കോഴിക്കോട്: കോഴിക്കോടിനെ ബാലസൗഹൃദ ജില്ലയാക്കാന്‍ പദ്ധതി തയ്യാറാക്കി യതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. കുട്ടികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനും അവരെ ഉത്തമ പൗരന്മാരായി വളര്‍ത്തികൊണ്ടുവരുന്നതിനുമുള്ള സമഗ്ര ശിശുവികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അതിജീവനം(ആരോഗ്യം, ശുചിത്വം), വികസനം(പോഷകാഹാരം, വിദ്യാഭ്യാസം), സംരക്ഷണം (സാമൂഹ്യസുരക്ഷിതത്വം), പങ്കാളിത്തം(എല്ലാ മേഖലകളിലും കുട്ടികളുടെ പങ്കാളിത്തവും പശ്ചാത്തലസൗകര്യവും) എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ തൂണേരി, കുറ്റിയാടി, ചേറോട്, കോട്ടൂര്‍, കുന്ദമംഗലം, ചെങ്ങോട്ടുകാവ്, കടലുണ്ടി, ഉണ്ണികുളം, ബാലുശ്ശേരി, താമരശ്ശേരി എന്നീ പഞ്ചായത്തുകളിലും കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലും പ്രരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്തുകൊണ്ടുള്ള യോഗം 17ന് ചേരും. പദ്ധതിയുടെ ഭാഗമായി ജില്ല മുഴുവനായി കുട്ടികളുടെ സമഗ്ര വിവരശേഖരണം നടത്തും. ജില്ലാതല ബാലസൗഹൃദ പദ്ധതി തയ്യാറാക്കി ജില്ലാ പദ്ധതിയുമായി ബന്ധിക്കും. നവംബര്‍ 30നകം കിലയുടെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും. ഒരോ തദ്ദേശഭരണ സ്ഥാപനത്തിലും പ്രത്യേക കര്‍മ്മപരിപാടികള്‍ തയ്യാറാക്കും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുറക്കാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്ന എസിഎസ് മെമ്മോറിയില്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസന്‍സ് കെയര്‍ സെന്റര്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കേന്ദ്രമാക്കും. ഇത് റിസര്‍ച്ച് സെന്ററായി ഉയര്‍ത്തുകയും ജില്ലാതല വെബ് പോര്‍ട്ടല്‍ ആരംഭിക്കുകയും ചെയ്യും. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
വിദ്യാലയങ്ങളില്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, ഗെയിംസ് ഇനങ്ങളില്‍ പരിശീലനം തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ എല്ലാ തലത്തിലുമുള്ള സമഗ്രമായ വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. എത്രയും വേഗത്തില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബാബു പറശ്ശേരി പറഞ്ഞു. കില അസോസിയേറ്റ് പ്രൊഫ. പീറ്റര്‍ എം. രാജ്, ഇ.പി. രത്‌നാകരന്‍, കെ.ഡി. ഫിലിപ്പ്, ഡോ. സാബു വര്‍ഗീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















