തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസുപോലെയാണ് ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. നീതി നിഷേധത്തിനും മാര്‍ക്‌സിസ്റ്റ് അക്രമണത്തിനും എതിരെ ഫോര്‍ട്ട് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. തലസ്ഥാന നഗരിയിലെ ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎം നേതാക്കള്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. അതേസമയം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. പോലീസും സിപിഎമ്മുമായി ധാരണയുണ്ടാക്കി ഏതാനും പേരെ പ്രതികളാക്കി കേസ് ഒതുക്കിതീര്‍ക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ വനിതാ നേതാവിന്റെ മകന്‍ ഉള്‍പ്പെട്ട വീടാക്രമണത്തിന്റെ സിസിടിവി ദൃശ്യം പോലീസിന് കൈമാറിയിട്ട് രണ്ടാഴ്‌ച്ച കഴിഞ്ഞതിന് ശേഷമാണ് നടപടിസ്വീകരിക്കാന്‍ പോലീസ് തയ്യാറായത്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ഗുണ്ടകള്‍ക്കും എന്തും കാണിക്കാമെന്ന സാഹചര്യമാണ് തലസ്ഥാനത്ത് നിലവിലുള്ളത്.
അസിസ്റ്റന്റ് കമ്മീഷണര്‍, എസ്‌ഐ, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാര്‍സിസ്റ്റ്പാര്‍ട്ടിക്കാരുടെ കൈയിലെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തില്‍ വോട്ടിന്റെ ശതമാനത്തിലായാലും കൗണ്‍സിലറുകളുടെ എണ്ണത്തിലായായലും ഏറ്റവും വലിയ പാര്‍ട്ടി ബിജെപിയാണ്. അതുകൊണ്ടുതന്നെ കള്ളക്കേസെടുക്കുമ്പോഴും ഏകപക്ഷീയമായ അക്രമണം അരങ്ങേറുമ്പോഴും സമാധാനം പുലരുന്നതിന് വേണ്ടി സംയമനം പാലിച്ചുകൊണ്ടാണ് ബിജെപി സമൂഹത്തോടുള്ള കടമ നിറവേറ്റുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി ഒന്നര വര്‍ഷത്തിന് ശേഷം തലസ്ഥനത്ത് മൂന്ന് ദളിത് സഹോദരങ്ങളെയാണ് കൊല ചെയ്യപ്പെട്ടത്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വയ്‌ക്കുന്നത് അരിഞ്ഞു വീഴ്‌ത്തലിന്റെ രാഷ്‌ട്രീയമാണെങ്കില്‍ ബിജെപി വികസനത്തിന്റെ രാഷ്‌ട്രീയമാണ് മുന്നോട്ട് വയ്‌ക്കുന്നത്. ഒന്നരവര്‍ഷത്തിനിടെ അനന്തപുരിയില്‍ 35000 കോടിയുടെ വികസനമാണ് ബിജെപി കൊണ്ടുവന്നതെന്നും സുരേഷ് പറഞ്ഞു. ഗാന്ധിപാര്‍ക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് അട്ടക്കുളങ്ങര ജംഗ്ഷനില്‍ ബാരിക്കേടുകള്‍ നിരത്തി പോലീസ് തടഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, സംസ്ഥാന സമിതി അംഗം ശ്രീവരാഹം വിജയന്‍, മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വിനോദ് തമ്പി, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി അംഗം സിമി ജോതിഷ്, കൗണ്‍സിലര്‍മാരായ തിരുമല അനില്‍, എസ്‌കെപി രമേഷ്, സുരേഷ്, ബീന.ആര്‍.സി, ചിഞ്ചു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















