രാജാക്കാട്(ഇടുക്കി): കുടിക്കാന്‍ വെള്ളവും സഞ്ചരിക്കാന്‍ വഴിയുമില്ലാതെ ദുരിതത്തില്‍ കഴിയുകയാണ് ചിന്നക്കനാല്‍ സിങ്കുകണ്ടം മുന്നൂറ്റിയൊന്ന് കോളനിയിലെ വനവാസികള്‍. ഒന്നര പതിറ്റാണ്ടിലധികമായി ഇതാണ് സ്ഥിതി. എ. കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മറയൂര്‍ മേഖലയിലെ വനവാസി കുടുംബങ്ങളെ സിങ്കുകണ്ടം മുന്നൂറ്റിയൊന്ന് കോളനിയിലേക്ക് ഭൂമി പതിച്ചുനല്‍കി കുടിയിരുത്തിയത്.
ഒരേക്കര്‍ പത്തുസെന്റ് വീതം ഭൂമിക്ക് പട്ടയം നല്‍കിയാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്. ഇതിനുശേഷം ഇവരെ അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. ആനയിറങ്കല്‍ ജലാശത്തിന് സമീപത്തായി കോളനിക്കാര്‍ കുത്തിയിട്ടുള്ള ചെറിയ ഓലിയില്‍ നിന്നാണ് വെള്ളം ശേഖരിച്ച് കിലോമീറ്ററുകള്‍ തലച്ചുമടായി കുടിയിലെത്തിക്കുന്നത്. മഴയെ മാത്രം ആശ്രയിച്ചാണ് ഇവിടെ കൃഷി നടത്തുന്നത്.
കുടിയിലേക്ക് യാത്രാ യോഗ്യമായ റോഡില്ലാത്തതിനാല്‍ പുറംലോകവുമായി കുടിനിവാസികള്‍ ബന്ധപ്പെടുന്നത് ആനയിറങ്കല്‍ ജലാശത്തിലൂടെ വള്ളത്തില്‍ സഞ്ചരിച്ചാണ്. സര്‍ക്കാര്‍ വച്ച് നല്‍കിയിരിക്കുന്ന കോണ്‍ക്രീറ്റ് വീടുകള്‍ ചോര്‍ന്നൊലിക്കുന്നവയാണ്. കുടിവെള്ളമടക്കമുള്ള ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടിനിവാസികള്‍ ജില്ലാ കളക്ടറെ വരെ സമീപിച്ചെങ്കിലും ഒരുവിധ നടപടിയും ഉണ്ടായിട്ടില്ല.
















