പൂജിക്കപ്പെടേണ്ടതിനെ കുറിച്ചാണ് രവിവര്‍മ്മ തമ്പുരാന് പൂജ്യം എന്ന നോവലില്‍ വിവരിക്കുന്നത്. ഒരിക്കലും ശൂന്യമാകുന്നതിനെ കുറിച്ചല്ല. എഴുത്തുകാര്യത്തില്‍ ഇതുവരെ സ്വീകരിക്കാത്ത ശൈലിയും ഭാഷയും അദ്ദേഹം അവതരിപ്പിക്കുന്നു എന്നതാണ് ‘പൂജ്യ’ത്തെ വ്യത്യസ്തമാക്കുന്നതും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചിട്ടുള്ള ‘പൂജ്യം’ എന്ന നോവല്‍ ആസ്വാദകന് പുത്തനനുഭവമാണ് നല്‍കുന്നത്.
വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ ഗഹനചിന്തയ്ക്ക് വഴിതുറക്കുകയാണ് അദ്ദേഹം. ലോകമെങ്ങും അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്നും അത് വിശാല അര്‍ത്ഥത്തില്‍ ചര്ച്ചയാക്കപ്പെടുന്നില്ലെന്നും നോലെഴുത്തുകാരന് പക്ഷമുണ്ട്. എന്നാല്‍ അതിനുമപ്പുറം സമകാലീന സാഹചര്യത്തില്‍ മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ദാര്‍ശനികമായി ചര്‍ച്ച ചെയ്യുകയാണ് ‘പൂജ്യം’ എന്ന നോവലിലൂടെ രവിവര്‍മ്മ തമ്പുരാന്. സ്ത്രീപക്ഷ സാഹിത്യത്തിനൊപ്പം നില്ക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. മുന്‍ രചനകളിലൊക്കെ അതു പ്രകടമാക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പൂജ്യത്തിലും അതാവര്‍ത്തിക്കപ്പെടുന്നു. ഈ നോവല്‍ വായിക്കുമ്പോള്‍ ഏതു വിഷയത്തെ മുന്നില്‍നിര്‍ത്തി ചിന്തിച്ചാലും അതാണ് നോവല്‍ പ്രതിപാദിക്കുന്നതെന്ന് വായനക്കാരന് തോന്നുന്നു. നോവലിസ്റ്റ് വായനക്കാരനുമുന്നില്‍ വയ്ക്കുന്നത് അതാണെന്നും ധ്വനിപ്പിക്കുന്ന തരത്തിലാണ് തമ്പുരാന്റെ ‘പൂജ്യ’ ത്തിന്റെ എഴുത്ത്.
അവഗണിക്കാനാകാത്ത കരുത്തും സൗന്ദര്യവും ഈ നോവലിന്റെ സൃഷ്ടിയില്‍ എഴുത്തുകാരന് പ്രകടിപ്പിച്ചിട്ടുണ്ട്. നൂറ്റിയെഴുപത്തിയഞ്ച് പേജുകളില്‍ വിശാലമായി പറഞ്ഞിരിക്കുന്ന നോവലിലെ കഥാപാത്രങ്ങളോരോരുത്തരും വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നവരാണ്. കൃതിയുടെ കെട്ടുറപ്പും അതാണ്. പരത്തിപ്പറയുന്ന സാധാരണ നോവല്‍രചനാ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, ലളിതമായ ആശയവിനിമയത്തിന്റെ നേരിട്ടുള്ള ശൈലിയിലാണ് എഴുത്ത്. ദാര്ശനികമാനങ്ങളാണ് ചര്‍ച്ചയ്ക്കു വയ്ക്കുന്നതെങ്കിലും വായനക്കാരന്റെ മനസ്സില്‍ ഒറ്റവായനയില്‍ തന്നെ നോവല്‍ ഇടം പിടിക്കുന്നതും അതിനാലാണ്. വായന വേഗത്തിലാക്കുന്നതും ഭാഷയുടെ ഈ കരുത്തുകാരണമാണ്.
അതിനാലാണ് പ്രശസ്ത ചെറുകഥാകൃത്ത് ടി. പദ്മനാഭന് നോവലിനെകുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞതും. ”ഇത്തരം പുസ്തകങ്ങള്‍ മലയാള നോവല്‍ ചരിത്രത്തില്‍ അധികം ഉണ്ടാവുകയില്ല. നോവല്‍ വഴിയില്‍ മുമ്പേ പലരും സഞ്ചരിച്ച് കല്ലും മുള്ളുമൊക്കെ തെളിച്ചിട്ടുണ്ടാവും. അതിലെ പോകാന്‍ എളുപ്പമാണ്. പക്ഷേ ചില പ്രതിഭാശാലികള്‍ അതിലെ പോകാതെ സ്വന്തം വഴി വെട്ടിത്തുറക്കും. അത്തരം ഒരു പുസ്തകമാണ് പൂജ്യം.” പുതിയ ലാവണ്യ സംസ്കാരത്തെ പൂജ്യം എന്ന നോവല്‍ അനുഭവപ്പെടുത്തുന്നതായി പ്രസാധകര് അവകാശപ്പെടുന്നുണ്ട്. അതത്രയും ശരിയുമാണെന്ന് നോവല്‍ വായിക്കുന്നവര്‍ക്ക് ബോധ്യമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: