കല്‍പ്പറ്റ: വയനാട് എഞ്ചിനീയറിംഗ് കോളേജിലെ സംഘര്‍ഷത്തിന് കാരണം കോളേജ് അധികൃതരുടെ നിരുത്തരവാദിത്വ സമീപനമാണെന്ന് പിടിഎ. സംഘര്‍ഷങ്ങളെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോളേജിലെ കാര്യങ്ങളില്‍ ജനപ്രതിനിധികളെയോ സാമൂഹിക പ്രവര്‍ത്തകരെയോ പിടിഎ ഭാരവാഹികളെയോ ഇടപെടാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല; പ്രിന്‍സിപ്പാളടക്കം പല അധ്യാപകരും മുങ്ങല്‍വിദഗ്ദ്ധരാണ്. സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇവരാരും സ്ഥലത്തുണ്ടാകാറില്ല. സംഘര്‍ഷത്തിന് പല അധ്യാപകരുടെ ഇടപെടലും കാരണമാകുന്നു. കോളേജിന്റെ അഫിലിയേഷന്വരെ റദ്ദാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജീവനക്കാര്‍ തങ്ങള്‍ക്ക് തോന്നുന്ന സമയത്ത് അവധിയില്‍ പോകുന്നു, തോന്നുന്ന സമയത്ത് കോളേജിലെത്തുന്നു. പഞ്ചിംഗ് സംവിധാനമുണ്ടെങ്കിലും ഇതൊന്നും പ്രവര്‍ത്തിക്കുന്നില്ല,
കോളേജിലെ സിസിടിവി പ്രവര്‍ത്തിക്കാത്തത് പോലീസ്കേസില്‍ വരെ എത്തി. പ്രശ്നക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാവുന്നില്ല. സ്ഥിരമായി മദ്യപിച്ചെത്തുന്ന അധ്യാപകര്‍ക്കെതിരെയും നടപടിയില്ല.
തലപ്പുഴയിലെ വയനാട് എന്‍ജീനീയറിംഗ് കോളേജില്‍ 26ന് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് 28 വരെ കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന കാര്യം ഉറപ്പാണ്. സംഘര്‍ഷമുണ്ടാകുമ്പോള്‍ പരാതി ഇല്ലാത്തതിനാല്‍ പോലീസിന് കാഴ്ച്ചക്കാരായി നില്ക്കേണ്ടഅവസ്ഥയും പ്രശ്നപരിഹാരത്തിന് തടസ്സമാകുന്നു.
വയനാട് ഏന്ജീനീയറിംഗ് കോളേജിന് എന്നും ശാപമാകുന്നത് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ തന്നെയാണ്. ചൊവ്വാഴ്ച ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കല്ലും ചെങ്കല്ലും കമ്പിവടികളുമായാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്.
യുഡിഎസ്ഫും എസ്ഫ് ഐയും തമ്മിലാണ് സ്ഥിരമായി കോളേജില്‍ സംഘര്‍ഷങ്ങള്‍ നടക്കാറ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രാഷ്ട്രീയ അഭയം ലഭിക്കുന്നത് കോളേജില്‍ കൂടുതല്‍ സംഘര്‍ഷത്തിന് ഇടയാവുകയും ചെയ്യുന്നു.
പരിക്ക് പറ്റി ആശുപത്രികളില്‍ ചികിത്സ തേടുന്നവരാകട്ടെ തങ്ങള്‍ക്ക് പരാതിയില്ലെന്ന് ഡോക്ടര്‍മാരോട് പറഞ്ഞ് കേസില്‍ നിന്ന് പിന്‍വാങ്ങുന്ന സ്ഥിതിയാണുള്ളത്.
കോളേജിലെ അരക്ഷിതാവസ്ഥക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് എംഎല്‍എ, കളക്ടര്‍, വിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പിടിഎ പരാതി നല്‍കിയതായി ഭാരവാഹികളായ കെ.എസ്.സുനില്‍, രവി ഉള്ള്യേരി, കണ്ണോളി മുഹമ്മദ്, കെ.എം.ബഷീര്‍, ബി.പ്രദീപ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: