കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സപ്തംബര്‍ 26ന് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചില്‍ തന്നെയാണ് ഇത്തവണയുമെത്തിയത്. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകാത്തതിനാല്‍ വീണ്ടും എന്തിനാണ് അപേക്ഷ നല്‍കിയതെന്ന് കോടതി ദിലീപിനോട് ആരാഞ്ഞു. അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടാനുള്ള ദിലീപിന്റെ അഞ്ചാമത്തെ ശ്രമമാണിത്.
അന്വേഷണം ഏറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കാത്തത് നിയമപരമല്ലെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അടുത്ത ദിവസം റിലീസ് ചെയ്യേണ്ട രാമലീല ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കായി അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. ഇവയുടെ മൊത്തം ചെലവ് 50 കോടിയിലേറെ രൂപ വരും.
ഇതുള്‍പ്പെടെയുള്ള പ്രോജക്ടുകളെ ജയില്‍ ജീവിതം ബാധിക്കും. അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപ് തന്നെ കണ്ടിട്ടു പോലുമില്ല. കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കാമെന്നും ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ അഭ്യര്‍ഥന.
നടിയുടെ അശ്ലീലചിത്രം പകര്‍ത്താന്‍ നിര്‍ദേശിച്ചെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ആരോപണമെന്നും 10 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ദിലീപ് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇതു കോടതി തള്ളിയതിനെത്തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.
കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ ഇതുവരെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്ല. വ്യക്തിവിരോധമുള്ള ചില ഉന്നതര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഗൂഢാലോചന നടത്തിയാണ് കേസില്‍ കുടുക്കിയത്.
തനിക്കെതിരെ വ്യക്തി വിരോധമുള്ളവരാണ് ആരോപണത്തിനു പിന്നില്‍. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ള ശത്രുക്കള്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തി.
തന്റെ വിവാഹമോചന ഹര്‍ജിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മാധ്യമങ്ങളില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വരാന്‍ പ്രയത്‌നിച്ചു. ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്ന് മുംബൈ ഗ്രൂപ്പ് പിന്മാറിയത് താന്‍ നിമിത്തമാണെന്ന ധാരണയില്‍ അയാള്‍ക്ക് ശത്രുതയുണ്ട്.
തന്റെ ആദ്യ ഭാര്യയായ മഞ്ജുവിന് അന്വേഷണ സംഘത്തിന്റെ തലപ്പത്തുള്ള എഡിജിപിയുമായി അടുപ്പമുണ്ട്. കേസിന്റെ അന്വേഷണച്ചുമതലയുള്ള ദിനേന്ദ്ര കശ്യപിനെ ഒതുക്കിയാണ് അന്വേഷണം നടത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
















