ഇടുക്കി: രാജകുമാരി വില്ലേജിലെ ശങ്കരപാണ്ടിമേട്ടില്‍ വ്യാപക കൈയേറ്റം. എഴുപതേക്കര്‍ മേടിന്റെ ഒരുഭാഗമാണ് കൈയേറിയത്. കൈയേറിയ പ്രദേശത്ത് കാപ്പിയും ഗ്രാന്റീസും നട്ടിരിക്കുകയാണ്. പാലാ സ്വദേശി ഫ്രാന്‍സീസ് എന്നയാളാണ് ഭൂമി കൈയേറിയിരിക്കുന്നത്.
കൈയേറ്റക്കാരന് ശങ്കരപാണ്ടിമേടിന് സമീപം ഏലം എസ്റ്റേറ്റുണ്ട്. ഈ എസ്റ്റേറ്റിലെ ജോലിക്കാരെ ഉപയോഗിച്ചാണ് ഭൂമി കൈയേറ്റം നടത്തുന്നത്. കൈയേറിയ പ്രദേശത്തിന് പട്ടയം വാങ്ങിയെടുക്കാനുള്ള നടപടികള്‍ നടക്കുകയാണ്. ആനയിറങ്കല്‍ ഡാമിന്റെ എതിര്‍ഭാഗത്ത് നിന്ന് മൂന്ന് കിലോ മീറ്റര്‍ മണ്ണ് റോഡിലൂടെ യാത്ര ചെയ്താലേ ഈ പ്രദേശത്ത് എത്താന്‍ പറ്റൂ. ഈ പ്രദേശത്ത് നിന്നാല്‍ ആനയിറങ്കല്‍ ഡാമും വൃഷ്ടി പ്രദേശവും കാണാം. ഇക്കാരണത്താലാണ് കണ്ണായ പ്രദേശം കൈയേറിയിരിക്കുന്നത്.
റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേന അംഗങ്ങളും ഈ പ്രദേശത്ത് എത്തിയിട്ടില്ല. ഒരു സാഹചര്യത്തിലും ശങ്കരപാണ്ടി മേട്ടില്‍ പട്ടയം ലഭിക്കില്ലെന്ന് അറിയാമായിരുന്നിട്ടും രാഷ്‌ട്രീയ നീക്കത്തിലൂടെ സ്വാധീനം ഉപയോഗിച്ച് പട്ടയം വാങ്ങി വസ്തു സ്വന്തമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ദേവികുളം സബ്കളക്ടറുടെ പരിധിയില്‍പെടുന്ന പ്രദേശത്താണ് കൈയേറ്റം.
















