കൊല്ലം: ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരം ഡോ.എം. ലക്ഷ്മികുമാരിക്ക് സമ്മാനിക്കും. സനാതനധര്‍മ്മത്തിന്റെ പഠനത്തിന് ലക്ഷ്മികുമാരി നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകള്‍ക്കുള്ള അംഗീകാരമായാണിത്.
വിഖ്യാത ചരിത്രകാരന്‍ പുത്തേഴത്ത് രാമന്‍ മേനോന്റെ മകളായ ലക്ഷ്മികുമാരി ദേശീയതലത്തില്‍ പ്രശസ്തയായ പ്രഭാഷകയും, എഴുത്തുകാരിയുമാണ്. കന്യാകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷയായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കൊടുങ്ങല്ലൂരിലെ വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്റെ അധ്യക്ഷയാണ്.
1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതിവിഗ്രഹവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 9ന് കൊല്ലത്ത് അമൃതവിശ്വാപീഠം അമൃതപുരി കാമ്പസില്‍ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, കവി പി. നാരായണക്കുറുപ്പ്, ഡോ. ശങ്കര്‍ അഭയങ്കാര്‍, പ്രതിഭാ റായ്, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണ്ണയ സമിതിയില്‍.
















