അടൂര്‍: ഏറത്ത് പഞ്ചായത്തിലെ പുതുശ്ശേരി ഭാഗത്ത് ഇന്നും വികസനം അന്യം. തകര്‍ന്ന റോഡുകളും കത്താത്ത വഴിവിളക്കുകളും, അടിക്കടി ഉണ്ടാക്കുന്ന വൈദ്യുതി മുടക്കവും അടക്കം അവഗണനകളുടെ പട്ടിക നീളുന്നു. പ്രദേശത്തെ മിക്ക റോഡുകളും തകര്‍ന്ന് തരിപ്പണമായിട്ട് കാലങ്ങളായി.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള പുതുശ്ശേരി ഭാഗം തട്ടാരുപടി റോഡ് തകര്‍ന്നിട്ട് നാളുകളായി. മണക്കാട്ട് പടി, വാഴോട്ട്കാവ് ക്ഷേത്രത്തിലേക്കുള്ള പാത തുടങ്ങുന്നതിന് മുന്‍വശം, പ്ലാം ന്തോണ്ടപ്പടി, മണക്കാട്ട്പടി വളവ് എന്നിവിടങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത വിധം റോഡ് തകര്‍ന്നു.
മഴ പെയ്യുന്ന തൊടെ റോഡിലെ കുഴികളില്‍ വെള്ളക്കെട്ട് രൂപപ്പെടും. ഇതോടെ കാറുകള്‍ ഉള്‍പ്പടെയുള്ള ചെറു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ തകര്‍ച്ച മൂലം കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.
ഏകദേശം എട്ട് വര്‍ഷത്തിന് മുന്‍പാണ് റോഡ് വീതി കൂട്ടി ടാറിംങ് നടത്തിയത്. ഇതിന് ശേഷം കാര്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുതുശേരി ഭാഗത്തുള്ളവര്‍ക്ക് തട്ടാരുപടി, ഏഴംകുളം ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണിത്. ഓടയില്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ ഒഴുകുന്നതും കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതുമാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണം. കുഴികളില്‍ ഇറക്കാതെ വാഹനങ്ങള്‍ വെട്ടിത്തിരിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നത് അപകടത്തിനിടയാക്കുന്നുണ്ട്.
ഈ ഭാഗത്ത് വഴിവിളക്കുകള്‍ കത്താത്തത് മൂലം രാത്രിയാത്രയും ബുദ്ധിമുട്ടാണ്. ആത്രപ്പടി – ചീക്കന്കല്ലില് റോഡും തകര്‍ന്ന് തരിപ്പണമായി. ഒരു കിലോമീറ്റര്‍ വരുന്ന റോഡിന്റെ മിക്ക ഭാഗവും കുണ്ടും കുഴിയുമാണ്. ചൂരക്കോട്-ചീക്കന്‍ കല്ലില്പടി, മലയാറ്റില്‍, മുളപ്പന്റയ്യം, ഭാഗത്തുള്ളവര്‍ക്ക് എംസി റോഡില്‍ പ്രവേശിക്കാനുള്ള പ്രധാന റോഡാണിത്.
സമീപത്തെ മൂന്ന് ക്വാറികളില്‍ നിന്ന് പാറ കയറ്റിയ ലോറികള്‍ ഇത് വഴി ഇടതടവില്ലാതെ സഞ്ചരിക്കുന്നതും റോഡ് തകരാന്‍ കാരണമായതായി നാട്ടുകാര്‍ പറയുന്നു. ഓടയില്മണ്ണും മാലിന്യവും അടിഞ്ഞ് പുതുശ്ശേരി ഭാഗത്ത് എംസി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതാണ് മറ്റൊരുപ്രധാനപ്രശ്നം. മൂന്നിടത്താണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. ടെലിഫോണ്‍ എക്സ്ചേഞ്ചിന് എതിര്‍വശത്തെ ചെറിയ പാതയിലൂടെ ഒഴുകി വരുന്ന വെള്ളം നേരെ എംസി റോഡിലെക്കാണ് എത്തുന്നത്. ഇതോടെ ഇവിടെ വെള്ളക്കെട്ടും രൂപപ്പെടും. വെള്ളക്കെട്ട് മൂലം നേരത്തെ ഇവിടെ റോഡ് ഇടിഞ്ഞ് താന്നിരുന്നു. തുടര്‍ന്ന് ആ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. ഓടയിലൂടെയുള്ള വെള്ളം ഒഴുക്ക് മിക്കയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. പുതുശേരി ഭാഗം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാത്തത് യാത്രക്കാരെയും വലയ്ക്കുന്നു.
കടത്തിണ്ണയിലോ മഴയും വെയിലുമേറ്റ് പെരുവഴിയിലോ ബസ് കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ് ഉള്ളത്. ഈപ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഏറത്ത് പഞ്ചായത്തിലെ 10,8 വാര്‍ഡുകളില്‍ പെടുന്ന മുളപ്പന്റയ്യത്ത് പടിഭാഗത്താണ് കുടിവെള്ള ക്ഷാമം കൂടുതല്‍ അനുഭവപ്പെടുന്നത്. മുപ്പത്തഞ്ചിലധികം കുടുംബങ്ങള്‍ പാര്‍ക്കുന്ന പ്രദേശമാണിവിടം. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുണ്ടെങ്കിലും വല്ലപ്പോഴും മാത്രമേ വെള്ളം ലഭിക്കാറുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലവാസികള്‍ വേനല്‍ കാലത്ത് കിലോമീറ്ററുകള്‍ ദൂരെ നിന്നും തലച്ചുമടായും വാഹനങ്ങളിലുമായാണ് കുടിവെള്ളം എത്തിച്ചിരുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് നാട്ടുകാര്‍ നിരവധി സമരങ്ങളും നടത്തിയിരുന്നു.
ഇതിനും പുറമെ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ശീതീകരിക്കാന് വച്ചിരിക്കുന്ന പാലുള്പ്പടെയുള്ള ഭക്ഷ്യസാധനങ്ങള്‍ നശിച്ചുപോകുന്നതിനാല്‍ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നതായി വ്യാപാരികള്‍ പറയുന്നു. ഏനാത്ത് വൈദ്യുത സെക്ഷന്‍ ഓഫീസ് പരിധിയിലാണ് ഈ പ്രദേശം അടൂര്‍, ശാസ്താംകോട്ട സബ്സ്റ്റേഷനില്‍ നിന്നാണ് ഇവിടെ വൈദ്യുതി എത്തിന്നത്. ഏനാത്ത് സബ്സ്റ്റേഷന് കമ്മീഷന് ചെയ്താലേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകു.ഈപ്രദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: