ഗ്യഹാതുരത്വത്തിന്റെ മണമേല്‍ക്കുന്ന പൊതിച്ചോറുകളെ പ്ലാസ്റ്റിക് വിഴുങ്ങുന്ന കാലം. സദ്യകളില്‍ പോലും വാഴയിലയുടെ രുചി നാവ് മറന്നുതുടങ്ങിയിട്ടും മലയാളിയുടെ ജീവിതത്തില്‍ അവയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ട്. വാഴക്കൃഷിയില്‍ നേട്ടമുണ്ടാക്കിയവര്‍ നിരവധിയാണ്. എന്നാല്‍ പഴയ ഒരു തലമുറ കെട്ടുവള്ളങ്ങളില്‍ വാഴയിലകളുമായി അങ്ങാടികളില്‍ നടത്തിയ വില്‍പ്പന മാറ്റി നിര്‍ത്തിയാല്‍ ഇന്ന് ഈ രംഗത്തുള്ളവര്‍ വിരളമാണ്.
ഇന്ന് വാഴയിലകള്‍ക്കായി നാം അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. ഒരു കുലയ്‌ക്ക് പകരം വര്‍ഷം മുഴുവന്‍ ലഭിക്കുന്ന വാഴയിലകളാണ് ഇവിടെ ഒരു ചെറുപ്പക്കാരന്റെ ജീവിത മാര്‍ഗം. പാലക്കാട് മേനോന്‍പാറ വടകരപ്പതി പഞ്ചായത്തില്‍ ഗോകുലം വീട്ടില്‍ മനോജ് രണ്ടു വര്‍ഷം മുമ്പാണ് ഇലവാഴക്കൃഷിയില്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ വ്യാപകമായുള്ള ഇലവാഴക്കൃഷി കേരളത്തിലാരും കാര്യമായി പരീക്ഷിച്ചിട്ടില്ല. നെല്ലും, കരിമ്പും പരീക്ഷിച്ച ശേഷമാണ് മനോജ് വാഴയില കൃഷിയിലേക്ക് തിരിഞ്ഞത്. ഇന്ന് മനോജിന്റെ രണ്ടേക്കറില്‍ നാലായിരം വാഴകളാണുള്ളത്. കാറ്റും, മഴയും ചതിച്ചില്ലെങ്കില്‍ മാസം ശരാശരി കുറഞ്ഞത് 25,000 രൂപ വരുമാനവും. ഒരു വര്‍ഷമായി വില്‍പ്പന നല്ല രീതിയില്‍ നടക്കുന്നുണ്ട്.
ഇലയ്‌ക്ക് ഞാലിപ്പൂവന്‍
ഞാലിപ്പൂവനാണ് ഇലയാവശ്യത്തിനായി കൃഷിചെയ്യുന്ന മുഖ്യയിനം. ഇവയുടെ ഇലകള്‍ മയമുള്ളതും, വലിപ്പമുള്ളതും, വഴക്കമുള്ളതുമാണ്. വാഴ അധികം ഉയരം വയ്‌ക്കില്ല എന്നതും ഗുണകരമാണ്. ആദ്യഘട്ടത്തില്‍ തിരുച്ചിറപ്പള്ളിയില്‍നിന്നു നാലായിരം വാഴക്കന്നുകളാണ് വാങ്ങിയത്. കുല വെട്ടാനുള്ള വാഴക്കൃഷിയില്‍നിന്നു വ്യത്യസ്തമായി, ഇലയ്‌ക്കു വേണ്ടിയാവുമ്പോള്‍ അകലവും കുറച്ചാണ് നട്ടത്. നാലടി അകലം. ഇതിനാല്‍ തന്നെ അധികമായി വാഴയും നടാന്‍ കഴിഞ്ഞു. വാഴ നട്ട് മൂന്നു മാസത്തിനുള്ളില്‍ ആദ്യവളമായി വേപ്പിന്‍പിണ്ണാക്ക്, പൊട്ടാഷ്, യൂറിയ എന്നിവ നല്‍കി. രണ്ടു മാസത്തിനു ശേഷം ഒരു വളപ്രയോഗംകൂടി.
പിന്നീടങ്ങോട്ട് ചാണകപ്പൊടിയാണ് മുഖ്യ വളം. വളം കൊടുത്താല്‍ ഇലകള്‍ കൂടുതല്‍ വരുമെങ്കിലും അമിതമായ രാസവളപ്രയോഗം വാഴയുടെ ആയുസ്സു കുറയ്‌ക്കുമെന്നാണ് മനോജ് പറയുന്നത്. നട്ട് അഞ്ചു മാസമെത്തുന്നതോടെ ഇലകള്‍ മുറിച്ചു തുടങ്ങി. വിരിയാന്‍ തുടങ്ങുന്ന തളിരിലകളാണ് മുറിച്ചെടുക്കുന്നത്. എളുപ്പത്തില്‍ കീറിപ്പോകുമെന്നതിനാല്‍ മൂപ്പു കൂടിയ ഇലകള്‍ക്ക് ആവശ്യക്കാരും കുറവായിരിക്കും. 4000 വാഴയില്‍ നിന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 600 മുതല്‍ 800 ഇലകള്‍ വരെ മുറിക്കാം.
ഒരു കെട്ടില്‍ നൂറ് ഇലയാണുള്ളത്. ഇലയൊന്നിന് മൂന്നര രൂപ ലഭിക്കും. മുറിക്കാനും, കെട്ടാനുമായി എത്തുന്നയാള്‍ക്ക് ഇലയൊന്നിന് ഒരു രൂപയാണ് കൂലി. അത് മാറ്റി നിര്‍ത്തിയാല്‍ രണ്ടര രൂപ വരുമാനം. ഒന്നിടവിട്ട ദിവസങ്ങളില്‍ ശരാശരി 1500-2000 രൂപ വരെ വരുമാനം ലഭിക്കും. മൂന്നു വര്‍ഷം വരെ നീളുന്നതാണ് ഒരു കൃഷിക്കാലം. ഇല മുറിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കുല വരുന്നതു വൈകും. എന്നാലും പത്തു മാസത്തോടെ കുല വരും. കുല വന്ന വാഴ താമസിയാതെ നശിക്കും. എന്നാല്‍ അപ്പോഴേക്കും ഒരു ചുവട്ടില്‍ ഒന്നോ രണ്ടോ വാഴക്കുഞ്ഞുങ്ങള്‍ വളര്‍ന്ന് വിളവെടുപ്പിനു പാകമായിട്ടുണ്ടാവും.
വില്‍പ്പന തമിഴ്‌നാട്ടില്‍
അതിര്‍ത്തി പ്രദേശമായതിനാല്‍ വാഴയില കൃഷിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇലയാവശ്യക്കാര്‍ പാലക്കാട് മേഖലയില്‍ സജീവമാണ്. കോയമ്പത്തൂരിലെ ഹോട്ടലുകളും, ഹോസ്റ്റലുകളുമാണ് പ്രധാനമായും വാഴയിലയെ ആശ്രയിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സദ്യകള്‍ക്കാണ് വാഴയിലകള്‍ അധികവും വേണ്ടി വരുന്നത്.
വളരെക്കുറച്ച് പരിപാലനം മാത്രം ആവശ്യമുള്ള വാഴയില കൃഷിക്ക് കേരളത്തിലെ എല്ലാ ഭാഗങ്ങളിലും മികച്ച സാധ്യതയുണ്ടെന്നാണ് മനോജ് പറയുന്നത്. മനോജിനൊപ്പം വാഴകളുടെ പരിപാലനത്തിനായി അച്ഛന്‍ മണി, അമ്മ പ്രേമ, ഭാര്യ രാധിക എന്നിവര്‍ പിന്തുണയുമായുണ്ട്. പ്രപഞ്ചു, ലക്ഷ്മി എന്നിവര്‍ മക്കളാണ്. കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനും മനോജ് തയ്യാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: