ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലെ ജലനിരപ്പുയരുന്നു. ഇന്നലെ രാവിലെ 7 ന് ലഭിച്ച കണക്ക് പ്രകാരം മൊത്തം സംഭരണ ശേഷിയുടെ 66 ശതമാനം വെള്ളമാണ് സംഭരണികളിലുള്ളത്. 2747.778 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 512 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് കൂടുതലായി ഒഴുകിയെത്തിയത്.
മഴ കുറയുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലെത്തിയ ശക്തമായ മഴയാണ് ജലനിരപ്പുയരാന്‍ കാരണമായത്. ഇടുക്കിയില്‍ 2366.48 അടി വെള്ളമാണുള്ളത്, 60.564 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 46.668 ശതമാനമായിരുന്നു ജലനിരപ്പ്. അതായത് 14 ശതമാനം വെള്ളം കൂടുതല്‍. പമ്പ, കക്കി ജലസംഭരണികളിലാകെ 514.994 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണുള്ളത്.
ഇത് സംഭരണ ശേഷിയുടെ 67 ശതമാനമാണ്. ഷോളയാര്‍, പൊന്മുടി, തരിയോട്, കല്ലാര്‍കുട്ടി എന്നീ സംഭരണികള്‍ ആഴ്ചകളായി നിറഞ്ഞ് കിടക്കുകയാണ്. ആനയിറങ്കലിലെ ജലനിരപ്പ് 52 ശതമാനത്തിലെത്തി. ചെങ്കുളം-82, ഇടമലയാര്‍-74, കുണ്ടള-71, കക്കാട്-67, കുറ്റ്യാടി-49, പൊരിങ്കല്‍-82, ലോവര്‍ പെരിയാര്‍-67 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലനിരപ്പ്.
മുന്‍വര്‍ഷങ്ങളെക്കാള്‍ മഴ കുറഞ്ഞെങ്കിലും സംഭരണികളിലെ ജലനിരപ്പുയര്‍ന്നത് വൈദ്യുതി വകുപ്പിന് ഏറെ ആശ്വാസം നല്‍കിയിട്ടുണ്ട്. തുലാവര്‍ഷം കൂടി കനിഞ്ഞാല്‍ ജലനിരപ്പ് 75 ശതമാനത്തിലെത്തുമെന്നും വകുപ്പ് കണക്ക് കൂട്ടുന്നു.
ശനിയാഴ്ച സംസ്ഥാനത്താകെ 22.6495 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് ഉപഭോഗം 63.081 ആയിരുന്നു. ഇതില്‍ 25.5754 ദശലക്ഷം യൂണിറ്റും കേന്ദ്രപൂളില്‍ നിന്നുള്ള വിഹിതവും ബാക്കി പുറമെ നിന്ന് പണം നല്കി വാങ്ങിയതുമാണ്.
സപ്തംബറില്‍ കൂടിയത് 18 ശതമാനം വെള്ളം
തൊടുപുഴ: സപ്തംബര്‍ മാസത്തില്‍ സംഭരണികളിലാകെ ഒഴുകിയെത്തിയത് മൊത്തം സംഭരണ ശേഷിയുടെ 18 ശതമാനം വെള്ളം. മഴക്കാലം ആരംഭിച്ച മെയ് അവസാനവാരം 12 ശതമാനം വെള്ളമായിരുന്നു സംഭരണികളില്‍ ഉണ്ടായിരുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞപ്പോള്‍ ആകെ 14 ശതമാനം വെള്ളമാണ് ഒഴുകിയെത്തിയത്. പ്രവചനങ്ങളെ എല്ലാം തെറ്റിച്ച് ആഗസ്റ്റില്‍ ശക്തമായ മഴയെത്തി. 21 ശതമാനം വെള്ളം കൂടിയപ്പോള്‍ സംസ്ഥാനത്ത് കാലവര്ഷത്തിലേറ്റവും അധികം മഴ ലഭിച്ചതും ഈ സമയത്താണ്. ഇടുക്കിയിലെ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ മൂന്ന് തവണയാണ് ഈ മഴക്കാലത്ത് തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: