പേരൂര്‍ക്കട: കേരളത്തില്‍ അഗ്നിശമന സേനയ്‌ക്ക് ആശ്വാസമായി റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ എന്‍ജിന്‍ എത്തി.
ഇന്ത്യന്‍ നിര്‍മ്മിതമായ ഈ അത്യാധുനിക സംവിധാനമുള്ള ഫയര്‍ എന്‍ജിന്‍ ഹൈദരാബാദില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്. തുടക്കമെന്ന നിലയില്‍ എറണാകുളം, ചാക്ക എന്നിവിടങ്ങളിലേക്ക് ഓരോ ഫയര്‍എന്‍ജിനുകളാണ് നല്‍കിയിരിക്കുന്നത്.
ചാക്ക ഫയര്‍സ്റ്റേഷന്‍ പരിസരത്ത് ഇതിന്റെ ഉദ്ഘാടനം ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ.തച്ചങ്കരി നിര്‍വ്വഹിച്ചു. ഇന്ത്യയിലെ മറ്റുസ്ഥലങ്ങളില്‍ വിജയകരമായി പ്രവര്‍ത്തനമുണ്ടെങ്കിലും ഈ റിമോട്ട് കണ്‍ട്രോള്‍ വാട്ടര്‍ബ്രൗസര്‍ ആദ്യമായാണ് അഗ്നിശമന സേനയ്‌ക്ക് സ്വന്തമാകുന്നത്.
12,000 ലിറ്റര്‍ കപ്പാസിറ്റിയുള്ളതാണ് ഈ ഫയര്‍എന്‍ജിന്‍. 60 അടിയാണ് ഇതിന്റെ ദൂരപരിധി. ഓപ്പറേറ്റ് ചെയ്യുന്നതിന് ഒരാള്‍ മാത്രം മതിയാകും. രണ്ടു മാസത്തിനുള്ളില്‍ 10 ഫയര്‍എന്‍ജിനുകള്‍ കൂടി കേരളത്തിനു സ്വന്തമായേക്കും. സാധാരണ മൂന്നു ഫയര്‍എഞ്ചിനുകള്‍ ആവശ്യമായി വരുന്ന സ്ഥലത്ത് പുതിയ അത്യാധുനിക ഫയര്‍ എന്‍ജിന്‍ ഒരെണ്ണം മാത്രം മതിയാകും.
പുതിയ ഫയര്‍എന്‍ജിന്‍ പ്രവര്‍ത്തനം വ്യാപകമാകുന്നതോടെ ജീവനക്കാരുടെ ജോലിഭാരം കുറയുമെന്നു മാത്രമല്ല, ജീവനക്കാരുടെ കുറവുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും ആകും. കൂടുതല്‍ ഫയര്‍എന്‍ജിനുകള്‍ എത്തുന്നതോടുകൂടി തീപിടിത്തം മൂലമുണ്ടാകുന്ന അത്യാഹിതങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കും.
















