വള്ളുവനാടിന്റെ വ്യക്തിത്വവും നാട്ടുത്സവങ്ങള്‍ കണ്ടറിഞ്ഞു വളര്‍ന്നതിന്റെ തെളിവും തെളിച്ചവുമായി ശിവശങ്കരന് ചെര്‍പ്പുളശ്ശേരി ശിവനായി ആസ്വാദകര്ക്കുമുന്നിലുണ്ട്. മികവിന്റെ മുത്തുകുടയുംചൂടി മദ്ദളത്തിന്റെ പെരുമാളാണീശിവന്. തിമിലനിരകള്ക്കുമുന്നില് അരയില്‍ മുറുക്കിയ മദ്ദളവുമായി രണ്ടുകൈകളും സ്വതന്ത്രമാക്കി എന്തിനും ഒരുങ്ങിയ ഒരു ചക്രവര്‍ത്തി. മുന്‍കാലത്ത് തനിക്കൊപ്പം നിന്നിരുന്നവര്‍ ഇന്നില്ലെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ ചെര്‍പ്പുളശ്ശേരി ശിവന് അമരക്കാരനായി അമരത്തുതന്നെയുണ്ട്. ശിഷ്യപ്രശിഷ്യരുടെ കഴിവുകള്‍ പ്രവൃത്തി പഥത്തില്‍ കൗതുകപൂര്‍വം വാത്സല്യഭാവേന കണ്ടുനില്ക്കുന്ന ശിവാശാന് എഴുപത് തികയുകയാണ്.
ഇതിനുമുന്നോടിയായി ചെര്‍പ്പുളശ്ശേരിയില്‍ ഒക്റ്റോബര്‍1 ന് വിപുലമായ ആഘോഷം ഒരുക്കിയിട്ടുണ്ട്. മദ്ദളനിരയുടെ വിശിഷ്ടമായ ശബ്ദം എന്തെന്ന് സകലരേയും അറിയിച്ച് സാധകബലത്തിന്റെ കുലീനത ഇദ്ദേഹത്തില്‍ തറഞ്ഞുകിടക്കുന്നു. കേള്‍വികേട്ട പ്രദേശങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പ്രമാണം ഇന്നും നിറഞ്ഞുനില്‍ക്കുകയാണ്. പാലക്കാടന്‍ വേലകളും പൂത്തിറങ്ങുന്ന പൂരങ്ങളും തെക്കന്‍ നാട്ടിലെ പൂര്‍ണ്ണതയുടെ ഉത്സവങ്ങള്‍ക്കും ഒഴിവാക്കാനാവാത്ത പ്രമാണിയാണ് ചെര്‍പ്പുളശ്ശേരി. പഞ്ചവാദ്യത്തില്‍ മദ്ദളനിരയുടെ അമരക്കാര്‍ എന്നും വടക്കന്‍ നാട്ടുകാരായിരുന്നു. തെക്കുള്ളവരില്‍ ചാലക്കുടി നമ്പീശനാണ് പറയത്തക്ക പ്രമാണിയായിട്ടുണ്ടായിരുന്നത്. കാലംപോകെ പ്രശസ്തരെല്ലാം ഒര്‍മ്മകളായി. ഇന്ന് ശിവകാലം പൂത്തുലഞ്ഞ് നില്‍പ്പാണ്.
തൃശ്ശൂര്‍ പൂരം മുതല്‍ എറണാകുളം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, നെന്മാറ, ഉത്രാളി തുടങ്ങിയ രാജകീയത നിറഞ്ഞ അരങ്ങുകളില്‍ ശിവന് അവിഭാജ്യഘടകമായി. വായനയും കൊട്ടിനിറയ്ക്കലും തുടങ്ങി സാധകബലത്തിന്റെ തീവ്രതയും ഇദ്ദേഹത്തില്‍ സംക്രമിച്ചിരിക്കുന്നു.
രാമമംഗലത്തേയും അന്നമനടയിലേയും പഴയകാല മഹാന്മാര്‍ക്കൊപ്പം ഒരറ്റത്തുനിന്നും ശിവന് കൊട്ടിവളര്‍ന്നു. കുഴൂര്‍, ചോറ്റാനിക്കര, പല്ലാവൂര്‍ എന്നിവിടങ്ങളിലെ ആശാന്മാരും പുതുതലമുറക്കാര്ക്കൊപ്പവും ആശാന് അരങ്ങില്‍ പ്രമാണിയായിനിറഞ്ഞുനിന്നു. കൂട്ടിക്കൊട്ടിന്റെ പെരുമഴകളില്‍ വിശാലമായ താളവട്ടങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വിരിഞ്ഞിറങ്ങുമ്പോഴും ബലവത്തായ ശിവഭാവം കാണേണ്ട കാഴ്ചയാണ്. പ്രമാണസ്ഥാനത്തുനില്ക്കുമ്പോള് വരും തലമുറക്കാരെ പഠിപ്പിക്കുന്നതും നല്ല ആശാന്റെ ലക്ഷണം തന്നെ.
മദ്ദളക്കാരിലെ പകരം വയ്ക്കാനില്ലാത്ത തൃക്കൂര്ഗോപാലന്കുട്ടിമാരാര്, കടവല്ലൂര്‍ അരവിന്ദാക്ഷന്, തൃക്കൂര് രാജന്, തിച്ചൂര്‍ വാസുവാരിയര്‍ തുടങ്ങിയ പ്രതിഭാധനന്മാര്‍ക്കൊപ്പം ശിവന് കൂട്ടിപൊഴിക്കുന്ന അരങ്ങുകള്‍ ഒരുകാലത്ത് കാണേണ്ടതും കേള്ക്കേണ്ടതുമായിരുന്നു. തൃശ്ശൂര്‍ പൂരത്തിന്റെ മഠത്തില്‍ വരവിനും കൊട്ടിയിട്ടുണ്ട്. പാറമേക്കാവില്‍ കാലങ്ങളോളം പ്രമാണിയായ ശിവന് കേരള കലാമണ്ഡലത്തില്‍ പഞ്ചവാദ്യത്തില്‍ മദ്ദളാദ്ധ്യാപകനായിരുന്നു.
നിരവധി മദ്ദള പ്രതിഭകള്‍ കലാമണ്ഡലത്തില്‍ നിന്ന് കഥകളിമദ്ദളത്തിനൊപ്പം വിരിഞ്ഞിറങ്ങിയതില്പ്പരം ആനുഗ്രഹം വേറെന്തുണ്ട്. ഇന്നുകാണുന്ന മിക്കവാറും മദ്ദളകലാകാരന്മാര് ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. ഒരുവിട്ടുവീഴ്ചയുമില്ലാത്ത ചെര്‍പ്പുളശ്ശേരിയുടെ കൊട്ടിന്റെ ആഴം അളക്കാനാവാത്തതാണ്. സാധകബലത്തിന്റെ മിടുക്കുതന്നെയാണിതു കാണിക്കുന്നത്്. ഓരോ പഞ്ചവാദ്യം കഴിയുമ്പോഴും നിത്യയൗവനത്തിലേയ്ക്ക് കടന്നുകൂടുകയാണിദ്ദേഹം. വിവിധകാലങ്ങളില്‍ മദ്ദളവുമായി അരങ്ങുകള്‍ പിന്നിടുമ്പോഴും അവരില്‍ നിന്നു പഠിക്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നേറുന്ന ചെര്‍പ്പുളശ്ശേരി ശിവ മുദ്രകള്‍ കാണാന്‍ ആസ്വാദകര്‍ കാത്തിരിപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: