തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ലൈസന്‍സില്ലാത്ത വയര്‍ലെസ് സെറ്റുകള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസ് വഴിത്തിരിവില്‍. ക്ഷേത്രത്തില്‍ നിന്ന് കാണാതായെന്ന് പ്രചരിപ്പിച്ചിരുന്ന അമൂല്യ വൈരക്കല്ലുകള്‍ രഹസ്യമായി കടത്താന്‍ വേണ്ടിയാണോ വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയതെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. മുന്‍ പെരിയനമ്പി അടക്കമുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
ശ്രീപദ്മനാഭസ്വാമിക്ക് ചാര്‍ത്തുന്ന ആഭരണങ്ങളില്‍ പതിപ്പിച്ച അമൂല്യമായ വൈരക്കല്ലുകള്‍ മോഷണം പോയെന്ന് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കെ.എന്‍. സതീഷിന്റെ നിര്‍ദ്ദേശപ്രകാരം മാനേജര്‍ വേണുഗോപാലാണ് പോലീസില്‍ പരാതിപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചു. നഷ്ടപ്പെട്ടെന്ന് പറഞ്ഞിരുന്ന 23 കല്ലുകളില്‍ 12 എണ്ണം ക്ഷേത്രത്തില്‍ നിന്നുതന്നെ കണ്ടെത്തി. ഇവയെല്ലാം സൂക്ഷിക്കേണ്ടിയിരുന്ന സ്ഥലത്തുതന്നെ ശാന്തിക്കാര്‍ സൂക്ഷിച്ചിരുന്നു. രത്‌നവിദഗ്ധന്റെ പരിശോധനയില്‍ ഇവ യഥാര്‍ഥ കല്ലുകളാണെന്നും സ്ഥിരീകരിച്ചു. പരാതിയില്‍ പറയുന്ന പ്രകാരമാണെങ്കില്‍ ബാക്കി കല്ലുകള്‍ കൂടി കിട്ടാനുണ്ട്.
ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കല്ലുകള്‍ നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി അന്ന് പെരിനമ്പിയായിരുന്ന ഉപ്പാര്‍ണം നരസിംഹന്‍കുമാറിനെതിരെയാണ് കെ.എന്‍. സതീഷ് പ്രധാനമായും ആരോപണം ഉന്നയിച്ചിരുന്നത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വേതനാനുകൂല്യങ്ങളടക്കം എക്‌സിക്യൂട്ടീവ് ഓഫീസര്‍ തടഞ്ഞിരുന്നു. എന്നാല്‍ നഷ്ടപ്പെട്ടെന്നു പറയുന്നവയില്‍ 12 എണ്ണം കണ്ടെടുത്തതോടെ ഈ ആരോപണം പച്ചക്കള്ളമാണെന്ന് വ്യക്തമായി.
















