കൊല്ലം: കശുവണ്ടി വ്യവസായ മേഖലയുടെ മുന്നേറ്റത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഇന്ത്യന്‍ കശുവണ്ടി മേഖലയ്ക്കായി ക്രിയാത്മകമായ പദ്ധതി തയാറാക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ്പ്രഭു ആവശ്യപ്പെട്ടു.
കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സില്‍ (സിഇപിസി) ഗോവയില്‍ സംഘടിപ്പിച്ച കാജു ഇന്ത്യ ആഗോള കശുവണ്ടി സമ്മേളനത്തിലാണ് മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
അസംസ്കൃത കശുവണ്ടി ഉല്‍പ്പാദനം മെച്ചപ്പെടുത്തുക, യന്ത്രങ്ങളുടെ ആധുനികവല്‍ക്കരണം, കശുവണ്ടി പരിപ്പുകളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയ്ക്കായി പ്രത്യേക പദ്ധതി തയാറാക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.
ടൈപ്പ് രണ്ട് പ്രമേഹ രോഗികളില്‍ കശുവണ്ടി കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച ക്ലിനിക്കല്‍ പഠനം സിഇപിസി കേന്ദ്ര വാണിജ്യമന്ത്രിക്ക് കൈമാറി.
കേന്ദ്ര വാണിജ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സിഇപിസി തയാറാക്കിയ മിഷന് 2020 അടുത്തമാസം അദ്ദേഹത്തിന് കൈമാറും. കാജു ഇന്ത്യ 2017 വന്‍ വിജയമായിരുന്നെന്ന് സിഇപിസി പ്രതിനിധികള്‍ പറഞ്ഞു.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് കാജു ഇന്ത്യ 2017 ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ നിന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും എന്‍.കെ. പ്രേമചന്ദ്രന് എംപിയും സംസാരിച്ചു. 10 രാജ്യങ്ങളില്‍നിന്നായി 550 പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: