ഒരു കുടുംബത്തിലെ എല്ലാവരും ആവുന്ന തരത്തില്‍ കൃഷി ചെയ്യുക. അതില്‍ മൂന്നര വയസ്സുകാരന് സാകേത് ചന്ദ്രന് മുതല്‍ 66 വയസ്സുള്ള എം.എന്‍. ശശിധരന് വരെ തങ്ങളുടെ അദ്ധ്വാന വിഹിതം പങ്കുവയ്ക്കുന്നു. ആലപ്പുഴ ജില്ലയില്‍ ബുധനൂര്‍ പഞ്ചായത്തില്‍ മാനാമ്പുറത്ത് വീട്ടിലെ കാഴ്ചയാണിത്. പുലര്‍ച്ചെ അഞ്ച് മുതല്‍ രണ്ട് മണിക്കൂറാണ് ഇവര്‍ കൃഷിക്കായി മാറ്റിവയ്ക്കുന്നത്.
വീടിനു ചുറ്റുമുള്ള ഒരേക്കര്‍ സ്ഥലത്ത് വിവിധ തരത്തിലുള്ള ജൈവ പച്ചക്കറികള്‍ വിളഞ്ഞു നില്കുന്നു. ഔഷധ ചെടികള്‍, ബന്തിപ്പൂ ഇവ നട്ടിരിക്കുന്നു. ഇതോടൊപ്പം മൂന്ന് വെച്ചൂര്‍ പശുക്കള്‍, എട്ട് കരിങ്കോഴികള്‍ കൂടാതെ വിശാലമായ കുളത്തില്‍ മത്സ്യകൃഷി. അല്‍പ്പം സ്ഥലം പോലും വെറുകെ ഇടാത്ത ഈ കുടുംബം മട്ടുപ്പാവില്‍ തക്കാളി കൃഷിയും നടത്തുന്നു.
വീടിന്റെ പിന്നിലായി രണ്ട് ഷെഡ്ഡുകള്‍ തയ്യാറാക്കി അതിനുള്ളിലാണ് പയര്‍, പാവല്‍, പടവലം എന്നിവ വളര്‍ത്തുന്നത്. മറ്റു സ്ഥലങ്ങളിലായി കപ്പ, വെണ്ട, വഴുതനം, വാഴ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍, കാന്താരി, ചീര, മുള്ളങ്കി എന്നിവ കൃഷി ചെയ്തിരിക്കുന്നു.
ഔഷധ തോട്ടത്തിലേക്ക് കടന്നാല്‍ ശതാവരി, അമൃത്, മുറിപ്പച്ച, കറ്റാര്‍വാഴ, പനി കുറുക്ക, കിരിയാത്ത്, ചങ്ങലം പരണ്ട, കുറുന്തോട്ടി, തഴുതാമ, വാതംകൊല്ലി തുടങ്ങിയ ചെടികള്‍. കിണറിനു സമീപമാണ് ബന്തി നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇവിടെ വിവിധ വര്‍ണ്ണത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്ക്കുന്നു. കുളത്തില്‍ വരാല്, കട്ടള, കൈതക്കോരയും നീന്തിത്തുടിക്കുന്നു.
ശശിധരനും മക്കളായ ഹരിയും, കൈലാസും പച്ചക്കറി കൃഷിക്കും മറ്റും മേല്‍നോട്ടം വഹിക്കുമ്പോള്‍, ഭാര്യ വത്സലയും മരുമകള്‍ ശ്രീലക്ഷ്മിയും ഔഷധതോട്ടത്തിന്റെയും ബന്തിപ്പൂവിന്റെയും പരിപാലനം ഏറ്റെടുത്തിരിക്കുന്നു. ഇരുകൂട്ടര്‍ക്കും സഹായിയായി മൂന്നു വയസ്സുകാരന് സാകേത് ചന്ദ്രനും. കൂടുതല്‍ ജോലിയുള്ളപ്പോള്‍ മാത്രമാണ് തൊഴിലാളികളെ നിര്‍ത്തുന്നത്.
മത്സ്യകൃഷി ചെയ്യുന്ന കുളത്തില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് ടാങ്കില്‍ ശേഖരിക്കുന്ന വെള്ളം പിന്നീട് ഡ്രിപ്പ് സംവിധാനത്തില്‍ വിളകള്‍ക്ക് എത്തിക്കുന്നു. പൂര്‍ണ്ണമായും ജൈവ വളവും മരുന്നുമാണ് ഉപയോഗിക്കുന്നത്. ചാണകം, ഗോമൂത്രം, ജീവാമൃതം, ശര്‍ക്കര, പഴം, പയറുപൊടി തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്. വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരി തുടങ്ങിയവ അരച്ച് എടുക്കുന്ന ലായനിയാണ് കീടങ്ങളെ നശിപ്പിക്കാനുള്ള മരുന്നായി ഉപയോഗിക്കുന്നത്. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല, തഴക്കര ജില്ലാ കൃഷിത്തോട്ടം എന്നിവിടങ്ങളില്‍ നിന്നാണ് വിത്ത് ശേഖരിക്കുന്നത്. കരക്കൃഷിക്കൊപ്പം വര്‍ഷത്തില്‍ ഒരിക്കല്‍ രണ്ടര ഏക്കര്‍ പാടശേഖരത്ത് നെല്‍കൃഷിയും ചെയ്യുന്നു.
പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടറായിരുന്ന ശശിധരന് ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് സംഘചാലക് ആണ്. മക്കളായ എം.എസ്. ഹരിയും കൈലാസും കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നു. ഔദ്യോഗിക, സംഘടനാ തിരക്കുകള്‍ക്കിടയിലും മണ്ണിനെ കൈവിടാന്‍ കഴിയില്ലെന്നാണ് ശശിധരന്റെ പക്ഷം.
ഫോണ്‍: 9447755109
പ്രതികരിക്കാൻ ഇവിടെ എഴുതുക: