കാക്കനാട്: ഫ്ളാറ്റ് സമുച്ചയത്തിലെ കക്കൂസ് മാലിന്യം ഇടച്ചിറ തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെയുള്ള പരാതിയില്‍ ഫ്ളാറ്റ് നിര്‍മ്മതാവിനോട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമീഷന്. ഇന്ഫോപാര്ക്കിനു സമീപമുള്ള ഒലീവ് ഫ്ളാറ്റ് കോംപ്ലക്സ് ഉടമയോടാണ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. പരിസ്ഥിതി പ്രവര്ത്തകന് ടി. എന്‍. പ്രതാപന് നല്കിയ പരാതിയിലാണ് ഉത്തരവ്.
മുഴുവന്‍ ഫ്ളാറ്റുകളും വില്‍പ്പന നടത്തിയതിനാല്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ പ്രശ്നം പരിഹരിക്കുന്നില്ലെന്നാണ് താമസക്കാരുടെ പരാതി. എന്നാല്‍ ഫ്ളാറ്റുകള്‍ മുഴുവന്‍ വില്‍പ്പന നടത്തിയതിനാല്‍ റെസിഡന്റ് അസോസിയേഷനാണ് മാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് കെട്ടിട നിര്‍മ്മാതാവിന്റെ വാദം.
9,17 നിലകളുള്ള അഞ്ച് ഫ്ളാറ്റുകളിലും 21 വില്ലകളിലുമായി രണ്ടായിരത്തിലധികം ആളുകള്‍ താമസിക്കുന്ന സമുച്ചയങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം ഇടച്ചിറ തോട്ടിലും പരിസര പ്രദേശങ്ങളിലേക്കാണ് തുറന്ന് വിട്ടുന്നത്. കെട്ടിട സമുച്ചയങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതാണ് മാലിന്യം പൊതുസ്ഥങ്ങളിലേക്ക് ഒഴുകാന്‍ കാരണം. പൊട്ടിപൊളിഞ്ഞ് കിടക്കുന്ന സ്വീവേജ് പ്ലാന്റ് പുതുക്കി പണിയാന്‍ 20 ലക്ഷം രൂപ വേണ്ടി വരുമെന്ന് റെസിഡന്റ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ സ്വീവേജ് പ്ലാന്റ് പുതുക്കി പണിയാനുള്ള ഒരു വിഹിതം നല്‍കാമെന്ന നിലപാടിലാണ് നിര്‍മ്മാതാവ്.
കെട്ടിട സമുച്ചയങ്ങളിലെ കോമ്പൗണ്ടില്‍ നിന്നും കാന നിര്‍മ്മിച്ചാണ് സെപ്റ്റിക് ടാങ്ക് മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴുക്കുന്നത്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഫ്ളാറ്റിലെ മലിനജലം മുഴുവന്‍ ശുദ്ധീകരിക്കാന്‍ ശേഷിയില്ലാത്തവയാണ് സ്ഥാപിച്ചിരുന്നതെന്നാണ് പരാതി. സെപ്റ്റിക് ടാങ്കുകള്‍ പലതും പൊട്ടിയൊലിച്ച് മാലിന്യം അടുത്ത പറമ്പുകളിലേക്കും പരിസരത്തും വ്യാപിച്ചുകിടക്കുന്നതായി മുമ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: