തിരുവനന്തപുരം: നഗരപരിധിയില്‍ ഫ്‌ളാറ്റുകള്‍ക്ക് വളഞ്ഞവഴിയിലൂടെ ലൈസന്‍സ് നേടികൊടുക്കാന്‍ ഏജന്റുമാര്‍ റെഡി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുക്കുകയാണ് ഇക്കൂട്ടരുടെ പ്രധാന ദൗത്യം.
നഗരസഭയിലെ സിപിഎം അനുകൂല ഉദ്യോഗസ്ഥരുടെ സംഘടനയിലെ നേതാക്കള്‍ക്ക് വേണ്ടിയാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. ഉന്നത ശുപാര്‍ശകളുമായി എത്തുന്ന ഇത്തരക്കാര്‍ വഴങ്ങാത്ത ഉദ്ദേ്യാഗസ്ഥരെ പലപ്പോഴും ഭീഷണിയുടെ സ്വരത്തിലാണ് നേരിടുന്നത്. ചോദ്യം ചെയ്യുന്നവരെ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് തളക്കുകയും ചെയ്യും. കെവശാവകാശ സര്‍ട്ടിഫിക്കറ്റിനായി ലക്ഷങ്ങളാണ് ഇവര്‍ ആവശ്യകാരില്‍ നിന്നും ഈടാക്കുന്നത്.
സ്വീവേജ് ട്രീറ്റ്‌മെന്റ് സംവിധാനമുള്ള ഫ്‌ളാറ്റുകള്‍ക്ക് മാത്രമേ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവു എന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിഷ്‌കര്‍ശിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇക്കാര്യം വിലയിരുത്തേണ്ടത്. സ്വീവേജ് സംവിധാനം വിലയിരുത്തി മലിനീകരണ നിയന്ത്രണബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായാണ് കൈവശാവകാശ രേഖയ്‌ക്കായി നഗരസഭയെ സമീപിക്കേണ്ടത്. എന്നാല്‍ സ്വീവേജ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടി വരും എന്നതാണ് വളഞ്ഞവഴി സ്വീകരിക്കാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്.
മലിനീകരണ നിയന്ത്രണബോര്‍ഡിനെ മറികടക്കാന്‍ നിരവധി പേരാണ് നഗരസഭയില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി സിപിഎം ഉദ്യോഗസ്ഥരുടെ ഏജന്റുമാരെ സമീപിക്കുന്നത്. ഏജന്റുമാര്‍ മുഖേന ഉദ്യോഗസ്ഥരുടെ മുന്നില്‍ എത്തുന്ന അപേക്ഷകരോട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ ഭീഷണിയാണ് മറുഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഭീഷണി വകവയ്‌ക്കാത്ത ഉദ്യോഗസ്ഥരെ പിന്നെ സിനിമയെ വെല്ലുന്ന ഡയലോഗുകളാണ് അവരുടെ മുന്നില്‍ പതിക്കുക. സ്ഥലംമാറ്റവും, സസ്‌പെന്‍ഷനും ഉള്‍പ്പെടെ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ കടുത്ത സമ്മര്‍ദത്തിലാക്കാനും ശ്രമിക്കും.
നഗരത്തിലെ വിവിധ ഫ്‌ളാറ്റുകളിലെ മലിനജലം സമീപത്തെ തോടുകളിലും ഓടകളിലും ഒഴുക്കിവിടുന്നുവെന്ന പരാതിയുമായി നിരവധിപേരാണ് നഗരസഭയെ സമീപിച്ചിട്ടുള്ളത്. തോടുകളില്‍ മാലിന്യം കുന്നുകൂടുന്നതിനും പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനും ഈ സാഹചര്യം വഴിയൊരുക്കും.
















