പൊന്‍കുന്നം: മലയാളിയുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ചുവന്നുള്ളിക്ക് പല സ്ഥലത്തും പല വില. ചാലക്കമ്പോളത്തില്‍ 120 രൂപക്ക് വില്‍ക്കുന്ന ചുവന്നുള്ളി തമിഴ്നാട് അതിര്‍ത്തിയായ കുമളിയില്‍ ചെന്നാല്‍ 20 രൂപക്ക് വാങ്ങാം. മലയോര മേഖലയില്‍ 70 രൂപ മുതല്‍ 90 രൂപവരെ പച്ചക്കറിക്കടകളില്‍ ചുവന്നുളളിക്ക് ഈടാക്കുമ്പോള്‍ പലചരക്ക് കടക്കാര് 65നും 70നും വില്‍ക്കുന്നു.
ബ്രാന്‍ഡഡ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 118 രൂപക്ക് വില്‍ക്കുന്ന ചുവന്നുള്ളി വഴിയരികില്‍ വാഹനങ്ങളില്‍ കിലോക്കണക്കിന് വില്‍പ്പന നടത്തുന്ന വ്യാപാരികളെ സമീപിച്ചാല്‍ 50 രൂപയ്ക്കും വാങ്ങാം. വിലയിലെ ഏറ്റക്കുറവുകളെക്കുറിച്ച് ചോദിച്ചാല്‍ വ്യാപാരികള്‍ക്കും ന്യായവാദമുണ്ട്. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഉള്ളി എത്തുന്നത്. പല സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ഉള്ളിയുടെ ഗുണനിലവാരമനുസരിച്ച് വില വ്യത്യാസം വരുന്നെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത വിലയിടിവിനെത്തുടര്‍ന്ന് ഉത്തരേന്ത്യ യിലെ കര്‍ഷകര്‍ ഉള്ളിക്കൃഷിയില്‍ നിന്ന് പിന്മാറിയതുകൊണ്ട് നേരിട്ട ക്ഷാമമാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ നാലുമാസമായി മുന്തിയ ഗുണമേന്മയുള്ള ഉള്ളിക്ക് ക്വിന്റലിന് 350 മുതല്‍ 500 രൂപവരെ മാത്രമാണ് കര്ഷകന് ലഭിക്കുന്നത്. ഇതിലും നിലവാരം കറഞ്ഞ ഉള്ളിയാണ് കേരളത്തിലെ വിപണികളിലേക്കെത്തുന്നത്.
യാത്രാക്കൂലി, വാടക, കൂലിയിനം എന്നിവ കൂട്ടിയാല്‍പ്പോലും വന്‍ തുകയാണ് കൊള്ളലാഭം ലഭിക്കുന്നത്. പൂര്‍ണ്ണ വിളവെത്താത്ത ഉള്ളി മഴക്കാലത്ത് ചീയാന്‍ സാധ്യതയുള്ളതിനാല്‍ കിട്ടുന്ന വിലക്ക് വില്‍ക്കുന്നതാണ് ചില സ്ഥലങ്ങളില്‍ ഉള്ളിയുടെ വില കുറയാന്‍ കാരണമെന്നും വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: