വിഴിഞ്ഞം: പലതവണ മാറ്റി വച്ച കപ്പലിന്റെ ശേഷിപരിശോധന ഇക്കുറി വിഴിഞ്ഞത്ത് വിജയകരമായി നടത്തി. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിന്നെത്തിയ എസ് സി ഐ അഹിംസ എന്ന കപ്പല്‍ ദൗത്യം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചയ്‌ക്കുശേഷം ദുബായിലേക്ക് യാത്ര തിരിച്ചു. രണ്ടു മണിക്കൂറോളമെടുത്താണ് കപ്പലും തീരത്തെ ബൊളളാര്‍ഡും വടവും അനുബന്ധ ഉപകരണങ്ങളും തമ്മില്‍ കൂടി യോജിപ്പിച്ചത്. അതു കൊണ്ട് തന്നെ രാവിലെ എത്തിയ കപ്പലിന്റെ ശേഷിപരിശോധന ഉച്ചയോടെയാണ് തുടങ്ങിയത്. എട്ടുലക്ഷം രൂപയുടെ വടമാണ് അരമണിക്കൂറോളം നീണ്ട ബലപരീക്ഷണത്തിന് ഉപയോഗിച്ചത്. ബൊളളാര്‍ഡില്‍ ഉരുക്കുവടം ബന്ധിപ്പിച്ചശേഷം ഇതില്‍ ഡൈനോ ഉപകരണം ഘടിപ്പിച്ച് ഇതുമായി പോളി പ്രൊപ്പലിന്‍ വടം ബന്ധിപ്പിച്ചു. ഇത് കപ്പലുമായി ബന്ധിപ്പിച്ച് ശേഷിപരിശോധനയ്‌ക്ക് സജ്ജമായ കപ്പല്‍ മുന്നോട്ടുനീങ്ങി. നിശ്ചിതശേഷിയായ 120 ടണ്‍ മോണിറ്ററില്‍ തെളിഞ്ഞതോടെ ഉദ്യമം വിജയിച്ചു. ഈ മാസം തുടക്കത്തില്‍ ശേഷിപരിശോധന നടക്കുമെന്നാണ് വിഴിഞ്ഞം തുറമുഖഓഫീസിന് നേരത്തെ കിട്ടിയ വിവരമെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ അറ്റകുറ്റപ്പണിയുള്‍പ്പെടെയുള്ള ജോലി പൂര്‍ത്തിയാക്കി ഇറങ്ങിയ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കപ്പലാണ് എസ് സി ഐ അഹിംസ. ആങ്കര്‍ ഹാന്‍ഡ്ലിംഗ് ടഗ് വിഭാഗത്തില്‍പെട്ട കപ്പലാണിത്. ഈ വിഭാഗത്തില്‍പെടുന്ന കപ്പലുകള്‍ പണിതു നീറ്റിലിറക്കുമ്പോള്‍ അതിന്റെ ഉടമകള്‍ ആവശ്യപ്പെടുന്ന വലിവുശേഷി കപ്പലിനുണ്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനമാണ് വിഴിഞ്ഞത്തേത്. 500 ടണ്‍ ശേഷി വരെയുള്ള കപ്പലുകള്‍ക്കാണ് വിഴിഞ്ഞത്ത് പരിശോധന നടത്താനാകുക. ഉദ്യമം വിജയിച്ചതിനാല്‍ ഇനിയും കപ്പലുകള്‍ ഇവിടെയെത്തും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അധികൃതരും.
















