ഇരുപത്തിയഞ്ച് വര്‍ഷമായി ആലപ്പുഴക്കാര്‍ക്ക് സുപരിചിതനാണ് ഡോ.കെ.പി. ഹെഗ്ഡേ. ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിലെ ചീഫ് ഫിസിഷ്യനായ ഇദ്ദേഹം ആശുപത്രി ജോലിക്കിടയിലെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയിലും കഥാപ്രസംഗങ്ങളടക്കമുള്ള സംസ്കൃത കൃതികള്‍ രചിച്ച് വ്യത്യസ്തനാവുകയാണ്. ആന്ധ്രയില്‍ നിന്ന് ഒരു നിയോഗം പോലെയാണ് ആലപ്പുഴയുടെ മരുമകനായി എത്തിയത്. 20 വര്‍ഷമായി നഗരഹൃദയത്തിലെ സനാതന ധര്‍മ വിദ്യാലയം ‘ബസന്റ് ഹാള്‍ ‘ എല്ലാ വിജയദശമി ദിനത്തിലും ഡോക്ടറുടെ കൃതികളുടെ പ്രകാശനത്തിന് സാക്ഷ്യം വഹിക്കുന്നു. ഇക്കൊല്ലം പ്രകാശനം ചെയ്ത ശ്രീ മഹാഗണപതി അദ്ദേഹത്തിന്റെ 33-ാംത്തെ കൃതിയാണ്. പെരുമയോ പ്രശസ്തിയോ ആഗ്രഹിക്കാതെ സ്നേഹിതര്‍ക്കും രോഗികള്‍ക്കുമിടയില്‍ കൃതികള്‍ വിതരണം ചെയ്യുകയാണ് പതിവ്.
വിലയേറിയ ലാബ്പരിശോധനകള്‍ നടത്താതെ തന്നെ രോഗനിര്‍ണയം ചെയ്യാനുള്ള ഡോ. ഹെഗ്ഡേയുടെ കഴിവിനെക്കുറിച്ച് രോഗികള്‍ക്കിടയില്‍ എതിരഭിപ്രായങ്ങളില്ല.
വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വായിക്കാനിടയായതാണ് എഴുത്തിന് പ്രേരണയായതെന്ന് ഡോക്ടര്‍ പറയുന്നു. സ്വാമി തപസ്യാനന്ദ ഇംഗ്ലീഷ് ഭാഷ്യം രചിച്ച ഭാഗവതവും സുന്ദരകാണ്ഡവും സാഹിത്യ രചനയിലേയ്ക്ക് ഏറെയടുപ്പിച്ചു. ആദ്യകാല രചനകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയതും സ്വാമിജിയായിരുന്നു. ആദ്യമായി എഴുതിയ കൃതിയിലെ വ്യാകരണ തെറ്റുകള്‍ ശ്രീരാമകൃഷ്ണ മഠം ആചാര്യനായിരുന്ന സ്വാമി സ്വപ്രഭാനന്ദ തിരുത്തി നല്കി.
സംസ്കൃത സാഹിത്യകാരന്മാരില് ആരും തന്നെ കൈവയ്ക്കാന്‍ ധൈര്യം കാണിച്ചിട്ടില്ലാത്ത കഥാപ്രസംഗ രചനയ്ക്കും അവതരണത്തിനും മുന്നിട്ടിറങ്ങിയതിനെപ്പറ്റി ഡോക്ടര്‍ ഹെഗ്ഡേ പറയുന്നതിങ്ങനെ-‘ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ആന്ധ്രയിലെ വിജയനഗരം എന്ന സ്ഥലത്താണ്. അവിടെ എന്റെ ചെറുപ്പത്തില്‍ ആര്യഭട്ല നാരായണദാസ് എന്നൊരു ഹരികഥാ പ്രാസംഗികന് ഉണ്ടായിരുന്നു. നിന്ന നില്പ്പില് 10 ഭാഷകളില്‍ അദ്ദേഹം കഥ പറയും. അദ്ദേഹത്തിന്റെ ആഖ്യാനശൈലി ചെറുപ്പത്തില്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കഥാപ്രസംഗ രൂപത്തിലുള്ള എന്റെ ആദ്യ കൃതിയാണ് മൃത്യുഞ്ജയം (മാര്‍ക്കണ്ഡേയമുനികഥ). തുടര്‍ന്ന് പ്രഹ്ലാദചരിതം, ഗംഗാവതരണം, ആദിശങ്കരചരിതം, അമൃതോത്ഭവം, ശ്രീനിവാസകല്യാണം, ഭക്തഹനുമാന് എന്നിങ്ങനെ… ഏറ്റവും പുതിയ കൃതി ശ്രീമഹാഗണപതിയാണ്. ഈ കഥകള്‍ നിരവധി വേദികളില്‍ അവതരിപ്പിക്കാനും സാധിച്ചു’.
കഥാപ്രസംഗത്തിലെ ഗാനങ്ങള്‍ക്ക് ആകര്‍ഷകമായി സംഗീതം പകര്‍ന്നിട്ടുണ്ട് ഇദ്ദേഹം. ‘സംഗീതം പഠിച്ചിട്ടില്ല. മുമ്പ് വരികള്‍ എഴുതിയ ശേഷം സംഗീതം നല്‍കുകയായിരുന്നു പതിവ്. ഇപ്പോള്‍ ടീമുമായി ആലോചിച്ച് സംഗീതം ചിട്ടപ്പെടുത്തിയ ശേഷം വരികളെഴുതുകയാണ്’-ഹെഗ്ഡേ പറയുന്നു. സംഗീതം പഠിച്ചിട്ടില്ലെന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ താളബോധം നമ്മെ വിസ്മയിപ്പിക്കും. സംസ്കൃതത്തില്‍ പദ്യം എഴുതാന്‍ ഏറെ എളുപ്പമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം. ‘കര്‍ത്താവില്ലാതെ ക്രിയ കൊണ്ടുതന്നെ പൂര്‍ണമാണ് വാക്കുകള്‍. ഉദാഹരണത്തിന് ഗച്ഛാമി ഞാന്‍ പോകുന്നു. ഗച്ഛതി അവന്/അവള് പോകുന്നു. വ്യക്തിക്കോ എണ്ണത്തിനോ അനുസൃതമായി ക്രിയ മാറ്റുന്നില്ല. സംസ്കൃത ഭാഷയുടെ മാത്രം പ്രത്യേകതയാണിത്’.
ഇംഗ്ലീഷില്‍ സൂര്യന് എന്നു പറയണമെങ്കില്‍ ടൗി എന്ന വാക്കു മാത്രം. പക്ഷേ സംസ്കൃതത്തിലോ മിത്ര, രവി, ഭാസ്ക്കര, മാര്‍ത്താണ്ഡ എന്നിങ്ങനെ ഒരായിരം പേരുകള്‍. പദ്യത്തിന്റെ വൃത്തമനുസരിച്ച് ഏതു പദം വേണമെങ്കിലും സ്വീകരിക്കാം. പദജ്ഞാനം ഉണ്ടായിരിക്കണമെന്നു മാത്രം. ഭാഷയ്ക്കൊരു ശാസ്ത്രമുണ്ടെങ്കില്‍ അത് സംസ്കൃതത്തില്‍ വ്യക്തമാണെന്ന് ഡോക്ടര്‍ ഉറപ്പിച്ചു പറയുന്നു. ഗണിതശാസ്ത്ര പ്രകാരം ശബ്ദങ്ങള്‍ തെറ്റാതെ ചേര്‍ക്കപ്പെട്ടിരിക്കുന്നു. അനുഷ്ടുപ്പ് രീതിയിലുള്ള അടുക്കില്‍,കണക്കു തെറ്റാതെ ഗുരു ലഘു പ്രകാരം അക്ഷരങ്ങള്‍ നിരത്തിയാണ് സംസ്കൃത കൃതികളുടെ രചന. ശ്രീ ശങ്കരാചാര്യരുടെ കൃതികള്‍ക്കു പോലും പിന്നീട് അനായാസമായി സംഗീതം നല്‍കാനായത് ഇതിനാലാണ്.
സംസ്കൃത ഭാഷയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അജ്ഞാനം കൊണ്ടാണെന്ന് ഡോക്ടര്‍ വിശ്വസിക്കുന്നു. സംസ്കൃതം സാധാരണ ജനഭാഷ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഋഗ്വേദത്തില്‍ തന്നെ സംസ്കൃത ഭാഷ പൂര്‍ണതയിലെത്തിയിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുണ്ട്. ലോകത്ത് വേറൊരു ഭാഷയ്ക്കും ഇത്രയേറെ പ്രായം അവകാശപ്പെടാനില്ല . സംസ്കൃത ഭാഷയുടെ സങ്കീര്‍ണമായ വ്യാകരണമാകാം മറ്റു ഭാഷകള്‍ ഉദയം ചെയ്യാന്‍ കാരണം. സംസ്കൃതത്തോട് ഒരുപാട് ചേര്‍ന്നു നില്ക്കുന്ന ഭാഷ മലയാളമാണ്. നന്നായി മലയാളം അറിയുന്നവര്‍ക്ക് സംസ്കൃതം എളുപ്പം മനസിലാകും എന്നാണ് ഡോക്ടറുടെ അഭിപ്രായം.
ഒരു ഭാഷ പഠിക്കുമ്പോള്‍ അതിന്റെ സംസ്കാരം നമുക്കു പകര്‍ന്നു കിട്ടും. ഒരു മനുഷ്യനെ സാംസ്കാരികമായി ശുദ്ധീകരിക്കാന്‍ സംസ്കൃത ഭാഷയ്ക്കു കഴിയുമെന്ന് അടിവരയിട്ടു പറയാം. ഒരാള്‍ക്ക് നല്ല മനുഷ്യനാവണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സംസ്കൃതം പഠിച്ചാല്‍ മതി. വായനയല്ല, അധ്യയനമാണ് ഉദ്ദേശിക്കുന്നത്-ഡോക്ടര്‍ പറയുന്നു.
ആദ്യകാലത്തെഴുതിയ ശിവസഹസ്രനാമാഞ്ജലിയിലെ പല പദങ്ങളുടെയും അര്‍ത്ഥം ഇപ്പോള്‍ ചോദിച്ചാല്‍ പെട്ടെന്നു പറയാന്‍ പ്രയാസമാണെന്നു ഡോക്ടര്‍. ‘ആ ഒരു ഒഴുക്കില്‍ ദൈവം എന്നെക്കൊണ്ട് എഴുതിക്കുന്നു എന്നു മാത്രം. അടുത്ത അഞ്ചാറു വര്‍ഷങ്ങളിലേയ്ക്കുള്ള കൃതികള്‍ ഇപ്പോഴേ മനസ്സിലുണ്ട്’. ആശുപത്രി തിരക്കിനിടയിലും മനസിലെത്തുന്ന വരികള്‍ കുറിച്ചു വയ്ക്കാന്‍ മറക്കാറില്ല ഡോക്ടര്‍ ഹെഗ്ഡേ. കുറച്ചു സംസ്കൃത ഗ്രന്ഥങ്ങള്‍ പാരായണം ചെയ്ത അറിവും സ്വന്തം നിലയ്ക്ക് സംസ്കൃതം അധ്യയനം ചെയ്തതിന്റെ ബലവും കൈമുതലാക്കി 1992 ല്‍ തുടങ്ങിയ രചന ഈശ്വരാനുഗ്രഹമുണ്ടെങ്കില് ഭാവിയിലും തുടരാനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട് ഡോ. ഹെഗ്ഡേയ്ക്ക്. ശ്രീകൃഷ്ണ വിക്രീഡിതം, ശ്രീകൃഷ്ണ വൃത്താമൃതം, ശ്രീ ശിവ സുപ്രഭാതം തുടങ്ങിയവ കൃതികളില്‍ ചിലതാണ്.
ഭാര്യ ഡോ.അനിത ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചര്‍മരോഗ വിഭാഗം അസോസിയേറ്റ് പ്രഫസറാണ്. മകള്‍ ഡോ. പ്രസന്ന ജനറല്‍ മെഡിസിന് വിഭാഗം ഡോക്ടറായി സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്നു. മകന് പ്രമോദ് മുംബൈ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ അസോസിയേറ്റ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: