തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍ വഴി പുതുതായി ക്ഷേമപെന്‍ഷന് അപേക്ഷിച്ചവര്‍ക്ക് അടുത്ത കാലത്തൊന്നും പെന്‍ഷന്‍ കിട്ടില്ലെന്ന് ഉറപ്പായി. അധിക സാമ്പത്തിക ബാധ്യത തത്ക്കാലം വേണ്ടെന്ന സര്‍ക്കാരിന്റെ രഹസ്യ തീരുമാനമാണ് ക്ഷേമപെന്‍ഷന് വിലക്കേര്‍പ്പെടുത്താന്‍ കാരണം.
കഴിഞ്ഞ മെയ് മുതലുള്ള അപേക്ഷകളാണ് തദ്ദേശസ്ഥാപനങ്ങളില്‍ തീരുമാനം കാത്തുകിടക്കുന്നത്. എല്ലാ പഞ്ചായത്തുകളിലുമായി അമ്പതിനായിരത്തിലേറെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായാണ് വിവരം. പഞ്ചായത്തുകളില്‍ നേരിട്ടും ഗ്രാമസഭകളും വാര്‍ഡ് മെമ്പര്‍മാരും വഴിയും നല്‍കിയ അപേക്ഷകളാണ് ഇവയെല്ലാം.
വിധവകള്‍, അര്‍ബുദ രോഗികള്‍, വയോധികര്‍ തുടങ്ങി നിരാലംബരുടെ അപേക്ഷകളാണ് അതാതു പഞ്ചായത്തുകളില്‍ സര്‍ക്കാരിന്റെ ദയ കാത്തു കിടക്കുന്നത്. പഞ്ചായത്തുകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ അര്‍ഹരായവരെ പഞ്ചായത്ത് ജനറല്‍ മീറ്റിങ്ങിലാണ് തീരുമാനിക്കുന്നത്. ജനറല്‍ മീറ്റിങ്ങില്‍ പാസാക്കിയ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടിക സാമൂഹ്യനീതി വകുപ്പിന്റെ സേവനപെന്‍ഷന്‍ എന്ന വെബ്‌സൈറ്റിലേക്ക് എന്‍ട്രി ചെയ്യും. പ്രത്യേക സോഫ്റ്റ്‌വെയറിലൂടെ കളക്ടറേറ്റില്‍ സൂക്ഷ്മപരിശോധന നടത്തി ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പാസാക്കും. കളക്ടറേറ്റില്‍ നിന്ന് പാസാക്കിയ തീയതി മുതല്‍ ഇവര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷനെത്തും.
അഞ്ച് മാസം മുന്‍പ് സേവന പെന്‍ഷന്‍ എന്ന വെബ് സൈറ്റ് കളക്ടറേറ്റില്‍ നിന്ന് ബ്ലോക്ക് ചെയ്തു. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അനുവദിച്ചിട്ടുള്ള രഹസ്യ കോഡ് ഉപയോഗിച്ചാണ് ഈ സൈറ്റ് ഓപ്പണ്‍ ചെയ്ത് ഗുണഭോക്തൃ പട്ടിക അയയ്‌ക്കാറുള്ളത്. ഇത് ബ്ലോക്ക് ചെയ്തതോടെ പഞ്ചായത്തുകള്‍ പാസാക്കിയ പട്ടിക സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ പഞ്ചായത്തുകള്‍ പെന്‍ഷന്‍ പാസാക്കിയെങ്കിലും ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ പണമെത്തില്ല.
വര്‍ഷങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരുന്ന ആയിരക്കണക്കിന് നിര്‍ധനരും പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി ആക്ഷേപമുണ്ട്. ആധാര്‍, അക്കൗണ്ട് വിവരങ്ങള്‍ പൂരിപ്പിച്ച് സത്യവാങ്മൂലം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചവരാണ് പെന്‍ഷന്‍ മുടങ്ങിയവരില്‍ ഭൂരിഭാഗവും. പഞ്ചായത്തിലെത്തി പെന്‍ഷന്‍ മുടങ്ങിയതിന്റെ കാരണം അന്വേഷിക്കുന്നവര്‍ക്ക് സൈറ്റ് ലഭ്യമല്ലാത്തതിനാല്‍ കൃത്യമായ മറുപടി നല്‍കാന്‍ ഉേദ്യാഗസ്ഥര്‍ക്കും കഴിയുന്നില്ല. മരുന്നിനും ഭക്ഷണത്തിനും പെന്‍ഷന്‍ മാത്രം ആശ്രയിച്ച് കഴിയുന്ന പാവങ്ങളെ ദ്രോഹിക്കുന്ന നടപടിയാണിത്.
















