ആലപ്പുഴ: വിജയദശമി ദിനത്തില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലനം വച്ചത് വിവാദമായതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് അടുത്ത പ്രഹരം. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസിന്റെ ഭാഗമായി മന്ത്രിമാരുടെ തലപ്പടങ്ങള്‍ ആലേഖനം ചെയ്ത വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്‌ക്കണമെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം.
മന്ത്രി ജി. സുധാകരന്റെയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെയും മെയിലില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എഞ്ചിനീയര്‍മാരുടെ വകുപ്പുതല രണ്ടാംഘട്ട പരിശീലനം ദുര്‍ഗ്ഗാഷ്ടമിയോടനുബന്ധിച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഇതിനെതിരെ ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചെങ്കിലും മാറ്റുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ എല്ലാ ഓഫീസുകളിലും മന്ത്രിമാരുടെ ചിത്രങ്ങളടങ്ങിയ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചത്.
പിണറായി വിജയന്‍, ജി. സുധാകരന്‍, കെ.ടി. ജലീല്‍, തോമസ് ഐസക് എന്നിവരുടെ ചിത്രങ്ങള്‍ വയ്‌ക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനുള്ള പണം എവിടെനിന്നു കണ്ടെത്തണമെന്ന് പറഞ്ഞിട്ടില്ല. കരാറുകാരില്‍ നിന്നും പിരിച്ച് ഫ്‌ളക്‌സുകളുടെ പണം നല്‍കാനാണ് ഇപ്പോഴത്തെ നീക്കം.
















