തിരുവനന്തപുരം: നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി പഴയകാല സാമാജികരുടെ ഒത്തുചേരല്‍ പഴയ നിയമസഭാ ഹാളില്‍ ഇന്നു നടക്കും. നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ചേരുന്ന ആദരിക്കല്‍ ചടങ്ങ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, 57ലെ ആദ്യ നിയമസഭയിലെ അംഗങ്ങളായ കെ.ആര്‍. ഗൗരിയമ്മ, ഇ. ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ സംസാരിക്കും.
ഉച്ചയ്‌ക്കുശേഷം മുന്‍ സാമാജികരുടെയും നിലവിലുള്ള സാമാജികരുടെയും സംയുക്ത ഒത്തുചേരല്‍ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ ചേരും. മുന്‍ മുഖ്യമന്ത്രിമാരെയും, മുന്‍ സ്പീക്കര്‍മാരെയും സദസ്സില്‍ ആദരിക്കും. വൈകിട്ട് 7ന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് നിയമസഭാ സാമാജികര്‍ ഉള്‍പ്പെടുന്ന മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ടീമുകള്‍ തമ്മില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടക്കും.
















