നിലമ്പൂര്‍: രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലിരിക്കെയാണ് പടംപെരിയത്തൊടി അബ്ദുള്ളയുടെ ആകസ്മികമായ മരണം. തിരിച്ചുവരാത്ത നഗരം എന്ന് പേരിട്ടിരുന്ന ആ നോവല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വായനക്കാരിലേക്കെത്തിക്കുകയാണ്. അബ്ദുള്ളയുടെ രണ്ടാം ചരമവാര്‍ഷികദിനമായ ഇന്ന് നിലമ്പൂര്‍ ചന്തക്കുന്ന് പാലിയേറ്റിവ് ക്ലിനിക്കില്‍ കെ.പി.രമണന് പ്രകാശനം നിര്‍വഹിക്കും.
മലയോരത്തെ സ്നേഹിച്ച അബ്ദുള്ളയുടെ ആദ്യനോവല്‍ നിലമ്പൂരിന്റെ സാമൂഹിക ചരിത്രത്തെ സര്ഗാത്മകമാക്കിയിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍ ജില്ലാ ട്രഷററും, ചന്തക്കുന്ന് സദ്ഗമയ ലൈബ്രറി സെക്രട്ടറിയും, നിലമ്പൂര്‍ യതീംഖാന മാനേജരുമായിരുന്ന അബ്ദുള്ള തന്റെ ബാല്യകാല സ്മരണകളുണര്‍ത്തി എഴുതിയ ആത്മകഥാംശമുള്ള ആദ്യ നോവലിന് എന്‍.പി ഹാഫിസ്മുഹമ്മദായിരുന്നു അവതാരികയെഴുതിയിരുന്നത്. ആദ്യനോവല്‍ വിജയമായതോടെയാണ് രണ്ടാമത്തെ നോവലായ തിരിച്ചുവരാത്ത നഗരത്തിന് തൂലികചലിപ്പിച്ചുതുടങ്ങിയത്. 1960കളിലെ ബോംബെനഗരത്തില് അരവ്യാഴവട്ടക്കാലം നീണ്ട തന്റെ പ്രവാസ ജീവിതമാണ് ഇതിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.
നഗരജീവിതത്തിന്റെ വൈവിധ്യമാരന്ന മുഖങ്ങളെ അനാവൃതമാക്കുമ്പോഴും അടിത്തട്ടില്‍ കിടക്കുന്നവരുടെ വ്യാകുലതകള്‍ നോവലില്‍ വരച്ചുകാണിക്കുന്നു.
രണ്ടാം നോവലിന്റെ അധ്യായങ്ങള്‍ പൂര്‍ത്തിയാക്കി അവസാന മിനുക്കുപണികള്‍ നടത്തുന്നതിനിടെ 2015 സപ്തംബര്‍ 26നാണ് ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ ആഗ്രഹം മാനിച്ച് കുടുംബവും, ബന്ധുക്കളും സുഹൃത്തുക്കളുമാണ് കൂട്ടായ്മയില്‍ നോവല്‍ പുറത്തിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: