുകള്‍ക്കെല്ലാം ചെറുക്കുന്നവര്‍ എന്നര്‍ത്ഥം വരുന്ന പാസീവ് റെസിസ്റ്ററ്റേഴ്സ് സോക്കര്‍ ക്ലബ് എന്നാണ് പേര് നല്‍കിയത്. ഡര്‍ബനിലെ പഴയ കോടതി മ്യൂസിയത്തിന്റെ ചുവരുകളില്‍ അന്നത്തെ ഫുട്ബോള്‍ ടീമിനൊപ്പം ഗാന്ധി നില്ക്കുന്ന ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. 1903ല്‍ മഹാത്മജിയുടെ നേതൃത്വത്തില്‍ സൗത്ത് ആഫ്രിക്കന്‍ അസോസിയേഷന് ഓഫ് ഹിന്ദു ഫുട്ബോള്‍ എന്ന ക്ലബിന് രൂപം കൊടുത്തു. ഇത് പിന്നീട് ഫുട്ബോള്‍ കായിക മേഖലയില്‍ നാഷണല്‍ ഫെഡറേഷനകളും ലീഗുകളും രൂപപ്പെടുന്നതിന് വഴിതുറന്നു. അതോടെ അന്ന് ദക്ഷിണാഫ്രിക്കയില്‍ അവഗണിക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരായ വിഭാഗങ്ങള്‍ക്കും ഫുട്ബോള്‍ കളിക്കാനുളള അവസരം കൈവന്നു. 1914ല്‍ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുളളവര്‍ ഏറ്റെടുത്തു. ബാപ്പുജി ഫുട്ബോള്‍ എന്ന കായിക വിനോദത്തിനായി പടുത്തുയര്‍ത്തിയ ക്ലബ് ഇന്നും സൗത്താഫ്രിക്കയിലെ ഡര്‍ബനില്‍ മഹാത്മജിയുടെ കാല്‍പ്പന്തുകളിയോടുളള അടങ്ങാത്ത അഭിനിവേശമായി നിലകൊളളുന്നു. സമൂഹത്തിലെ അസമത്വത്തിനും നീതികേടിനുമെതിരെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഗാന്ധിജി ഫുട്ബോളിനെ ഒരു മാധ്യമമായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ഫുട്ബോളിനോടുളള കടുത്ത താല്പര്യവും പ്രണയവുമാണ് കാണിക്കുന്നത്. മഹാത്മജി ഫുട്ബോളിലൂടെ മനുഷ്യനിലെ ആത്മവീര്യമുയര്‍ത്താന്‍ കഴിയുമെന്ന് മനസ്സിലാക്കി പ്രവര്‍ത്തിച്ച അഹിംസയുടെ വിപ്ലവകാരിയായിരുന്നു. എന്നാല്‍ ഇന്ത്യക്ക് ലോകഫുട്ബോളില് ഇടം കിട്ടാന്‍ വളരെ വൈകി. അതുപോലെ നമ്മുടെ രാജ്യത്തിന് വിശ്വ കപ്പ് ഫുട്ബോളിന് ആതിഥ്യമരുളാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: