കേരളത്തിന്റെ തനത് കലാരൂപമാണ് കഥകളി. കഥകളി അവതരിപ്പിക്കുന്നതിന് മെയ്വഴക്കം കൂടുതല്‍ വേണമെന്നതിനാല്‍ പുരുഷാധിപത്യം ഏറെ നിലനിന്ന കലാരൂപം കൂടിയാണ് കഥകളി.
ഈ പരുഷാധിപത്യം ഒരു പരിധിവരെ ഇല്ലാതായത് തൃപ്പൂണിത്തുറ വനിത കഥകളി സംഘത്തിന്റെ ആവിര്‍ഭാവത്തോടെയാണെന്നു പറയാം. വെറും കളിയായിട്ടായിരുന്നു തുടക്കം. ഇന്നത് ഗൗരമേറിയതായി വന്ന അനുഭവമാണ് വനിതാ കഥകളി സംഘത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്.
1975 ല്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനു സമീപത്തായുള്ള പാലസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് കഥകളി കളിയരങ്ങായി ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുതിര്‍ന്ന സ്ത്രീകളുടേയും ചെറുപ്പക്കാരായ കലാകാരികളുടേയും ഈ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത് വനിതാ ദിനത്തില്‍ തന്നെ ആയിരുന്നു എന്നതും യാദൃച്ഛികം. പദ്മശ്രീ കലാമണ്ഡലം കൃഷ്ണന് നായരാണ് ഇതിന് സാരഥ്യം വഹിച്ചത്. ആട്ടവിളക്കിനു മുമ്പാകെയുള്ള സ്ത്രീകളുടെ പ്രകടനം അളക്കാനായിരുന്നു ആദ്യ കാലങ്ങളില്‍ കാഴ്ചക്കാരായി എത്തിയവരില്‍ ഭൂരിഭാഗവും ശ്രമിച്ചത്. മികവാര്‍ന്ന പ്രകടനത്തിലൂടെ കാഴ്ചക്കാരുടെ ഉള്ളിലുണ്ടായിരുന്ന ഈ ശങ്ക അപ്പാടെ ഇല്ലാതാക്കാന്‍ പിന്നീട് വനിതാ കഥകളി സംഘത്തിനായി. അതോടെ ആരാധകരും സംഘത്തിന്റെ പെരുമയും വര്‍ധിക്കാന്‍ തുടങ്ങി. അഭ്യസ്തവിദ്യരായ നിരവധി പേര് കഥകളി അഭ്യസിക്കാനും കഥകളിസംഗീതം പഠിക്കാനുമായി എത്തിത്തുടങ്ങി. എന്നാല്‍ വാദ്യ മേളങ്ങളും ചുട്ടി കുത്തലും ഇപ്പോഴും പുരുഷന്മാരാണ് ചെയ്യുന്നത്. ചെണ്ടയും മദ്ദളവും പോലെ ഭാരമേറിയ വാദ്യോപകരണങ്ങള്‍ മണിക്കൂറുകളോളം ചുമക്കാന്‍ സ്ത്രീകള്‍ക്കാവില്ലെന്നതാണ്കാരണം.
കഥകളി സംഘം ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് സതീവര്‍മ്മ ഇതിന്റെ മേല്‍നോട്ടത്തിലേക്ക് എത്തിയത്. വെള്ളിനേഴി സ്വദേശിയായ സതീവര്‍മ്മ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാര്യയായി തൃപ്പൂണിത്തുറയില്‍ എത്തിയതോടെ കഥകളി സംഘത്തിന് പുത്തന്‍ വേഷപ്പകര്‍ച്ച തന്നെ കൈവന്നു. സതീവര്‍മ്മ കഥകളി വേദിയില്‍ ഇല്ലെങ്കിലും നേതൃത്വപാടവം കൊണ്ട് അതിനു പുറത്തെ നിറസാന്നിധ്യം തന്നെയായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ ശില്‍പ്പി ആശാനില്‍ നിന്ന് ചുട്ടി കുത്താന്‍ കൂടി പഠിച്ചു ആ മേഖലയിലും അവര്‍ കഴിവു തെളിയിച്ചു.
പിന്നീടങ്ങോട്ട് കഥകളിയിലേക്ക് പെണ്‍കുട്ടികളെ കടന്നു വരാന്‍ പ്രേരിപ്പിച്ചതും അവര്‍ക്കുവേണ്ട പ്രോത്സാഹനങ്ങളും സഹായങ്ങളും നല്കിയതും കളിയുടെ നടത്തിപ്പും എല്ലാം സതീവര്‍മ്മ തന്നെയാണ് നോക്കി നടത്തിയത്. ഇന്നത്തെ തൃപ്പൂണിത്തുറ വനിത കഥകളി സംഘത്തെ ഈ രൂപത്തിലാക്കിയതും ഇവരാണ്. രണ്ട് വര്‍ഷം മുമ്പായിരുന്നു സതീവര്‍മ്മയുടെ വിയോഗം. അവരോടുള്ള ബഹുമാനാര്‍ത്ഥം വര്‍ഷംതോറും അനുസ്മരണവും ഈ രംഗത്ത് മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് സതീവര്‍മ്മ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
42 വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കഥകളി സംഘത്തില്‍ ഇന്ന് അമ്പതിലധികം വനിതകളാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നാണ് ഇതില്‍ പലരും കളിക്കായി എത്തുന്നതും. ചവറ പാറുക്കുട്ടിയമ്മ, കോട്ടയ്ക്കല്‍ ജയശ്രീ തുടങ്ങിയ പലരും തുടക്കത്തില്‍ തന്നെ സംഘത്തിന്റെ ഭാഗമായതാണ്. അത് ഇപ്പോഴും തുടരുന്നു. സംഘത്തില്‍ പലരും അധ്യാപികമാരും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമൊക്കെയാണ്.
കളി ആരംഭിക്കുന്നതിനു മുമ്പ് മണിക്കൂറുകളോളം ചുട്ടിയും വേഷവും അണിയേണ്ടതും, കളി കഴിയാന്‍ രാത്രി ഇരുട്ടുമെന്നതും അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു പ്രശ്നമല്ല. കഥകളിയോട് ഇവര്‍ക്കുള്ള അഭിനിവേശവും നീതിയും തന്നെയാണ് ഇതിനു കാരണം.
കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട 31 ധീര വനിതകള്‍ക്കുള്ള പുരസ്കാര പട്ടികയില്‍ വനിത കഥകളി സംഘവും ഉള്‍പ്പെട്ടിരുന്നു. പരമ്പരാഗതമായി പുരുഷ മേധാവിത്തം നിലനിന്നിരുന്ന കഥകളിയില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കാനും പുരുഷ മേല്‍ക്കോയ്മ ഇല്ലാതാക്കാനും സാധിച്ചതിനാണ് നാരീശക്തി പുരസ്കാരം നല്‍കിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ കലാ, സംസ്കാരം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളാണ് പുരസ്കാരം വാങ്ങാന്‍ എത്തിയിരുന്നത്. ഇതില്‍ രാഷ്ട്രപതിയുടെ പ്രത്യേക അഭിനന്ദനം നേടാനും വനിത കഥകളി സംഘത്തിനായി. രാധികാ വര്‍മ്മയാണ് നാരീശക്തി പുരസ്കാരം ദല്‍ഹിയിലെത്തി സ്വീകരിച്ചത്. പ്രതിവര്‍ഷം അമ്പതോളം കളികള്‍ വനിത കഥകളി സംഘത്തിന് ഇന്നുണ്ട്. വിവിധ രാജ്യങ്ങളിലായി 1500 ല്‍ അധികം വേദികളും സംഘം പിന്നിട്ടു.
ഇന്ന് മൂന്നാം തലമുറയാണ് സഘത്തെ ഇപ്പോള്‍ നയിക്കുന്നത്. ഗീതാവര്‍മ്മ, രാധികാ വര്‍മ്മ, സരിത വര്‍മ്മ, എന്‍. ഗീത, ഡോ. ഹരിപ്രിയ നമ്പൂതിരി, അഡ്വ. രഞ്ജിനി സുരേഷ് എന്നിവരാണ് വനിത സംഘത്തിന്റെ ഇപ്പോഴത്തെ സാരഥികള്‍. കൊട്ടാരക്കര ഗംഗ, കൊട്ടാരക്കര ഗീത, മായ നെച്ചിക്കോട്, കുന്നത്തൂര്‍ സരസ്വതി, അനുപമ വര്‍മ്മ തുടങ്ങിയവര്‍ സംഘത്തിലെ സ്ഥിരം വേഷക്കാരാണ്.
സംഘത്തിലെ രാധിക വര്‍മ്മ, പാര്‍വ്വതി മേനോന്, പ്രമീഷ വിജയന്, രഞ്ജിനി സുരേഷ് എന്നിവര്‍ കത്തി, വെള്ള, പച്ച, താടി തുടങ്ങിയ വേഷങ്ങളാണ് രംഗത്ത് അവതരിപ്പിക്കുന്നത്. കൂടാതെ ആസ്ഥാന ഗായികമാരായി കുമാരി വര്‍മ്മയും ശൈലജാ വര്‍മ്മയും ഇവര്‍ക്കൊപ്പമുണ്ട്.
കളരി അഭ്യാസത്തിന്റെ മെയ് വഴക്കത്താല്‍ സ്ത്രീവേഷങ്ങള്‍ക്ക് പുതിയൊരു വ്യാഖ്യാനം നല്കാന് ഡോ. ഹരിപ്രിയ നമ്പൂതിരിക്കും, കത്തി വേഷങ്ങളില്‍ പുരുഷന്മാരേക്കാള് ഒരുപടി മുന്നില്‍ ഭാവപ്പകര്‍ച്ച വരുത്താന്‍ അഡ്വ. രഞ്ജിനി സുരേഷിനുമായി. സീതാ സ്വയംവരവും, നരകാസുരവധവുമൊക്കെ വേദിയില്‍ അവതരിപ്പിച്ച പുതുതലമുറയും സംഘത്തിനൊപ്പമുണ്ട്. അതോടെ ഇന്ന് കഥകളി പെണ്ണരങ്ങുകളുടെ ആധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
വനിതകഥകളി സംഘത്തിന്റെ ജൈത്രയാത്ര, ഇന്ന് നാലു പതിറ്റാണ്ടിലേക്ക് അടുക്കുമ്പോള്‍, യുഎസ്, കാനഡ തുടങ്ങി വിദേശ രാജ്യങ്ങളിലും എത്തിനില്‍ക്കുന്നു.
മൂന്നു മാസത്തോളം വിവിധ രാജ്യങ്ങളില്‍ വിദേശ പര്യടനം നടത്താനും ഇവര്‍ക്കായിട്ടുണ്ട്. വിദ്യാസമ്പന്നരാണ് സംഘത്തിലെ ഒരോരുത്തരും. പ്രൊഫഷണല്‍ ജീവിതത്തിനൊപ്പം തന്നെ ജീവിതചര്യയുടെ ഭാഗമായാണ് ഇതില്‍ പലരും കഥകളിയെ കാണുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്ന് പുരുഷ കലാകാരന്മാര്ക്കൊപ്പം എത്താന്‍ സംഘത്തിന് സാധിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: