കളമശ്ശേരി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കിക്കോഫായതോടെ ടിക്കറ്റിനായി ആരാധകരുടെ നെട്ടോട്ടവും തുടങ്ങി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ടോടെ ടിക്കറ്റ് വില്പന അവസാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് കായിക പ്രേമികളാണ് ടിക്കറ്റ് ലഭിക്കാതെ മടങ്ങിയത്.
ടിക്കറ്റ് വിതരണത്തിലുള്ള അപാകമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആരാധകര്‍ ആരോപിക്കുന്നു. ടിക്കറ്റ് വില്പന പൂര്‍ണമായും ഫിഫയുടെ നിയന്ത്രണത്തിലാണ്. സൗജന്യ പാസുകള്‍ ഫിഫ നേരിട്ടാണ് നിയന്ത്രിക്കുന്നത്. കാണികളുടെയെണ്ണം നിയന്ത്രിക്കുന്നതിനുവേണ്ടിയാണിത്. വ്യാഴാഴ്ച ആകെ ഇരുന്നൂറോളം ടിക്കറ്റ് മാത്രമാണ് വില്‍പ്പന നടത്തിയത്. വില്‍പ്പന തുടങ്ങിയ ഉടന്‍ തന്നെ വിറ്റുതീരുകയും ചെയ്തു. മത്സരത്തിന്റെ തലേദിവസം വരെ ടിക്കറ്റ് വില്‍പ്പനയുണ്ടാകുമെന്നാണ് ഫിഫ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ സംഘാടകര്‍ വിശദീകരണം നല്‍കുന്നില്ല. 42,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തിന്റെ ശേഷി 32,000 ആക്കി ഫിഫ നിജപ്പെടുത്തിയിരുന്നു. സുരക്ഷ കാരണങ്ങള്‍ കാരണമാണ് സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി കുറച്ചതെന്ന് കരുതുന്നത്. എന്നാല്‍ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് വേദിയായ കൊച്ചിയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സീറ്റിങ് പരിധി നിശ്ചയിച്ചതെന്നും വ്യക്തമല്ല. ഐഎസ്എല്‍ മത്സരങ്ങള്‍ക്കിടയില്‍ ഇതുവരെ കാര്യമായ അക്രമസംഭവങ്ങളും കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് കൗണ്ടറിലൂടെ ടിക്കറ്റ് നല്‍കുന്നത്. ആദ്യ ദിവസത്തെ മത്സരങ്ങളുടെ ടിക്കറ്റ് വിറ്റുകഴിഞ്ഞു. ഇനിയുള്ളത് 10, 13 തീയതികളിലെ മത്സരങ്ങളുടെ ടിക്കറ്റ് മാത്രമാണെന്നും ഫിഫ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: