മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി റൂട്ടില്‍ 40 കിലോ മീറ്ററോളം യാത്ര ചെയ്താല്‍ വട്ടവട പഞ്ചായത്തിലെ കോവിലൂരിലെത്താം. കോവിലൂരില്‍ നിന്ന് ഒന്നര കിലോ മീറ്റര്‍ അകലെയാണ് കൊട്ടാക്കമ്പൂര്‍ ഗ്രാമം. വട്ടവട പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കര്‍ഷകരാണ്.
കോടമഞ്ഞ് പെയ്തിറങ്ങുന്ന നിലങ്ങളില്‍ പച്ചക്കറി കൃഷിയിലൂടെ പൊന്ന് വിളയിക്കാമെന്ന് ഇവര്‍ കണ്ടെത്തിയിട്ട് പതിറ്റാണ്ടുകളായി. ക്യാരറ്റ്, വെളുത്തുള്ളി, ക്യാബേജ്, മരത്തക്കാളി,ബട്ടര്‍ ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന കൃഷികള്‍. തമിഴ് വംശജരാണ് ഗ്രാമവാസികള്‍. കെട്ടിലും മട്ടിലും എല്ലാം തമിഴ്നാട്ടിലെ ഉള്‍ഗ്രാമത്തില്‍ ചെന്ന പ്രതീതിയാണ് കൊട്ടാക്കമ്പൂരില്‍.
കൃഷി
വട്ടവട പഞ്ചായത്തിലെ രണ്ട്, നാല് വാര്‍ഡുകളിലായാണ് കൊട്ടാക്കമ്പൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രണ്ട് വാര്‍ഡുകളിലുമായി 300 വീടുകളുണ്ട്. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് പ്രധാന ഉപജീവനം. എല്ലാവരും കൃഷിക്കാരാണെന്ന് പറയുന്നതാകും ശരി. ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ കൃഷിടിയമുള്ളവരാണ് മിക്കവരും.പച്ചക്കറി കൃഷിയാണ് പ്രധാനം. വര്‍ഷത്തില്‍ മൂന്ന് തവണ കൃഷിയിറക്കും. ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീന്‍സ്, ക്യാരറ്റ്, ക്യാബേജ് എന്നിവയാണ് പ്രധാന വിളകള്‍.
വീട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ കൃഷിയിടത്തില്‍ വിളകള്‍ നടാനും പരിപാലിക്കാനും വിളവെടുക്കാനും ഉണ്ടാകും. കൃഷിയിടത്തില്‍ ആരും ചെരിപ്പ് ഉപയോഗിക്കില്ല. ഓരോ കൃഷിയിടത്തിലും ചെറിയ ക്ഷേത്രങ്ങളുണ്ട്. നടുന്ന വിത്തുകള്‍ പാകമായി വിളവെടുക്കാന്‍ സാഹചര്യമൊരുക്കുന്നത് ഈ ചെറുക്ഷേത്രങ്ങളില്‍ കുടികൊള്ളുന്ന മുനീശ്വരനും കറുപ്പ് സ്വാമിയുമാണെന്നാണ് ഗ്രാമീണരുടെ വിശ്വാസം.
ഭാഷ
ദ്രാവിഡ സംസ്കാരത്തിന്റെ പിന്മുറക്കാരാണ് ഗ്രാമക്കാര്‍. പരസ്പരം സംസാരിക്കുന്നത് തമിഴിലാണ്. മലയാളവും തമിഴും ഇടകലര്‍ന്ന ഭാഷയിലാണ് പുറത്തുനിന്നെത്തുന്നവരുമായി സംസാരിക്കുന്നത്. നന്നായി മലയാളം സംസാരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പുതുതലമുറയിലെ കുട്ടികള്‍ മലയാളം പഠിക്കുന്നതിനോടാണ് താല്പര്യം കാണിക്കുന്നതെന്ന് ഗ്രാമവാസിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശ്രീനിവാസന് പറയുന്നു.
വിദ്യാലയം
കൊട്ടാക്കമ്പൂരില്‍ നിന്നും തട്ടാമ്പാറ ഗ്രാമത്തിലേക്ക് പോകുന്നിടത്താണ് ഇവിടുത്തെ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതല്‍ നാല് വരെയാണ് ക്ലാസ്. 38 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണുള്ളത്. ഇരുപത് വര്‍ഷം മുമ്പ് ആരംഭിച്ച സ്കൂള്‍ മണ്ണ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂളിനായി പുതിയ കെട്ടിടം അനുവദിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ് ഗ്രാമക്കാര്‍.
ക്ഷേത്രങ്ങളുടെ ഗ്രാമം
കൊട്ടാക്കമ്പൂരില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. നിത്യപൂജയില്ലെങ്കിലും വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉത്സവത്തിനായുള്ള കരുതല്‍ ഇവരുടെ ദൈനംദിന ജീവിതത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമത്തിന്റെ നടുഭാഗത്താണ് ഗണപതി കോവില്‍. എതിര്‍വശത്തായി കാമാക്ഷിയമ്മന്‍ കോവില്‍ സ്ഥിതി ചെയ്യുന്നു.
മുകള്‍ഭാഗത്താണ് കറുപ്പ്സ്വാമിയുടെ ക്ഷേത്രം. കറുപ്പ്സ്വാമിയുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് തമിഴ്നാട്ടില്‍ നിന്നും മൂന്നാറില്‍ നിന്ന് നൂറുകണക്കിന് ആളുകളെത്താറുണ്ട്. ഗ്രാമത്തിലെ ഏറെ ജനപങ്കാളിത്തമുള്ള ഉത്സവമാണിത്. തട്ടാമ്പാറയ്ക്ക് പോകുന്നിടത്താണ് മാരിയമ്മന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്.
വിട്ടൊഴിയാത്ത ചൂഷണം
പച്ചക്കറി കൃഷി ചെയ്ത് നല്ല വിളവുല്‍പ്പാദിപ്പിക്കുമെങ്കിലും ഇവരുടെ ജീവിത സാഹചര്യം അത്ര സുരക്ഷിതമല്ല. പുറത്ത് നിന്നെത്തുന്ന കുത്തക വ്യാപാരികള്‍ നിസാരവിലയ്ക്ക് പച്ചക്കറി വാങ്ങിക്കൊണ്ട് പോകുന്നു. ഇങ്ങനെ വാങ്ങുന്ന പച്ചക്കറികള്‍ വ്യാപാരസ്ഥാപനങ്ങളിലെത്തിച്ച് നാലിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്.
വട്ടവടയില്‍ നിന്നും കൊട്ടാക്കമ്പൂരില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി ശേഖരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. പച്ചക്കറിക്ക് മെച്ചപ്പെട്ട വില ലഭ്യമാകാന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഭീഷണിയായി ഗ്രാന്റീസ് മരങ്ങളും
ഗ്രാമക്കാര്‍ക്ക് കൃഷിക്കായി മലമുകളില്‍ നിന്നും വെള്ളമെത്തുന്നുണ്ട്. ഗ്രാമത്തിന്റെ ഒരു ഭാഗത്ത് സര്‍ക്കാര്‍ ഭൂമിയിലും കൈയേറ്റ ഭൂമിയിലും വ്യാപകമയായി ഗ്രാന്റീസ് മരങ്ങള്‍ നട്ടിരിക്കുകയാണ്. ഗ്രാന്റീസ് മരങ്ങള്‍ കുടിവെള്ളമൂറ്റുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ വന്നു.
ഇതേ രീതിയില്‍ ഗ്രാന്റീസ് മരങ്ങള്‍ വളര്‍ന്നാല്‍ പത്ത് വര്‍ഷത്തിനകം കൊട്ടാക്കമ്പൂരില്‍ കുടിവെള്ളക്ഷാമമുണ്ടാകുമെന്നുറപ്പാണ്. ഈ തരിച്ചറിവില്‍ ആശങ്കാകുലരാണ് കര്‍ഷകര്‍.
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്
കുറിഞ്ഞി ഉദ്യാനവുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് കൊട്ടാക്കമ്പൂര്‍. ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം വന്നാല്‍ ഇവിടേയ്ക്ക് സഞ്ചാരികളെത്തും. ഈ സാഹചര്യത്തില്‍ കൊട്ടാക്കമ്പൂരിലെ ജനങ്ങള്‍ക്ക് കൃഷിയോടൊപ്പം ഇക്കൊ ടൂറിസം പദ്ധിതിക്കും സാധ്യത തെളിയും. ഈ സാഹചര്യങ്ങള്‍ ഗ്രാമക്കാര്‍ക്ക് ഉപയോഗപ്പെടുത്താനുതകുന്ന വികസന പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: