പള്ളുരുത്തി: അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങിയ നീതിമാന് ബോട്ടിനെ ഉയര്‍ത്തുന്ന ജോലികള്‍ പുരോഗമിക്കവേ പത്താം ദിനത്തില്‍ ബോട്ടിന്റെ എഞ്ചിനും അനുബന്ധഭാഗങ്ങളും തകര്ന്നുപൊങ്ങി. ബോട്ട് ഉയര്‍ത്താന്‍ ശ്രമിക്കുന്ന, തുറമുഖത്തെ ലോര്‍ഡ്സ് ഷിപ്പിംഗ് കമ്പനിയിലെ തൊഴിലാളികളുടെ കഠിന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ക്രെയിന്‍ ബന്ധിപ്പിച്ച റോപ്പില്‍ എഞ്ചിന് ഉയര്‍ന്നു പോന്നത്. ബോട്ടിന്റെ വിവിധ ഭാഗങ്ങളില്‍ റോപ്പ് ബന്ധിപ്പിച്ച് ശ്രമങ്ങള്‍ നടത്തിയപ്പോഴേക്കും ജീര്‍ണ്ണിച്ച ഇരുമ്പുതകിടു ഭാഗങ്ങള്‍ ഭാരം താങ്ങാനാവാതെ തകരുകയായിരുന്നു. ബോട്ടിന്റെ ജീര്‍ണ്ണതയാണ് ഉയര്‍ത്തുന്നതിന് പ്രധാന തടസ്സം.
15 മീറ്ററോളം ആഴമുള്ള കപ്പല്‍ ചാലിലെ ചെളിയില്‍ ബോട്ട് ആഴ്ന്നു കിടക്കുകയാണ്. ഇന്നലെ 11.30 ഓടെയാണ് എഞ്ചിന് ഭാഗം ഉയര്‍ത്താനായത്. ബോട്ട് ഉയര്‍ത്തുന്നതിന് പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുകയാണ് തൊഴിലാളികള്‍. അഴിമുഖത്ത് ശക്തമായ അടിയൊഴുക്ക് ജോലികള്‍ കൂടുതല്‍ ശ്രമകരമാക്കുന്നുണ്ട്. തുറമുഖ ട്രസ്റ്റ് കരാര്‍ പ്രകാരം ചൊവ്വാഴ്ച കാലാവധി അവസാനിച്ചുവെങ്കിലും ബോട്ട് പൂര്‍ണ്ണമായും ഉയര്‍ത്താമെന്ന കമ്പനിയുടെ ഉറപ്പില്‍ കരാര്‍ നീട്ടി നല്‍കുകയായിരുന്നു. വലിയ ഡ്രാഫ്റ്റുള്ള കപ്പലുകള്‍ അഴിമുഖത്തു കൂടി കടന്നു പോകുന്നത് തുറമുഖ ട്രസ്റ്റ് താല്‍ക്കാലികമായി വിലക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: