കൊച്ചി: മലയാളത്തിലെ പുതുതലമുറ നല്ല സിനിമകള്‍ ചെയ്തുതുടങ്ങിയിരിക്കുന്നുവെന്ന് പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. വ്യത്യസ്ത ആശയങ്ങള്‍ അവരുടെ സിനിമകളില്‍ പ്രതിഫലിക്കുന്നു. ഏറെ പ്രതീക്ഷ നല്കുന്നതാണിത്. ജീവിതത്തോടു കൂടുതല്‍ ചേര്‍ന്നു നില്ക്കുന്ന സിനിമകള്‍ സാധ്യമാക്കാന്‍ പുതിയ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും കഴിയുമെന്ന് അടുത്തകാലത്തിറങ്ങിയ ചില സിനിമകള്‍ സാക്ഷ്യപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. സൈന്‍സ് ഷോര്‍ട്ട്-ഡോക്യുമെന്ററി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍.
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം നല്ല സിനിമകള്‍ നിര്‍മ്മിക്കാനുള്ള പ്രചോദനം നല്‍കുന്നതായിരുന്നു. സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാകുന്ന എഴുത്തുകാരെയും സാങ്കേതിക വിദഗ്ധരെയും ഫിലിം സൊസൈറ്റികള്‍ സ്വാധീനിച്ചു. ഇന്നും അതിന് പ്രസക്തിയുണ്ട്. സിനിമയില്‍ ഡിജിറ്റല്‍ വിപ്ലവം വലിയ മാറ്റം കൊണ്ടുവന്നു. സാങ്കേതിക രീതികള്‍ അറിയാത്തവര്‍ക്കും സിനിമയെടുക്കാമെന്ന സ്ഥിതിയാണിപ്പോഴുള്ളത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സിനിമകളുടെ ഉത്സവം സംഘടിപ്പിക്കുന്ന കാലമാണിത്. മുമ്പ് ഫിലിം ഡിവിഷന് നിര്‍മ്മിക്കുന്ന ന്യൂസ് റീലിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയുമാണ് ചെറു സിനിമകളെ നമ്മള് അറിഞ്ഞിരുന്നത്. മനോഹരമായ ചെറു സിനിമകള്‍ക്ക് ജന്മം നല്കാന് സര്‍ക്കാര്‍ സ്ഥാപനമായ ഫിലിം ഡിവിഷനു കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഫിലിം ഡിവിഷന് തന്നെ ഇല്ലാതായിരിക്കുന്നു.
ലോകമെങ്ങും ടെലിവിഷന്‍ സൃഷ്ടിച്ച വിപ്ലവം നമ്മുടെയിടയിലേക്കും വന്നു. സംഭവങ്ങള്‍ അറിഞ്ഞിരുന്നത് മുമ്പ് ഫിലിംഡിവിഷന് ന്യൂസ്റീല്‍ വഴിയായിരുന്നെങ്കില്‍ ഇന്ന് തല്‍സമയം ടെലിവിഷനിലൂടെ വാര്‍ത്തകള്‍ ദൃശ്യങ്ങളായി അറിയുന്നു. മുപ്പതോളം ചാനലുകളാണ് വാര്‍ത്തകള്‍ക്കായി മാത്രമുള്ളത്. എന്നാല്‍ യഥാര്‍ത്ഥ വാര്‍ത്ത നമുക്കു തരുന്നില്ല. സെന്സേഷനുപിന്നാലെ പായുമ്പോള്‍ യാഥാര്‍ത്ഥ്യത്തെ മറക്കുന്നു. ഒരു ചാനലും ഹ്രസ്വ ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും ഇടം നല്‍കുന്നില്ലെന്നും അടൂര്‍ പറഞ്ഞു.
ചെലവൂര്‍വേണു അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ മീരാസാഹിബ്, ചലച്ചിത്ര നിരൂപകന് വി.കെ.ജോസഫ്, കലാധരന്‍, പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി രാജീവ് മെഹ്റോത്ത്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ അനില്‍ ഫിലിപ്പ്, പ്രസ്ക്ലബ്ബ് പ്രസിഡന്റ് ദിലീപ്കുമാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ മാസം 30വരെ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ടൗണ്‍ ഹാളില്‍ സജ്ജമാക്കിയിട്ടുള്ള രണ്ട് സ്ക്രീനുകളിലാണ് പ്രദര്‍ശനം. കുര്‍ദിഷ് വംശജയായ മിസ്ഗിന്‍ മുജ്ദേ ആര്‍സലന്‍ സംവിധാനം ചെയ്ത അറിന്, കുര്ദിഷുകാരനായ ബുലന്റ് ഒസ്തുര്‍ക്ക് സംവിധാനം ചെയ്ത ഹൗസ് വിത്ത് എ സ്മാള്‍ വിന്‍ഡോസ് എന്നീ ചിത്രങ്ങള്‍ ഉദ്ഘാടന ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: