സംഗീതം ഈശ്വരന്റെ വരപ്രസാദമാണ്. അവിടെ ജാതിയോ മതമോ ഭാഷയോ ഒന്നും വിഷയമല്ല. ഈശ്വരന് കനിഞ്ഞു നല്കിയ ആ അനുഗ്രഹത്തെ മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല ഹിന്ദുസ്ഥാനി സംഗീതജ്ഞന് ബേളൂര്‍ തങ്കരാജ്. കാസര്‍കോട് ജില്ലയിലെ അട്ടേങ്ങാനത്തെ തങ്കച്ചന് എന്ന ബേളൂര്‍ തങ്കരാജ് ഹിന്ദുസ്ഥാനി കീര്‍ത്തനങ്ങള്‍ കൂടുതല്‍ ആലപിക്കുന്നതും ക്ഷേത്രമുറ്റത്താണ്. ക്രിസ്തുമത വിശ്വാസിയാണെങ്കിലും ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യമുള്ക്കൊണ്ടുകൊണ്ട് എങ്ങനെ ജീവിക്കാമെന്നതിന്റെ ഉദാഹരണമാണ് ഹിന്ദുസ്ഥാനി സംഗീതം തപസ്യയാക്കിയ ബേളൂര്‍ തങ്കരാജന്. 25 വര്‍ഷം പട്ടാളത്തിലായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും തന്റെ ഭജനസംഘവുമായി വിവിധ ക്ഷേത്രങ്ങളില്‍ സംഗീത സാധന നടത്തുന്നു.
അറുനൂറിനടുത്ത് ക്ഷേത്രങ്ങളില്‍ ഇതിനകം ഭജന നടത്തി. ബേളൂരിലെ പരേതനായ ജോസഫിന്റെയും മേരിയുടെയും ഏകമകനായ തങ്കരാജ് ചെറുപ്പത്തില്‍ തന്നെ കര്‍ണാടക സംഗീതത്തില്‍ തല്പരനായിരുന്നു. ബേളൂര്‍ ശിവക്ഷേത്രമുറ്റത്തായിരുന്നു അരങ്ങേറ്റം.
പതിമൂന്നാമത്തെ വയസ്സിലാണ് കുണ്ടംകുഴി കൃഷ്ണഭാഗവതരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രാമായണവും മഹാഭാരതവും മുഴുവനും വായിച്ചു. ഭജന രൂപത്തിലായിരുന്നു ആദ്യം ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിച്ചിരുന്നത്. പീന്നീട് ഹരികഥാ രൂപത്തിലേക്ക് മാറി. ഒരു നിയോഗം പോലെ പട്ടാളത്തില്‍ ജോലി ലഭിച്ചപ്പോള്‍ ആദ്യത്തെ നിയമനം കുരുക്ഷേത്രയില്‍. അവിടെ തുടങ്ങുന്നു ഹിന്ദുസ്ഥാനി ഭജന്ഗംഗയെന്ന ഭക്തിസാന്ദ്രമായ സംഗീതഗംഗയുടെ നാദധാര. പട്ടാള ക്യാമ്പില്‍ സര്‍വ്വമത പ്രര്‍ത്ഥനയില്‍ ആദ്യകാലത്ത് ഹാര്‍മോണിയം വായന തങ്കരാജിനായിരുന്നു. സൈനിക സേവനകാലത്താണ് ഹിന്ദുസ്ഥാനി ഭജന ആലപിക്കാന്‍ കൂടുതല്‍ അവസരം ലഭിച്ചത്. ദേവീ ദേവന്മാരുടെ സ്തുതി കീര്‍ത്തനങ്ങളോടെയാണ് ഹിന്ദുസ്ഥാനി ഭജനയ്ക്ക് തുടക്കം കുറിക്കുന്നത്. . ഭജന്‍സ് സ്വയം തയ്യാറാക്കുകയാണ് പതിവ്. കുട്ടിക്കാലത്ത് പുരാണഗ്രന്ഥങ്ങള്‍ വായിക്കാന്‍ സാധിച്ചത് ഭജന്‍സ് തയ്യാറാക്കാന്‍ സഹായകരമായി.
രാജീവ് ഗാന്ധി വധക്കേസ് അന്വേഷണസംഘത്തിലും മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സുരക്ഷാ സേനയിലും പ്രവര്‍ത്തിക്കാനുള്ള അവസരവും തങ്കരാജിന് ലഭിച്ചു. ആ സമയത്ത് ഉത്തരേന്ത്യയില്‍ ഭജന ആലപിക്കാന്‍ ഒട്ടേറെ അവസരങ്ങളും ലഭിച്ചു. റാം മിശ്രയാണ് (വാരാണസി )ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗുരു. ഉത്തരേന്ത്യയില്‍ ആയിരത്തോളം വേദിയില്‍ ഭജനസംഗീതം ആലപിച്ചു. ഋഷികേശ്, അയോധ്യ, കശ്മീര്‍ ശങ്കരാചാര്യമന്ദിര് എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഹരിദ്വാര്‍ പതഞ്ജലി യോഗാ വിദ്യാപീഠത്തില്‍ നിന്ന് യോഗയും അഭ്യസിച്ചിട്ടുണ്ട്. ജീവിതത്തില്‍ അത്യന്താപേക്ഷിതമാണ് യോഗയെന്നാണ് തങ്കരാജിന്റെ അഭിപ്രായം.
ഭാരതത്തിന്റെ സനാതനമൂല്യങ്ങളും ചൈതന്യവും, എന്താണ് സനാതന ഹിന്ദുധര്‍മ്മമെന്നും ആചാരങ്ങളുടെ അര്‍ത്ഥമെന്തെന്നും ദൈവങ്ങളുടെ അവതാര ലക്ഷ്യമെന്തെന്നും വിവരിച്ചുകൊണ്ടാണ് ഭജന്‍ഗംഗ മുന്നേറുന്നത്. അതേസമയം ഇടവക പള്ളിയില്‍ ക്വയര്‍ ഗ്രൂപ്പില്‍ സ്ഥിരം പാട്ടുകാരാനായിരുന്നു. ഹിന്ദുസ്ഥാനി കീര്‍ത്തനങ്ങള്‍ ക്ഷേത്രമുറ്റങ്ങളില്‍ അവതരിപ്പിക്കുന്നതിനാല്‍ ആദ്യകാലങ്ങളില്‍ പള്ളിയില്‍ പാടുന്നതിന് എതിര്‍പ്പുകള്‍ ഉണ്ടായി. പിന്നീട് പള്ളിയിലെ അച്ചന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭിച്ചതോടെ ഒരുപോലെ എല്ലായിടത്തും പാടാനുള്ള അവസരം ലഭിച്ചു. ഹിന്ദു പുരാണങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇദ്ദേഹത്തിനുണ്ട്.
ഹിന്ദുസ്ഥാനി ഭജന്ഗംഗയ്ക്ക് കൂടെ പാടാന്‍ മക്കളായ അര്‍ച്ചന മേരിയും അനിമേഷും കൂടെയുണ്ട്. മൂത്തമകള്‍ അര്‍ച്ചന മേരി ബിഎസ്സി അഗ്രിക്കള്‍ച്ചര്‍ ബിരുദം പൂര്‍ത്തിയാക്കി. അനിമേഷ് കോഴിക്കോട് നവോദയ വിദ്യാലയത്തില്‍ പഠിക്കുന്നു. ഭാര്യ സൂസമ്മയും മറ്റു കുടുംബാംഗങ്ങളും എല്ലാവിധ പ്രോത്സാഹനവും നല്കുന്നു. ഉത്തരമലബാറിലെ പ്രശസ്ത വാദ്യോപകരണവാദകരായ പുല്ലാങ്കുഴല്‍ വാദകന്‍ കൃഷ്ണന് നീലേശ്വരം, തബലിസ്റ്റ് ബളാല്‍ രാമകൃഷ്ണന്, ഓര്‍ഗനിസ്റ്റ് ദാമോദരന്‍, പ്രഭാകരന് നായര്‍ എന്നിവരും സ്നേഹലത രത്നാകരന്, ശ്രീജിത്ത്, സുസ്മിത, രശ്മിത എന്നിവരുമാണ് പിന്നണിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: