കോഴഞ്ചേരി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചു
കോഴഞ്ചേരി: ജനങ്ങളുടെ ദുരിതത്തിന് പരിഹാരമായി കോഴഞ്ചേരി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മഴശക്തമായതോടെ നഗരഹൃദയമായ സി. കേശവന് സ്ക്വയര്‍ മുതല്‍ പൊയ്യാനില്‍ പ്ലാസയ്ക്ക് മുന്‍വശം വരെയുള്ള റോഡില്‍ മലിനജലം നിറഞ്ഞ് കാല്‍നടയാത്രപോലും അസാദ്ധ്യമായിരുന്നു.
ഇതിനുപരിഹാരമായി പുതിയ കലുങ്ക് നിര്‍മ്മിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റിന്റെ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.
കേശവന് സ്ക്വയറിന്റെ ഒരു ഭാഗം പൊളിച്ച് അതിന്റെ അടിയില്‍കൂടി ഓട നിര്‍മ്മിക്കുവാനായിരുന്നു പദ്ധതി. എന്നാല്‍ ഇതാണ് എതിര്‍പ്പിന് ഇടയാക്കിയത്.
ഇടതുമുന്നണി, എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറെ നേരം വാക്കുതര്‍ക്കത്തിനും ഇതുകാരണമായി.
എസ്എന്‍ഡിപി യോഗം കോഴഞ്ചേരി യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ടൗണില്‍ പ്രകടനവും പ്രതിഷേധയോഗവും ചേര്‍ന്നതോടെ നിര്‍മ്മാണം തടസ്സപ്പെടുമെന്ന സ്ഥിതിയുമുണ്ടായി.
പ്രതിഷേധം ശക്തമായതോടെ കേശവന് സ്ക്വയര്‍ ഒഴിവാക്കി റോഡിനടിയിലൂടെ ഓട നിര്‍മ്മിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കി. പുതുക്കിയ രൂപരേഖ അനുസരിച്ചുള്ള പണികളാണ് ഇന്നലെ ആരംഭിച്ചത്.
ജില്ലാ ആശുപത്രി, കോഴഞ്ചേരി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ കേശവന് സ്ക്വയറിന് സമീപം അടിഞ്ഞുകൂടുന്നത് യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും വലിയ ബിദ്ധിമുട്ടും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു.
പൊയ്യാനില്‍ പ്ലാസക്കുസമീപം റോഡിന്റെ പകുതി മുറിച്ചതോടെ കേശവന് സ്ക്വയറിന്റെ മറുവശത്തുകൂടി ഗതാഗതം തിരിച്ചിവിട്ടിട്ടുണ്ട്.
ഈ ഭാഗത്തെ പണി പൂര്‍ത്തിയാക്കിയ ശേഷം മറുഭാഗം പൊളിക്കുന്നതിനാണ് പദ്ധതി. ടൗണില്‍ റോഡ് മുറിച്ചതോടെ ഗതാഗതകുരുക്ക് വര്‍ദ്ധിച്ചുവെങ്കിലും നിയന്ത്രണത്തിന് കൂടുതല്‍ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: