തിരുവല്ല:ആദിപമ്പയുടെ തീരത്ത് ആറ്റ് പുറമ്പോക്കില്‍ നിന്ന റബ്ബര്‍ മരങ്ങള്‍ സമീപത്തെ വസ്തു ഉടമ വെട്ടിമാറ്റി. തേക്കുംകൂട്ടത്തില്ക്കടവിന് സമീപം പുറമ്പോക്കില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റുന്നതറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി തടി നീക്കുന്നത് തടഞ്ഞു.
2013 ല്‍ വരട്ടാര്‍ പുനരുജ്ജീവന പദ്ധതി ആരംഭിച്ചപ്പോള്‍ പഞ്ചായത്തില്‍ നിക്ഷിപ്തമാക്കിയ ഒന്നരയേക്കര്‍ റബര്‍ തോട്ടത്തില്‍ പിന്നീട് ടാപ്പിംഗ് നടത്തിയിരുന്നില്ല.ഇത് മുതലാക്കിയാണ് നിലവിലെ അതിക്രമം നടന്നത്. പൂവത്തൂര്‍ സ്വദേശിയുടെ സ്ഥലത്തോട് ചേര്‍ന്ന ഭാഗത്ത് പുറമ്പോക്കില്‍ നിന്ന റബര്‍ തടികളാണ് വെട്ടിമാറ്റിയതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ നിന്ന് മരം വെട്ടിയതിനൊപ്പം പുറമ്പോക്കിലെയും മരങ്ങള്‍ വെട്ടുകയായിരുന്നു. പുറമ്പോക്ക് സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് വെണ്ണിക്കുളത്ത് നിന്നെത്തിയ വ്യാപാരികള്‍ പറഞ്ഞത്. സംഭവത്തില്‍ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് സ്ഥലത്തെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി മേല്‍നടപടിക്ക് പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി സുജാകുമാരി അറിയിച്ചു.
മരംവെട്ടി മാറ്റിയവരില്‍ നിന്ന് പിഴ ഈടാക്കുന്നതോടൊപ്പം മറ്റ് നിയമ നടപടികളും സ്വീകരിക്കും. അധികൃതര്‍ ഇടപെടില്ലെന്നു കരുതിയായിരിക്കാം അതിവേഗം മരം മുറിച്ചുമാറ്റിയതെന്ന് കരുതുന്നതായി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നരയേക്കര്‍ റബര്‍ തോട്ടത്തിന് സമീപം തൊഴിലുറപ്പ് തൊഴിലാളികള്‍ മരച്ചീനി കൃഷി ചെയ്തിരുന്നു. ഈ സ്ഥലങ്ങള്‍ വേര്‍തിരിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ വേലിയും കെട്ടിയിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: