ആലുവ: കനത്ത മഴയില്‍ പെരിയാറില്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ആറാട്ട് ഉത്സവം നടന്നത്. ഉത്സവം ദര്‍ശിക്കുന്നതിനായി നിരവധി ഭക്തരാണ് ഉറക്കമുളഞ്ഞ് മണപ്പുറത്ത് കാത്തുനിന്നത്.
രാവിലെ നാല് അടിയോളം വെള്ളം ഉയര്‍ന്നെങ്കിലും ഇന്നലെ പകല്‍ മഴ മാറി നിന്നതിനാല്‍ വൈകിട്ടോടെ ഇറങ്ങി. ഡാം തുറന്നതും നിര്‍ത്താതെ പെയ്യുന്ന മഴയുമാണ് അതിവേഗം ജലനിരപ്പ് ഉയരാന്‍ കാരണം. രാവിലെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയാത്തത്ര വെള്ളമായിരുന്നു. ക്ഷേത്രത്തിലെ തറയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗം ഇരിക്കുന്ന ഭാഗം മുങ്ങുന്നതാണ് ആറാട്ട് ഉത്സവം.
വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ പ്രഭാത പൂജകളെല്ലാം ആല്‍ത്തറയിലേ ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നു. ആറാട്ട് ഉത്സവം ദര്‍ശിക്കാന്‍ പെരിയാറിലേക്ക് ഇറങ്ങിയ രണ്ട് പേര്‍ക്ക് നേരിയ വൈദ്യുതാഘാതം ഏറ്റു. ജലനിരപ്പ് ഉയര്‍ന്നിട്ടും കെഎസ്ഇബി വൈദ്യുതി വിച്ഛേദിക്കാതിരുന്നതാണ് കാരണം.
പെരിയാറിന്റെ തീരത്തുള്ള കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. മഴ ശക്തമായതോടെ പല ഭാഗങ്ങളില്‍ നിന്നും പെരിയാറിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഡാമുകളില്‍ നിന്നും മഴവെള്ളം കൂടുതല്‍ വന്ന് തുടങ്ങിയതോടെ ആലുവ മേഖലയില്‍ വെള്ളം കലങ്ങിയ അവസ്ഥയാണ്. പുഴയില്‍ ചെളി കലര്‍ന്നിട്ടുണ്ട്. ഇത് ചെറിയതോതില്‍ ആലുവ ജലശുചീകരണ ശാലയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: