വിഴിഞ്ഞം: ‘മീശ നരച്ച ഞാന്‍ ഗണ വേഷത്തില്‍ വരുന്നത് പുതിയ സ്വയംസേവകര്‍ക്ക് മാതൃകയാകട്ടെ’. എഴുപതാം വയസിലും പൂര്‍ണ്ണ ഗണ വേഷധാരിയായി ആര്‍എസ്എസ് പഥസഞ്ചലനത്തിനെത്തിയ ഉണ്ണികൃഷ്ണന്റെ അവസാന വാക്കുകളായിരുന്നു ഇവ. വിജയദശമി ദിവസമായ ശനിയാഴ്ച നരുവാമൂട് മുതല്‍ ഇടയ്‌ക്കോട് വരെ നടന്ന പഥസഞ്ചലന പൊതുപരിപാടിയില്‍ പൂര്‍ണ്ണ ഗണവേഷധാരിയായി അദ്ദേഹം പങ്കെടുത്തിരുന്നു. മകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കൂടെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന സ്വയംസേവകന് അസുഖം നിമിത്തം പഥസഞ്ചലനത്തിന് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇരുവരും ഗണവേഷത്തില്‍ പൊതുപരിപാടിയില്‍ മാത്രം പങ്കെടുത്തു മടങ്ങുകയായിരുന്നു.
പഥസഞ്ചലനം നടത്താന്‍ സാധിക്കാത്തതിനാല്‍ തൊട്ടടുത്ത ദിവസം പാപ്പനംകോട് നടന്ന പരിപാടിയില്‍ എത്തുകയായിരുന്നു ഉണ്ണികൃഷ്ണന്‍. പ്രായാധിക്യം കാരണം പഥസഞ്ചലനം ചെയ്യണ്ട എന്ന കാര്യകര്‍ത്താക്കളുടെ അഭിപ്രായത്തിന്റെ മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കുകയായിരുന്നു. അഥവാ വീണു പോയാല്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ മതി എന്ന ഉപദേശവും നല്‍കിയിരുന്നു. പഥസഞ്ചലനം കരമന പാലത്തിന് സമീപമെത്തിയപ്പോള്‍ പെെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. സേവാഭാരതി ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ജോലിയുമായി ബന്ധപ്പെട്ടാണ് പാപ്പനംകോട് താമസമാക്കിയത്. ഏജിസ് ഓഫീസില്‍ ഡെപ്യൂട്ടി അക്കൗണ്ട് ഓഫീസറായാണ് വിരമിച്ചത്. പ്രദേശത്തെ പ്രൗഢ ശാഖയില്‍ നിത്യവും എത്തിയിരുന്നു. ബാലസ്വയംസേവകരോടൊപ്പം പോലും ഗൃഹസമ്പര്‍ക്കത്തിലുള്‍പ്പെടെ സജീവസാന്നിധ്യമായിരുന്നു. ഷീലാദേവിയാണ് ഭാര്യ. ഏക മകള്‍ നീതു കൃഷ്ണ ബാങ്ക് ഉദ്യോഗസ്ഥയാണ്. രതീഷാണ് മരുമകന്‍.
















