മണ്മറഞ്ഞ മുരുകന് ആവശ്യമായിരുന്ന ചികിത്സ നല്കാന് തയ്യാറാകാതിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്താല്‍ മെഡിക്കല്‍ കോളജ് അധ്യാപര്‍ സമരത്തിലേക്ക് നീങ്ങുമെന്ന വാര്‍ത്ത കണ്ടു. ഇത് ശരിക്കും ബ്ലാക്മെയിലിങ് രീതിയാണ്. സമരമെന്ന ഓലപ്പാമ്പിനെ കാട്ടി സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ് ഇക്കൂട്ടര്‍. ഇങ്ങനെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അനര്‍ഹമായ അധികാരമോ പരിരക്ഷയോ നേടിയെടുക്കുക എന്ന രീതി അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ഡോക്ടര്‍മാരെ സാധാരണ ജനങ്ങള്‍ ഇന്നും ദൈവമായി കാണുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ സമീപനം ചിലപ്പോള്‍ തികച്ചും അനാരോഗ്യപരമാകുന്നത് ആശങ്കക്കു വകനല്കുന്നു. അന്യായം ഏതു കൊലകൊമ്പന്റെ ഭാഗത്തുനിന്നുണ്ടായാലും അവന് അനര്‍ഹമായ പരിഗണനയോ പരിരക്ഷയോ നല്‍കാതെ നിയമത്തിന്റെ വഴിയേപോകുക എന്ന രീതിയാണ് നട്ടെല്ലുള്ള സംഘടനകള്‍ ചെയ്യേണ്ടത്.
അത്യാസന്ന നിലയില്‍ ആരോരുമില്ലാതെ ഒരുവനെ ആശുപത്രിയില്‍ എത്തിച്ചിട്ട് ആ രോഗിക്ക് അടിയന്തര ചികിത്സ നല്‍കാതിരുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്.
പ്രകാശ് കുറുപ്പ്,
കണിച്ചുകുളങ്ങര
പ്രതികരിക്കാൻ ഇവിടെ എഴുതുക: