ഗാന്ധിനഗര്‍: ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥമൂലം രോഗിയായ വയോധിക സ്‌ട്രെക്ചറില്‍ നിന്ന് താഴെ വീണു. കോട്ടയം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്‌ക്കായിട്ടാണ് 82വയസുള്ള വൃദ്ധയെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ആംബുലന്‍സ് വന്നയുടന്‍ സ്‌ട്രെച്ചറുമായി എത്തി. എന്നാല്‍ വളരെ തിരക്ക്പിടിച്ച് ആംബുലന്‍സിലെ സ്‌ട്രെച്ചറില്‍ നിന്നും രോഗിയെ ഇറക്കുകയായിരുന്നു. ഡ്രൈവറുടെ കയ്യില്‍നിന്നും സ്‌ട്രെച്ചര്‍ വഴുതിയതോടെ രോഗി തറയില്‍ വീണു. ഈ സമയം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ മോഹന്‍ദാസ് രോഗിയുടെ തലയ്‌ക്ക് താങ്ങിപ്പിടിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.
ഉടന്‍തന്നെ രോഗിയെ താങ്ങിയെടുത്ത് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ സമീപത്ത് എത്തിക്കുകയും ചെയ്തു. പിന്നീട് ഡ്രൈവറുടെ അനാസ്ഥയെക്കുറിച്ച് ചോദിക്കുവാന്‍ ബന്ധുക്കള്‍ എത്തിയപ്പോഴേക്കും ഇയാള്‍ ആംബുലന്‍സുമായി കടന്ന് കളയുകയും ചെയ്തു. എറണാകുളത്തുനിന്നും എത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മുന്‍പും പലതവണ ഇങ്ങനെയുള്ള അപാകതകള്‍ കാണിച്ചിട്ടുള്ളതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.















