‘വിശപ്പിന്റെ വിളി’യാണ് പ്രേംനസീര്‍ അഭിനയിച്ച അടുത്ത ചിത്രം. ചിത്രത്തിന്റെ ഒരുക്കപരിവൃത്തത്തെക്കുറിച്ച് ഉദയാ സ്റ്റുഡിയോയുടെ സ്ഥാപന ചരിത്രം പരാമര്‍ശിച്ച കൂട്ടത്തില്‍ മുന്‍പേ എഴുതിയിരുന്നു. ഈ ചിത്രത്തിലെ അഭിനയനാളുകളില് പ്രേംനസീര്‍ ചലച്ചിത്രാഭിനയത്തിനായി തന്നെത്തന്നെ ഒരുക്കിയും മെരുക്കിയുമെടുക്കുകയായിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും പ്രൊഫഷണലായ അഭിനേതാവായി മാറുന്നതിനുള്ള ശിക്ഷണം സ്വയം തേടി നേടുകയായിരുന്നു അദ്ദേഹം.
ഈ ചിത്രത്തിലെത്തുമ്പോഴേക്കും പ്രേംനസീറിന്റെ അഭിനയത്തിനു കുറെക്കൂടി സ്വീകാര്യത വന്നിരുന്നു. ‘ചിത്രശാല’യില്‍ സിനിക്ക് ഇപ്രകാരം എഴുതി.
”… പ്രകൃത ചിത്രത്തിലെ പ്രത്യേകം പറയേണ്ടൊരു മേന്മയാണ് പ്രേംനസീറിന്റെ സമുചിത ഭാവാവിഷ്കരണ രീതിയും. ആ ചെറുപ്പക്കാരന്റെ മുഖത്തുനിന്നും മൈനര്‍ ഛായ മാഞ്ഞുപോയിട്ടില്ല ഇനിയും!
”…വിരഹരംഗങ്ങളില് ആ മുഖത്തു വീശുന്ന കഠിനയാതനയുടെ കരിനിഴലുകള്‍ കാണേണ്ടവയത്രെ….
”…പ്രായപൂര്‍ത്തിവന്ന്, തെല്ലു പൗരുഷം കൂടി കൈവന്നാല്‍ പ്രേംനസീര്‍ മലയാളചലച്ചിത്ര വേദിയിലെ ഗണനീയ നടന്മാരില് ഒരാളാകാനിടയുണ്ട്!”
തിക്കുറിശ്ശി പതിവു വേഷങ്ങള്‍ വിട്ട് സ്വാഭാവികാഭിനയത്തിലേക്ക് തിരിഞ്ഞതും ചിത്രത്തിന്റെ മേന്മയായി സിനിക്ക് കാണുന്നു. അന്നോളമുള്ള അദ്ദേഹത്തിന്റെ അഭിനയത്തിലെ പ്രകടമായ ‘തിക്കുറിശ്ശിത്വം’ ഈ ചിത്രത്തില്‍ അലോസരമുണര്ത്തിയില്ല. എസ്. പി. പിള്ള, മാത്തപ്പന്, കാലായ്ക്കല്‍ കുമാരന്, നാണുക്കുട്ടന്, വാണക്കുറ്റി, കുമാരി തങ്കം, പങ്കജവല്ലി, അടൂര്‍ പങ്കജം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
അന്തര്‍നാടകങ്ങളും ബഹിര്നാടകങ്ങളും വാരിനിറച്ചുകൊണ്ടാണ് കഥാഖ്യാനം. ചിത്രം തുടങ്ങുന്നതു തന്നെ ഒരു തമിഴ്നാടകവുമായാണ്. പിന്നെ കഥയിലെ മുതലാളി കഥാപാത്രത്തിന്റെ ക്രൂരനീചത്വത്തിന് വിരുദ്ധ സൂചകമായി ‘സ്വര്‍ഗ്ഗവാതില്‍’ എന്നൊരു നാടകം. അതിനും മുന്‍പ് അതിലും വലുതായി ചങ്ങമ്പുഴയുടെ രമണനെ തേജോവധം ചെയ്തുകൊണ്ടുള്ള ഒരു ദൃശ്യാവിഷ്കാരം. എന്നിട്ടും മതിയാവാഞ്ഞിട്ടോ എന്തോ നിര്‍മാതാക്കളുടെ മുന്‍ ചിത്രമായ ‘നല്ലതങ്ക’യില്‍ നിന്നുള്ള കുറച്ചു ദൃശ്യങ്ങളും ചിത്രത്തില്‍ ഇടകലര്‍ത്തിയിരിക്കുന്നു. ആഭാസച്ചുവയില്ല എന്നതു മാറ്റിനിര്‍ത്തിയാല്‍ തീരെ തരംതാണ കര്മ്മരംഗങ്ങള്ക്കുവേണ്ടി ഒരുപാടു സെല്ലുലോയിഡ് ഉപയോഗിച്ചിട്ടുണ്ട്. സംഘട്ടനരംഗങ്ങളിലത്രയും വിശ്വാസ്യതയ്ക്കു ഭംഗം വരുത്തുന്ന അതിശയവല്‍ക്കരിച്ച വീരസാഹസികത. നായികാനായകന്മാരുടെ ഹൃദയൈക്യം ചിത്രീകരിക്കുമ്പോഴൊക്കെ സ്ത്രീ ശരീരത്തിന്റെ (അതു ബാല്യ കൗമാരഘട്ടങ്ങളിലേതായാല്ക്കൂടി) അവയവമാദകത്വത്തില് ഊന്നി നിന്നുള്ള ചിത്രീകരണവും.
ഇനി കഥയിലേക്ക് കടന്നാലോ വിചിത്രം എന്നേ പറയുവാനാകൂ…
മോഹനന് എന്ന അനാഥനാണ് നായകന്. ബാലനായിരുന്നപ്പോള്‍ ബസ് സ്റ്റാന്റില്‍ പരവശനായി അലഞ്ഞുനടന്ന അവനെ കണ്ട് അലിവുതോന്നി ആനന്ദഭവനത്തിലെ ഗൃഹനായകന് വീട്ടിലേക്ക് കൊണ്ടുപോന്നു. തന്റെ മക്കളായ വേണുവിന്റെയും സരോജത്തിന്റെയും ഒപ്പം വളര്‍ത്തി. മോഹനന്റെ കുടുംബം നശിപ്പിച്ച പഴയ കാര്യസ്ഥന് ഇന്നിപ്പോള്‍ നാട്ടിലെ വലിയ ധനാഢ്യനാണ്. അയാളുടെ ലുബ്ധ് ഏറെ പ്രസിദ്ധവും. അയാളുടെ മകള്‍ കമലത്തെയാണ് വേണു വിവാഹം കഴിച്ചത്. തങ്ങളുടെ ഫാക്ടറിയാവശ്യത്തിനുവേണ്ടി വേണു കമലത്തിന്റെ അച്ഛനോടു പണം കടം വാങ്ങിയിരുന്നു. കമലത്തിന്റെ ജ്യേഷ്ഠന് രാമുവിന് സരോജത്തെ വിവാഹം കഴിച്ചുകൊടുത്താല്‍ ആ പണം തിരികെ കൊടുക്കുന്നതൊഴിവാക്കാമെന്ന് കമല വേണുവിനെ ഉപദേശിക്കുന്നു; പ്രലോഭിപ്പിക്കുന്നു.
രാമു ഒരു വങ്കനാണെന്നു ബോധ്യമുള്ള സരോജം അതിനു വഴങ്ങുന്നില്ല; അതുകൊണ്ടുതന്നെ വേണ്ടവിധം അതിനു മുന്കൈയെടുക്കുവാനായില്ല. അതിന്റെ നിരാശ സരോജത്തോടും വേണുവിന്റെ അമ്മയോടുമുള്ള കടുത്ത പകയാക്കി മാറ്റി കമലം അവരെ ദ്രോഹിക്കുന്നു. ഇതിനിടയില്‍ സരോജവും മോഹനനും തമ്മില്‍ പ്രേമമായി. ഇതറിയുന്ന വേണു ക്ഷുഭിതനായി മോഹനനെ ഉദ്യോഗത്തില്‍നിന്നും പിരിച്ചുവിട്ട് വീട്ടില്നിന്നുമിറക്കിവിടുന്നു. തുടര്‍ന്നുള്ള കഥാപര്‍വ്വം കാമുകീകാമുകന്മാരുടെ ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും പീഡനകാലമാണ്. ഒടുവിലൊടുവില്‍ അതെല്ലാം തരണം ചെയ്തു നായികയും നായകനും ഒന്നുചേര്‍ന്ന് ഒരു യുഗ്മഗാനം ആലപിച്ച് കഥയിതു പൂര്‍ണമാക്കുന്നു. ചിത്രത്തിനു സംഭാഷണമെഴുതിയതു മുതുകുളമാണ്.
ഇങ്ങനെയൊരു കഥയ്ക്ക് ‘വിശപ്പിന്റെ വിളി’ എന്നു പേരിട്ടതിന്റെ ന്യായം ചരിത്രത്തിലൊരിടത്തുനിന്നും വ്യക്തമാകുന്നില്ല. പേരിലെങ്കിലും അല്‍പ്പം ‘പുരോഗമനം’ ഇരിയ്ക്കട്ടെ എന്നു തോന്നിയിരിക്കാം നിര്‍മ്മാതാക്കളായ കെ. വി. കോശിക്കും കുഞ്ചാക്കോയ്ക്കും. കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അവര്‍ നിര്‍മ്മിച്ച ‘ജീവിത നൗക’യും ‘നല്ലതങ്ക’യും പോലെ വന്‍വിജയമായില്ലെങ്കിലും ‘വിശപ്പിന്റെ വിളി’യും ഭേദപ്പെട്ട നിലയില്‍ വിജയം കൊയ്തു.കെ.വി. കോശിയും കുഞ്ചാക്കോയും തമ്മില്‍ നിര്മ്മാണരംഗത്തുണ്ടായിരുന്ന പങ്കാളിത്തം അവസാനിച്ചത് ഈ ചിത്രത്തോടെയാണ്.
ചെറിയ ചെറിയ ഇടര്‍ച്ചകള്‍ വലിയ അകലങ്ങളായി ബന്ധങ്ങള്‍ ഉലയുന്നതിനു മുന്‍പേ തമ്മില്‍ പിരിഞ്ഞു എന്നാണ് ഉദയായുമായി അടുപ്പമുള്ളവര്‍ പറഞ്ഞുകേട്ടിട്ടുള്ളത്.
എറണാകുളത്തുള്ള മലബാര്‍ ഹൗസില്‍ ഒരു മുറിയെടുത്തായിരുന്നു ഇരുവരും ചര്‍ച്ചകള്‍ നടത്തിവന്നത്. കെ. വി. കോശിയ്ക്കു എപ്പോഴും ആലപ്പുഴയില്‍ വരാനുള്ള അസൗകര്യം ഒഴിവാക്കാന്‍ കൂടിയായിരുന്നുവത്രെ അത്. നടീനടന്മാരെയും സാങ്കേതിക കലാകാരന്മാരെയും തീര്‍ച്ചപ്പെടുത്തുന്നതില്‍ ഇരുവര്‍ക്കും വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടായിരുരുന്നതായും ഇടര്‍ച്ചകള്‍ക്കു തുടക്കമായതിനു കാരണമതാണെന്നും ചേലങ്ങാട്ടു ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടുന്നു. ജീവിത നൗകയില്‍ ബി. എസ്. സരോജയ്ക്കു പകരം മിസ്സ്. കുമാരി മതിയെന്നായിരുന്നുവത്രെ കോശിയ്ക്ക്. ‘വിശപ്പിന്റെ വിളി’യില്‍ സംഗീതം ദക്ഷിണാമൂര്‍ത്തി മതി എന്ന കോശിയുടെ നിര്‍ദ്ദേശത്തെ മറികടന്നു കുഞ്ചാക്കോ പി. എസ്. ദിവാകറിനെ നിശ്ചയിച്ചു.
ഛായാഗ്രാഹകനായി ഇ. ആര്. കൂപ്പറെയും ശബ്ദലേഖകനായി രാജഗോപാലിനെയും സംവിധായകനായി മോഹന്‍ റാവുവിനെയും നിശ്ചയിച്ചതും ആവിധമായിരുന്നുപോലും. അഭയദേവ് വഴി പ്രേംനസീര്‍ ഉദയായിലെത്തിയപ്പോള് നസീറിന്റെ തൊണ്ടയിലെ മുഴ സംസാരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും അനങ്ങുന്നത് സ്ക്രീനില്‍ അഭംഗിയാകുമെന്ന് കോശിയ്ക്ക് തോന്നി. കുഞ്ചാക്കോ അതവഗണിച്ചു നസീര്‍ മതിയെന്നു തീരുമാനിച്ചു. അങ്ങനെ പലതുമാണ് അവര്‍ക്കിടയിലുണ്ടായിരുന്ന ഒരുമയ്ക്ക് ഭ്രംശം വരുത്തിയതെന്ന് പറയുന്ന കൂട്ടത്തില്‍ വളര്‍ന്നുവന്ന ശണ്ഠയുടെ പുറകില്‍ ചില നടികളുമുണ്ടായിരുന്നു എന്നും ചേലങ്ങാട്ടു പറഞ്ഞുവയ്ക്കുന്നു!
ഏതായാലും തുടര്‍ന്നു കുഞ്ചാക്കോ പങ്കാളികളില്ലാതെയാണ് നിര്‍മ്മാണരംഗത്തു തുടര്‍ന്നത്. ഉദയാ മലയാള ചലച്ചിത്ര വ്യവസായ രംഗത്തെ ഒരു വലിയ കാലഘട്ടത്തിലെ നിര്‍ണ്ണായക സാന്നിദ്ധ്യവുമായി.തന്റേതായ നിലയ്ക്ക് കെ.വി. കോശി ‘പുത്രധര്‍മ്മം’ എന്നൊരു ചിത്രം നിര്‍മ്മിച്ചുവെങ്കിലും വിജയിച്ചില്ല. എന്നാല്‍ മലയാള ചലച്ചിത്ര വിതരണരംഗത്തെ ആദിപാദത്തിലെ പ്രമുഖ സ്ഥാപനമായി അദ്ദേഹത്തിന്റെ ഫിലിം കോ എന്ന ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് കമ്പനി. വിതരണരംഗത്തു അതുവരെയുണ്ടായിരുന്ന കീഴ്വഴക്കം വിതരണക്കാര്‍ തങ്ങളുടെ കൈവശമുള്ള ചിത്രങ്ങള്‍ ഓരോ തിയറ്ററിലും അങ്ങോട്ടുകൊണ്ടുപോയി കൊടുത്ത് ചിത്രം പ്രദര്‍ശനത്തിന് നല്‍കുക എന്നതായിരുന്നു. കോശിയുടെ കമ്പനി ആ രീതി മാറ്റി.
ഫിലിം ആവശ്യമുള്ള തിയേറ്ററുകാര്‍ ഇങ്ങോട്ടു വിതരണ കമ്പനി ഓഫീസില്‍ വന്നു ഫിലിം പെട്ടി വാങ്ങിക്കൊണ്ടുപോയി പ്രദര്‍ശിപ്പിക്കുന്ന സമ്പ്രദായം സൃഷ്ടിച്ചുവെന്നു ചേലങ്ങാട്ടിന്റെ കുറിപ്പുകളില്‍ കാണുന്നു. കളക്ഷന്റെ മുപ്പതുശതമാനമായിരുന്നുവത്രെ വിതരണക്കാരന്റെ റോയല്‍റ്റി വിഹിതം. അതുവരെ വിതരണക്കാരന് ഒരു തിയറ്ററില്‍നിന്നും 45 രൂപയായിരുന്നുവെന്നും ഇതോടെ അത് മുന്നൂറ് രൂപയായി ഉയര്‍ന്നുവെന്നും ചേലങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. 35 തിയറ്ററുകളാണത്രെ അന്ന് ആകെ കേരളത്തിലുണ്ടായിരുന്നത്.
1940 ല്‍ മലയാളത്തിലാദ്യമായി എറണാകുളത്തുനിന്നും ‘സിനിമാ മാസിക’ എന്ന പേരില്‍ ഒരു ചലച്ചിത്ര പ്രസിദ്ധീകരണം തുടങ്ങിയതായും ചേലങ്ങാട്ടു വെളിപ്പെടുത്തുന്നു. ആദ്യ ലക്കം 750 കോപ്പി അച്ചടിച്ച സിനിമാ മാസികയുടെ സര്‍ക്കുലേഷന്‍ മൂന്നുവര്‍ഷംകൊണ്ട് ഏഴായിരമായി ഉയര്‍ന്നുവത്രെ.
കോട്ടയത്തുനിന്നും ശങ്കരന് നായരുടെ ഉടമസ്ഥതയില്‍ പ്രസിദ്ധപ്പെടുത്തി വന്ന ‘സിനിമാ മാസിക’ യാണ് ഈ ലേഖകനു പരിചയമുള്ള ആദ്യ സിനിമാ പ്രസിദ്ധീകരണം. അതിനു മുന്‍പ് (?) ചിത്രസാഗര്‍ എന്ന പേരില്‍ ഒരു ചലച്ചിത്ര പ്രസിദ്ധീകരണം ഉണ്ടായിരുന്നതായും നടന് ശങ്കരാടി കുറച്ചുകാലം അതിന്റെ പത്രാധിപ സമിതിയില്‍ ഉണ്ടായിരുന്നതായും കേട്ടിട്ടുണ്ട്. ഇടമറുകിന്റെ കൈയില്‍നിന്നാണ് ശങ്കരന് നായര്‍ സിനിമാ മാസിക വാങ്ങിയതെന്നാണ് ചലച്ചിത്ര ലേഖകനായ വി. കെ. ഹംസ പറയുന്നത്. കോട്ടയത്തെ സിനിമാ മാസിക ചിലപ്പോല്‍ കോശിയുടെ ‘സിനിമാ മാസിക’യുടെ കൈമാറി കൈമാറി വന്ന തുടര്‍ച്ചയാകാം. അനിയന് ചേട്ടന് എന്നറിയപ്പെട്ടിരുന്ന ശങ്കരന്‍നായര്‍ സിനിമാ മാസികയ്ക്കനുബന്ധമായി ‘ചിത്രരമ’ എന്നൊരു വാരികയും നടത്തിവന്നു. ദേശാഭിമാനി പത്രാധിപ സമിതിയില്‍നിന്നും രാജിവച്ചുവന്ന സി.കെ. സോമന് ആയിരുന്നു ചിത്രരമയുടെ പത്രാധിപര്‍. ശങ്കരന് നായര്‍ മകന് പ്രസാദിന്റെ പേരില്‍ ഒരു വിതരണ കമ്പനിയും നടത്തിയിരുന്നു. ഒരു ചിത്രവും നിര്മ്മിച്ചതായറിയാം. സി. കെ.സോമന് ഈ ലേഖകന്റെ സുഹൃത്തായിരുന്നു; മാധ്യമപ്രവര്‍ത്തകരുടെ നിരയില്‍ ഏറ്റവും മാന്യനും സംസ്കാര സമ്പന്നനുമായ ഒരാള്‍ എന്ന നിലയില്‍ ആദരവ് പിടിച്ചടക്കിയിരുന്നു എല്ലാവരില്‍നിന്നും ഈ പ്രിയ സുഹൃത്ത്.
തിരുവല്ലയിലെ വള്ളംകുളം സ്വദേശിയായ കെ. വി.കോശി ബിഎബിഎല്‍ ബിരുദധാരിയായിരുന്നു. തിരുവല്ലയില്‍ അഭിഭാഷകനായി പ്രാക്ടീസും ചെയ്തിരുന്നു. പിന്നീട് നാഷണല്‍ ക്വയിലോണ്‍ ബാങ്കിന്റെ എറണാകുളം ശാഖാ മാനേജരായി. ബാങ്ക് ജോലിയിലിരുന്നപ്പോള്‍ ആണ് അദ്ദേഹം വിതരണ കമ്പനി തുടങ്ങിയത്. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായിരുന്ന ‘ബാലന്റെ’ വിതരണാവകാശം വാങ്ങിയതു കോശിയായിരുന്നുവത്രെ!
‘വിശപ്പിന്റെ വിളി’യില്‍ അഭയദേവ് എഴുതിയ 13 ഗാനങ്ങള്‍ ഉണ്ടായിരുന്നു. ”ചിന്തയില്‍ നീറുന്ന…. എന്നാരംഭിക്കുന്ന ജോസ് പ്രകാശിന്റെ ആദ്യഗാനം അക്കൂട്ടത്തില്‍പ്പെടുന്നു. പി.ലീലയും മെഹബൂബുമായിരുന്നു മറ്റു ഗായകര്‍. ”കരയാതെന്നോമനക്കുഞ്ഞേ…” എന്നാരംഭിക്കുന്ന പി. ലീല പാടിയ ഗാനത്തെ വിപ്ലവകരമായ താരാട്ട് എന്നാണ് സിനിക്ക് വിശേഷിപ്പിക്കുന്നത്. ഗാന സന്ദര്‍ഭം കൃത്രിമമായനുഭവപ്പെട്ടതുകൊണ്ടു ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. ”മോഹനമേ, എന്നാത്മ…..” എന്നാരംഭിക്കുന്ന ഗാനം ലീലയും മെഹബൂബൂം ചേര്‍ന്നുപാടി. ”ആരിനിയാലംബമമ്മേ…” എന്നാരംഭിക്കുന്ന ഗാനമാണ് കൂട്ടത്തില്‍ മികച്ചതെന്ന് സിനിക്ക് ചൂണ്ടിക്കാട്ടുന്നു. രമണനിലെ വിഖ്യാതമായ വരികള്‍ക്കു ദിവാകര്‍ നല്കിയ സംഗീതം പരിതാപകരമായിരുന്നുവത്രെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: