കോഴഞ്ചേരി: മഴക്കെടുതി കാരണം ദുരിതമനുഭവിച്ച പാവപ്പെട്ട കോളനി നിവാസികള്‍ക്ക് അര്‍ഹമായ സഹായം ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസര്‍ മടിക്കുന്നതായി പരാതി.
ആറന്മുള പഞ്ചായത്തിലെ എഴിക്കാട് കോളനിനിവാസികളെയാണ് കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസര്‍ വട്ടംകറക്കുന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെതുടര്‍ന്നാണ് കോളനിയിലെ 54 കുടുംബങ്ങള്‍ ദുരിതം അനുഭവിച്ചത്. വീടുകളില്‍ വെള്ളം കയറിയപ്പോള്‍ എഴികാട് കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുക്കളുടെ വീടുകളിലുമായിട്ടാണ് കോളനിനിവാസികള്‍ കഴിഞ്ഞത്. മഴക്കാലത്ത് എഴിക്കാട് കോളനിയില്‍ വെള്ളം കയറുക പതിവാണ്. അപ്പോഴെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും അവര്‍ക്കുവേണ്ട ഭക്ഷണ സാധനങ്ങള്‍ അടക്കം വില്ലേജോഫീസ് മുഖാന്തിരം നല്കിയിരുന്നതുമാണ്.
ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് കിടങ്ങന്നൂര്‍ വില്ലോജോഫീസറുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് കോളനി നിവാസികള്‍ പറയുന്നത്. സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രളയബാധിത പ്രദേശം സന്ദര്‍ശിച്ച് തയ്യാറാക്കിയ സഹായം നല്‍കേണ്ടവരുടെ പട്ടിക വില്ലേജ് ഓഫീസര്‍ വലിച്ചു കീറിക്കളഞ്ഞതായും ആരോപണമുണ്ട്. ഇതിനു പുറമെ 54 വീടുകളില്‍ വെള്ളം കയറിയപ്പോള്‍ ബ്ലോക്ക് നമ്പര്‍ 174 ലെ കെ.കെ. കൃഷ്ണന്‍കുട്ടിയുടെ പേരു മാത്രം ദുരിതാശ്വാസ സഹായത്തിന് അര്‍ഹതയുള്ളതായി കാണിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
എഴിക്കാട് കോളനിയിലെ ശവക്കോട്ടഭാഗത്തു താമസിക്കുന്ന 14 വീട്ടുകാര്‍ ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയുമായി വില്ലേജ് ഓഫിസില്‍ എത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു. വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും വില്ലേജ് ഓഫീസര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചുവെന്നുള്ള വിവരമാണ് ഇവര്‍ക്ക് ലഭിച്ചത്. മാത്രമല്ല ലൈജു എന്ന സ്പ്യെല്‍ ഓഫീസര്‍ക്കെതിരെ മേലധികാരികള്‍ക്ക് പരാതി ലഭിക്കുകയും അദ്ദേഹത്തെ സസ്പെന്റ് ചെയ്തതായും പറയുന്നു.
ഫലത്തില്‍ മഴക്കാല ദുരിതം നേരിട്ട കോളനി നിവാസികള്‍ക്ക് അവകാശപ്പെട്ട സഹായം ലഭിക്കാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഇക്കാര്യത്തില്‍ ജില്ലാകലക്ടറുടെയും തഹസില്‍ദാരുടെയും ഇടപെടല്‍ ഉണ്ടാവണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: